കലകളുടെയും ചരിത്രങ്ങളുടെയും കഥപറഞ്ഞ് ജില്ലാ ആശുപത്രിയുടെ മതിലുകള്‍
പാലക്കാട്: നവീകരണ പ്രവൃത്തി നടക്കുന്ന ജില്ലാശുപത്രിയുടെ ചുമരുകളില്‍ ഇനി പാലക്കാടന്‍ സംസ്‌കാരത്തിന്റെ കഥപറയും. ജില്ലാ ആശുപത്രിക്കു മുന്നില്‍ അഞ്ചുവിളക്കിനു സമീപത്തുള്ള മതിലിലാണ് നിരവധി ചരിത്രങ്ങളുടെ കഥപറയുന്ന ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ മലമ്പുഴ അണക്കെട്ടും ഗ്രാമീണകേരളത്തിന്റെ പ്രധാന കലാരൂപമായ പൊറാട്ടുനാടകവും പൂരച്ചന്തകളുമെല്ലാം ഒറ്റ കാന്‍വാസില്‍ ഇടം പിടിച്ചുകഴിഞ്ഞു. പ്രളയകാലത്തെ കനത്തമഴയില്‍ തകര്‍ന്ന ജില്ലാശുപത്രിയുടെ മതില്‍ പുനര്‍നിര്‍മിച്ചതിനു ശേഷമാണ് വരകളുടെ വിസ്മയ ചിത്രങ്ങള്‍ ആലേഖനം നല്‍കാന്‍ ജില്ലാപഞ്ചായത്ത് തീരുമാനിച്ചത്.
പ്രശസ്ത ചിത്രക്കാരന്‍ വര്‍ണ മണികണ്ഠനാണ് ജില്ലാ ആശുപത്രിയുടെ മതിലില്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഇരുഭാഗത്തെ റോഡുകളിലുള്ള മതിലുകളിലായി പതിനഞ്ചോളം ചിത്രങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കലകളില്‍ വേറിട്ടുനില്‍ക്കുന്ന മാര്‍ഗംകളിയും പ്രശസ്ത മാപ്പിളകലാരൂപമായ ദഫ്മുട്ടും കാണികളില്‍ വിസ്മയം തീര്‍ക്കും. ഇതിനുപുറമെ ആയുര്‍വേദ ചികിത്സയും അലോപതിയുടെയും ചിത്രവിവരങ്ങള്‍ ഒറ്റ പ്രൊഫൈലില്‍ തീര്‍ത്തത് ചികിത്സാരംഗത്തെ മുന്നേറ്റത്തെയാണ് കുറിക്കുന്നത്.
ഉത്സവകാലങ്ങളില്‍ മാത്രം കാണാറുള്ള കാളവേലയും, പൂതന്‍തിറയുമെന്നുവേണ്ടതെല്ലാം ജില്ലാ ആശുപത്രി മതിലില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. കേരളസംസ്‌കാരത്തിന്റെ പ്രധാന കലയായ കഥകളിയും, ഓട്ടന്‍ തുള്ളലും വഴിയാത്രക്കാരില്‍ വിസ്മയം വിതയ്ക്കുകയാണിപ്പോള്‍. കലാരൂപങ്ങള്‍ക്കും ചരിത്രങ്ങള്‍ക്കും പുറമെ നവകേരളത്തിനായുള്ള ഒന്നിക്കലും ഓര്‍മപ്പെടുത്തലും കൂടിയുണ്ട്. ഇതിനുപുറമെ കുഞ്ഞുങ്ങള്‍ക്ക് യഥാസമയം വേണ്ട കുത്തിവെയ്പ്പുകള്‍, ഇമ്മ്യൂനൈസേഷന്‍ കാര്‍ഡിന്റെ നിര്‍ദേശങ്ങളും മതിലിലുണ്ട്.
ജില്ലാ ആശുപത്രിയുടെ പഴയമതിലുകള്‍ കല്ലുകള്‍ പതിച്ചവയായിരുന്നുവെങ്കില്‍ പുനര്‍നിര്‍മാണമതിലില്‍ കലകളുടേയും സംസ്‌കാരത്തിന്റേയും ചിത്രങ്ങളുടെ കലവറയായിരിക്കുകയാണ്. ജില്ലാ ആശുപത്രിയിലും സമീപത്തെ നഗരസക്ഷഭാ കാര്യാലയത്തിലും എത്തുന്നവര്‍ക്കുമാത്രമല്ല വഴിയാത്രക്കാര്‍ക്കുമിപ്പോള്‍ ജില്ലാശുപത്രിയുടെ മതിലിലെ അപ്പൂര്‍വ്വചിത്രങ്ങള്‍ കാഴ്ചകളുടെ നവ്യാനുഭവം തീര്‍ത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."