തൃപ്പൂണിത്തുറയിലെ ബാറില്‍ ഋഷിരാജ് സിങിന്റെ മിന്നല്‍ റെയ്ഡ്
തൃപ്പൂണിത്തുറ: എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയിലെ ബാറില്‍ റെയ്ഡ് നടത്തി പാഴ്‌സല്‍ നല്‍കിയ ബിയര്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി എട്ടിന് തൃപ്പൂണിത്തുറ മാര്‍ക്കറ്റ് ജങ്ഷനിലുള്ള സോഡിയാക് ബിയര്‍- വൈന്‍ പാര്‍ലറിലാണ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. ലൈസന്‍സിനു വിരുദ്ധമായി വ്യാപകമായി ബിയര്‍ വില്‍പ്പന നടത്തി വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു പരിശോധന.
ബിയര്‍ ബാറിനകത്ത് മാത്രമെ കൊടുക്കാവൂ എന്നിരിക്കെ ബാറില്‍ നിന്നും അമിത വിലയില്‍ ബിയര്‍ പാഴ്‌സലായി കൊടുത്തിരുന്നു. ഇത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് രാത്രി എട്ടിന് മഫ്തിയില്‍ ബാറില്‍ എത്തിയ എക്‌സൈസ് കമ്മിഷണറുടെ സംഘത്തിന് 180 രൂപ നിരക്കില്‍ നാല് കുപ്പി കിങ്ഫിഷര്‍ ബിയര്‍ നല്‍കി. ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്ന കമ്മിഷണര്‍ ഋഷിരാജ്‌സിങ് ബാറിലെത്തി ബാര്‍ മാനേജര്‍ക്കെതിരെയും ഉടമക്കെതിരെയും കേസെടുക്കാന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രമേഷ് കുമാറിന് നിര്‍ദേശം നല്‍കുകയായിരുന്നു.
എക്‌സൈസ് കമ്മിഷണറോടൊപ്പം പാലക്കാട് നിന്നും സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സതീഷ്, കെ.എന്‍ സദയകുമാര്‍, കെ.വി മുരളീധരന്‍, എ ഷൗക്കത്തലി, പി സുരേഷ്, സതീഷ് കുമാര്‍ ബി, തോമസ്, സുധീര്‍ എന്നിവരും ഉണ്ടായിരുന്നു. താല്‍ക്കാലികമായി ബാറിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. തൃപ്പൂണിത്തുറ എക്‌സൈസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."