പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് ഡി.വൈ.എഫ്.ഐ ഉപരോധിച്ചു
സുല്‍ത്താന്‍ ബത്തേരി: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിന്മേല് പോക്സോ ചുമത്തിയ ബാങ്ക് വൈസ് ചെയര്മാന് ഒ.എം ജോര്‍ജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അര്‍ബന്‍ ബാങ്ക് ഉപരോധിച്ചു. ഉച്ചക്ക് ഒന്നരയോടെ പ്രകടനമായി എത്തിയ 20ാളം പ്രവര്‍ത്തകരാണ് അപ്രതീക്ഷിതമായി ബാങ്കിലേക്ക് ഇരച്ചുകയറിയത്. ഈ സമയം വളരെകുറച്ചു പൊലിസുകാര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. ബാങ്കിനുളളില്‍ കയറി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിനിടെ പ്രവര്‍ത്തകര്‍ ബാങ്കിന്റെ ഷട്ടറുകളും അടച്ചു. വൈസ് ചെയര്മാന് പദവിയില്‍ നിന്നും ഡയരക്ടര്‍ ബോര്ഡംഗത്തില്നിന്നും ഒ.എം ജോര്‍ജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധിച്ചത്. തുടര്‍ന്ന സുല്‍ത്താന്‍ ബത്തേരി സി.ഐ എം.ഡി സുനില്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. തുടര്‍ന്ന് ബാങ്ക് ഡയറക്ടേഴ്സ് ഫോണ്‍മുഖാന്തരം സംസാരിക്കുകയും ഇന്നുതന്നെ നടപടിയെടുക്കാമെന്നും അറിയിച്ചതിന്റെയും ഒ.എം ജോര്‍ജിനെതിരെ എടുത്തകേസിന്റെ വിശദാംശങ്ങള്‍ ജോയിന്റ് രജിസ്ട്രാറിനെ രേഖമൂലം അറിയാക്കാമെന്ന് സി.ഐയും ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് നല്കിയ ഉറപ്പിന്മേല് പ്രതിഷേധം മുക്കാല്‍മണിക്കൂറിനുശേഷം അവസാനിപ്പിച്ചു. പ്രതിഷേധത്തിന് നേതാക്കളായ ലിജോ ജോണി, കെ.വൈ നിധിന്, എം.എസ് ഫെബിന്, നിഖില്‍, സോമന്, അനീഷ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."