ലഖ്നോവില്‍ ഭീകരര്‍ എത്തിയത് സൂഫി ദര്‍ഗയില്‍ സ്ഫോടനം നടത്താന്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍നിന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചുഭീകരര്ക്ക് സംസ്ഥാനത്തെ ബാരാബങ്കിയിലെ സൂഫി ദര്‍ഗയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായി വിവരം. ഭീകരര്‍ സംസ്ഥാനത്ത് എത്തിയത് ഇതിനായിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സൂഫി ദര്‍ഗക്കുനേരെ ആക്രമണം നടത്തുന്നതിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നു ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനിനു നേരെയുണ്ടായ ആക്രമണമെന്നും പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ മധ്യപ്രദേശ് പൊലിസ് പിടികൂടിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ പൊലിസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
തങ്ങള്‍ക്കൊപ്പം മറ്റ് ഒന്പതുപേര് കൂടിയുണ്ടെന്നും ഭീകരാക്രമണമാണ് തങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ഇവര്‍ പൊലിസിന് മൊഴി നല്‍കിയതായും വിവരമുണ്ട്. ആക്രമണത്തിന് പദ്ധതിയിട്ടവരെല്ലാം ഉത്തര്‍പ്രദേശിലെ ലഖ്നോ, കാന്‍പൂര്‍ എന്നിവിടങ്ങളിലുള്ളവരാണ്. ഐ.എസിനോട് അമിതമായ കൂറുള്ളവരാണ് ഇവരെന്നും പൊലിസ് പറയുന്നു.
അറസ്റ്റിലായവരില്‍ ആതിഫ് മുസഫറാണ് സംഘത്തിലെ നേതാവെന്നാണ് വിവരം. പൊലിസ് നടപടിക്കിടയില്‍ കൊല്ലപ്പെട്ട ഭീകരന് താമസിച്ച താക്കൂര്‍ഗഞ്ചിലെ വീട് കേന്ദ്രീകരിച്ചാണ് ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ആറുമാസം മുന്‍പ് ഇവര്‍ സഊദിയില്‍ ജോലി ചെയ്യുന്ന ബാദ്ഷാ എന്നയാളുടെ താക്കൂര്‍ഗഞ്ചിലെ വീട് വാടകക്കെടുക്കുകയായിരുന്നു.
പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സെയ്ഫുല്ലയോട് കീഴടങ്ങാന്‍ സഹോദരന് ഖാലിദ് നടത്തിയ അഭ്യര്‍ഥന പോ ലും അദ്ദേഹം ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് 12 മണിക്കൂര്‍ നീണ്ട നടപടിക്കൊടുവില്‍ ഇയാളെ പൊലിസ് കൊലപ്പെടുത്തിയത്.
അന്വേഷണം എന്‍.ഐ.എ എറ്റെടുത്തു
ഭോപ്പാല്‍: ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്ഫോടനം സംബന്ധിച്ച അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. ഭീകരാക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് എന്‍.ഐ.എയുടെ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തത്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് 60 കി. മീറ്റര്‍ മാറിയുള്ള ഷാജാപൂര്‍ ജില്ലയിലെ ജാബ്രി റെയില്‍വേ സ്റ്റേഷനടുത്തു വച്ചാണ് ട്രെയിനില്‍ സ്ഫോടനമുണ്ടായത്.
സംഭവത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."