സഹോദരിമാരുടെ ദുരൂഹമരണം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്. പി എം. ജെ സോജനാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ പൊലിസിനു വീഴ്ച സംഭവിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണ പുരോഗതി മൂന്നു ദിവസത്തിനകം മലപ്പുറം എസ്. പിയെ അറിയിക്കണം.
പാലക്കാട് എസ്. പി രണ്ടാഴ്ചക്കാലം അവധിയിലായതിനാല്‍ ആണിത്. കൂടാതെ പ്രഥമ അന്വേഷണത്തില്‍ വീഴ്ചയുണ്ടായോയെന്നും സംഘം അന്വേഷിക്കണം. മൂത്ത പെണ്‍കുട്ടി മരിച്ചപ്പോള്‍ കേസ് അന്വേഷിച്ചിരുന്ന വാളയാര്‍ പൊലിസ് അസ്വാഭാവിക മരണത്തിനു മാത്രമാണ് കേസെടുത്തിരുന്നത്. പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണത്തിനു വിധേയരായതായി തുടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
അതിനിടെ സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവുണ്ടാകുമെന്ന് സൂചന. കേസില്‍ കസ്റ്റഡിയിലെടുത്ത നാലുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സാഹചര്യങ്ങള്‍ കൊലപാതക സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതിനാലും രണ്ടുപെണ്‍കുട്ടികളും പീഡനത്തിനിരയായിട്ടുള്ളതിനാലുമാണ് ചോദ്യം ചെയ്യലില്‍ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയുള്ളത്.
പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്നു സംശയിക്കുന്ന ബന്ധുവടക്കം നാലുപേരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. മരിച്ച പെണ്‍കുട്ടികളുടെ ഇളയച്ഛന്റെ മകനാണ് കസ്റ്റഡിയിലുള്ള ബന്ധു. മൂത്തപെണ്‍കുട്ടിയെ ഇയാള്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് കുട്ടികളുടെ അമ്മതന്നെ പൊലിസിനു മൊഴി നല്‍കിയിരുന്നു. മറ്റു മൂന്നുപേരില്‍ രണ്ടുപേര്‍ കല്ലന്‍കാട് സ്വദേശികളും ഒരാള്‍ ചേര്‍ത്തല സ്വദേശിയുമാണ്. ഇവരില്‍ ഒരാളുടെ മൊബൈലില്‍ നിന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു.
മൂത്തകുട്ടി മരിച്ച ദിവസം തുണികൊണ്ടു മുഖം മറച്ച രണ്ടുപേര്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നതു കണ്ടതായി ഇളയസഹോദരി മുന്‍പ് പൊലിസിനു മൊഴി നല്‍കിയിരുന്നു. ഇതെല്ലാം കേസില്‍ നിര്‍ണായകമാകും. അതേസമയം കേസിലെ പൊലിസ് വീഴ്ചയ്‌ക്കെതിരേ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. വീട്ടുകാര്‍തന്നെ വിവരം നല്‍കിയിട്ടും പ്രതികള്‍ക്കെതിരേ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. കൂടാതെ പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടോയെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."