വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ സംഘര്‍ഷം; പിടിയിലായ വിദ്യാര്ഥികള്ക്കെതിരേ കേസെടുത്തു
വെഞ്ഞാറമൂട്: ഇന്നലെ വെഞ്ഞാറമൂട് ഡിപ്പോയ്ക്കുള്ളില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് തമ്മിലടിക്കുകയും, പിടിച്ചു മാറ്റാനെത്തിയ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്ത സംഭവം പിടിയിലായ ആറു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
വെഞ്ഞാറമൂട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ ആലിയാട് സ്വദേശി അഭിജിത്ത് (18), കോലിയക്കോട് സ്വദേശി നവരംഗ് (18), നാലുമുക്ക് സ്വദേശി ഭഗത് (18) ഇവരെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത മറ്റ് മൂന്നു വിദ്യാര്‍ഥികളെയും ചേര്‍ത്താണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക, സംഘം ചേര്‍ന്ന് ആക്രമിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്.വിജയന് പറഞ്ഞു.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് വെഞ്ഞാറമൂട് ഡിപ്പോയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. പിടിച്ചു മാറ്റാന്‍ ചെന്ന ഡിപ്പോ ജീവനക്കാരെ തമ്മിലടിച്ചവര്‍ ഒറ്റക്കെട്ടായി മര്‍ദിച്ചു. എ.ടി.ഒ ഉള്‍പ്പെടെ നാലു ജീവനക്കാര്‍ക്ക് പരുക്കേറ്റു .
എ.ടി.ഒ വി.എസ് ഷിജു, ഡ്രൈവര്‍മാരായ ജി. ഷിബു, പി.സുന്ദരേശന്, കണ്ടക്ടര്‍ എസ്.കെ സിങ് ജീവനക്കാര്‍ക്കാണ് പരുക്കേറ്റത്.
സംഭവം അറിഞ്ഞ് വെഞ്ഞാറമൂട് എസ്.ഐ. സഹിലിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി ആറ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു.
മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ ജീവനക്കാരെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."