നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ 403 നിയമസഭാ സീറ്റുകളിലെ ശേഷിക്കുന്ന 40 മണ്ഡലങ്ങളിലേക്കും മണിപ്പൂരിലെ 60 സീറ്റുകളിലെ ശേഷിക്കുന്ന 22 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. ഇതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചു.
ഏഴു ജില്ലകളിലായി 40 മണ്ഡലങ്ങളിലേക്ക് നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 60.03 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ മണിപ്പൂരില്‍ ഒന്നാംഘട്ടത്തിലെന്നപോലെ രണ്ടാംഘട്ടത്തിലും റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 86 ശതമാനം പോളിങ്ങാണ് ഇവിടെ നടന്നത്. രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന വാരണാസി ലോക്‌സഭാ മണ്ഡലം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ 60.95 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.
രാഷ്ട്രീയ നേതൃത്വങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് തന്നെയാണ് രാജ്യം ഉറ്റുനോക്കുന്നത്. അവസാനഘട്ട തെരഞ്ഞെടുപ്പില്‍ 535 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കാന്‍ ഇന്നലെ 1.40 കോടി വോട്ടര്‍മാരാണ് ഇവിടെ പോളിങ് ബൂത്തിലെത്തിയത്. 2012ലെ തെരഞ്ഞെടുപ്പില്‍ 40 മണ്ഡലങ്ങളില്‍ 57.92 ശതമാനമായിരുന്നു പോളിങ്. സംസ്ഥാന പോളിങ് ശതമാനം 59.48 ആയിരുന്നെങ്കില്‍ ഇത്തവണ ഏഴുഘട്ടങ്ങളും പൂര്‍ത്തിയായതോടെ 60നും 61നും ഇടയിലാണ് പോളിങ്ങ് ശതമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രാഥമികമായി വിലയിരുത്തി. ഒന്നാംഘട്ടത്തില്‍ 64.22, രണ്ടാംഘട്ടത്തില്‍ 65.16, മൂന്നാംഘട്ടത്തില്‍ 61.16, നാലാംഘട്ടത്തില്‍ 60.37, അഞ്ചാംഘട്ടത്തില്‍ 57.37, ആറാംഘട്ടത്തില്‍ 57.03 ശതമാനമായിരുന്നു പോളിങ്.
തെരഞ്ഞെടുപ്പ് പൊതുവെ ശാന്തമായിരുന്നു. മാവോവാദി സ്വാധീനമേഖലയിലെ മണ്ഡലങ്ങളായ സോനഭദ്ര, മിര്‍സാപൂര്‍, ചന്ദൗലി എന്നിവിങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതു കാരണം അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇവിടങ്ങളില്‍ നാലിനും മറ്റിടങ്ങളില്‍ അഞ്ചിനുമാണ് പോളിങ് അവസാനിച്ചത്.
വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്, ഉപമുഖ്യമന്ത്രി ഗെയ്ക്കന്‍ഗാം, മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് വിധി നിര്‍ണയവും ഇന്നലെയായിരുന്നു. സംസ്ഥാനത്ത് കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. താമെങ്‌ലോങ് അസംബ്ലി മണ്ഡലത്തില്‍ ചില അനിഷ്ട സംഭവങ്ങളുണ്ടായതൊഴിച്ചാല്‍ പൊതുവെ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്ന് സംസ്ഥാന ചീഫ് ഇലക്ഷന്‍ ഓഫിസര്‍ വിവേക്കുമാര്‍ ദേവാംഗന്‍ അറിയിച്ചു. മണിപ്പൂരില്‍ ഒന്നാംഘട്ടത്തില്‍ 84 ശതമാനം പൊളിങ്ങാണ് ഉണ്ടായിരുന്നത്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഈ മാസം 11നുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."