സെയ്ഫുല്ല ഐ.എസ് ഭീകരനല്ലെന്ന് പൊലിസ്
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പൊലിസ് കമാന്‍ഡോ കൊലപ്പെടുത്തിയ സെയ്ഫുല്ലക്ക് ഐ.എസുമായുള്ള ബന്ധം കണ്ടെത്താനായില്ലെന്ന് ഉത്തര്‍പ്രദേശ് അഡിഷനല്‍ ഡി.ജി.പി ദല്‍ജീത് ചൗധരി. ഭീകര സംഘടനകളുടെ പ്രത്യേകിച്ചും ഐ.എസിന്റെ ആക്രമണം സംബന്ധിച്ചുള്ള കുറിപ്പുകളും ലഘുലേഖകളും വായിച്ച് സ്വയം തീവ്രവാദിയായി മാറിയതാണ് സെയ്ഫുല്ലയെന്നാണ് ഇന്നലെ വൈകീട്ട് ലഖ്‌നോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എ.ഡി.ജി.പി പറഞ്ഞത്.
ഇയാളില്‍ നിന്ന് ഐ.എസുമായി ബന്ധമുള്ള ഒരു തെളിവുകളും കണ്ടെടുക്കാനായിട്ടില്ല. കൊല്ലപ്പെട്ട ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഐ.എസ് പതാക കണ്ടെത്തിയതോടെയാണ് സെയ്ഫുല്ല രാജ്യാന്തര ഭീകര സംഘടനയിലെ അംഗമാണെന്ന സംശയം ബലപ്പെട്ടത്. ഇന്ത്യയില്‍ ഐ.എസ്. നടത്തിയ ആദ്യ ആക്രമണമാണ് ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്‌ഫോടനമെന്നും വ്യാഖ്യാനമുണ്ടായിരുന്നു. ഇത് ശരിയല്ലെന്നും സ്വയം തീവ്രവാദിയായി മാറിയ ആളുടെ ചെയ്തികളാണ് ഇതെല്ലാമെന്നുമാണ് പൊലിസ് പറയുന്നത്.
12 മണിക്കൂര്‍ നീണ്ട നടപടിക്കൊടുവിലാണ് സെയ്ഫുല്ലയെ പോലിസ് കൊലപ്പെടുത്തിയത്. ഇയാളെ ജീവനോടെ പിടികൂടാനായിരുന്നു പൊലിസ് നീക്കം നടത്തിയത്. ഇതിനായി ഇയാളുടെ സഹോദരന്‍ ഖാലിദിനെ കൊണ്ടുവന്ന് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. സെയ്ഫുല്ലയുടെ ഫോണിലേക്ക് വിളിച്ച് ഖാലിദ് കീഴടങ്ങാന്‍ ആവശ്യപ്പെങ്കിലും താന്‍ രക്തസാക്ഷിയാകാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.
തുടര്‍ന്ന് കമാന്‍ഡോ സംഘം വീട്ടിനുള്ളിലേക്ക് മുളക്‌പൊടി ബോംബുകളും പുകബോംബുകളും ടിയര്‍ഗ്യാസും പ്രയോഗിച്ചു. ശ്വാസം മുട്ടിച്ച് ഇയാളെ പുറത്തു ചാടിക്കുകയെന്നതായിരുന്നു ലക്ഷ്യം. പരിശ്രമം പരാജയപ്പെട്ടതോടെയാണ് ഇയാളെ കൊലപ്പെടുത്തിയത്.
ഐ.എസ് പതാകക്കുപുറമെ ട്രെയിന്‍ സമയപട്ടികയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഇതോടെയാണ് ട്രെയിന്‍ സ്‌ഫോടനത്തിന് പിന്നില്‍ ഇയാളാണെന്ന സംശയം ബലപ്പെട്ടത്.
അതേസമയം സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പിതാവ് സര്‍താജ് പറഞ്ഞു. രാജ്യദ്രോഹിയായ ഒരാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് രാജ്യതാല്‍പര്യമല്ല. ഒരു കാരണവശാലും സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് സര്‍താജ് ഇന്നലെ വൈകുന്നേരം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."