കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് സ്റ്റേ
പടിഞ്ഞാറത്തറ: കല്‍പ്പറ്റ- പടിഞ്ഞാറത്തറ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ റോഡിന്റെ പ്രവൃത്തി ആരംഭിച്ചത്. കൂടാതെ അപ്പണവയല്‍, പുഴമുടി, കോടഞ്ചേരി, കുനിയില്‍പടി, പിണങ്ങോട് ജുമാ മസ്ജിദിന് സമീപം, പിണങ്ങോട് മുക്ക്, കാവുംമന്ദം, എച്ച്.എസ്, ചെന്നലോട് തുടങ്ങിയ സ്ഥലങ്ങളില്‍ കലുങ്കിന്റെ പ്രവൃത്തിയും കൂടാതെ റോഡിന്റെ ഒരു വശത്ത് സംരക്ഷണ മതിലുകളുടെയും പ്രവൃത്തി തകൃതിയായി നടന്നു വരികയായിരുന്നു. ഇതിനിടെയാണ് പ്രവൃത്തി പൂര്‍ണമായും നിര്‍ത്തിവെക്കുന്നതിനായി റോഡ് കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരുന്ന സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഈ ഭാഗങ്ങളില്‍ പ്രവൃത്തി നടത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പരാതി ഉന്നയിച്ചിരിക്കുന്ന വ്യക്തികള്‍ റോഡിന്റെ ഏതുഭാഗങ്ങളിലായിട്ടുള്ളവരാണെന്ന് അവ്യക്തമായതിനാല്‍ എന്തെങ്കിലും പ്രവൃത്തി നടത്തിയാല്‍ കോടതിയക്ഷ്യമാകുമെന്നുള്ളതിനാലാണ് പ്രവൃത്തി പൂര്‍ണമായും നിര്‍ത്തിവെക്കുന്നതെന്നും എ.ഇ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ഡി.പി.ആര്‍ തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചതനുസരിച്ച് കല്‍പ്പറ്റ- വാരാമ്പറ്റ റോഡിന് 56.66 കോടി രൂപയാണ് നീക്കിവെച്ചിരുന്നത്. ചുങ്കം ജങ്ഷനില്‍ ദേശീയപാത 766ല്‍ തുടങ്ങി പടിഞ്ഞാറത്തറയില്‍ അവസാനിക്കുന്ന കല്‍പ്പറ്റ- വാരാമ്പറ്റ റോഡ്, കല്‍പ്പറ്റ നഗരസഭയെയും വെങ്ങപ്പള്ളി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നതാണ്. ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള സംസ്ഥാന പാത വിഭാഗത്തില്‍പ്പെടുന്ന റോഡിന്റെ ആകെ നീളം 17.725 കിലോമീറ്ററാണ്. നിലവിലുള്ള റോഡ് വീതികൂട്ടി ജി.എസ്.ബി, ഡബ്ല്യു.എം.എം, ഡി.ബി.എം ആന്‍ഡ് ബിസി എന്നിവ ഉപയോഗിച്ച് ഉപരിതലം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും പ്രധാനമായ ബാണാസുര സാഗര്‍ ഡാമിലേക്ക് പ്രധാന മാര്‍ഗം കൂടിയാണിത്. നിത്യേന നിരവധി ആളുകള്‍ സഞ്ചരിക്കുന്ന ഈ റോഡിന്റെ പ്രവൃത്തികള്‍ ഏത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാത്തപക്ഷം ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഉള്‍പ്പെടുത്തി ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."