ബാര്‍കോഴ: വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരേ മുന്‍മന്ത്രി കെ.എം മാണി നല്കിയ ഹരജി പരിഗണിക്കവെ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഹെക്കോടതിയുടെ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥന് ഈ ഹരജിയില്‍ ഒരാഴ്ചക്കുള്ളില്‍ രണ്ടു തവണ സത്യവാങ്മൂലം നല്‍കിയതോടെയാണ് സിംഗിള്‍ ബെഞ്ച് വിമര്‍ശം ഉന്നയിച്ചത്.
തുടര്‍ന്നു മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറുടെ നിയമനം നിയമാനുസൃതമാണോയെന്ന് പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തെ ചോദ്യം ചെയ്ത് കെ.എം മാണി നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
ഹരജിയില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകുന്നത് നിയമാനുസൃതമല്ലെന്നു മാണിയുടെ അഭിഭാഷകന് വാദിച്ചു.
വിചാരണക്കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി കേസ് നടത്താനാണ് സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതെന്നും ഹൈക്കോടതിയില്‍ അദ്ദേഹത്തിന് കേസ് നടത്താന്‍ കഴിയില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ഇത്തരം കേസുകളില്‍ ഹൈക്കോടതിയില്‍ കേസ് നടത്താന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനു ക്രിമിനല്‍ നടപടി ചട്ടമനുസരിച്ചുള്ള വ്യവസ്ഥ പാലിക്കണമെന്നും ഹൈക്കോടതിയുടെ അഭിപ്രായമാരായണമെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതിന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ അനുമതിയുണ്ടോയെന്ന് കോടതി ആരാഞ്ഞു. വിചാരണ കോടതിയില്‍ വാദം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയത്.
ഹരജി മാര്‍ച്ച് 27 ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."