വിനാശകരമായ മത്സ്യബന്ധന രീതികള്‍ക്ക് നിരോധനം
കൊല്ലം: കടലിലെ ജൈവ വൈവിധ്യത്തിന് അപകടമാകുന്ന മത്സ്യബന്ധന രീതികള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. കൃത്രിമ വെളിച്ചത്തിന്റെ (എല്‍.ഇ.ഡി) ഉപയോഗം, ഡൈനാമൈറ്റ് പോലുള്ള സ്‌ഫോടക വസ്തുക്കള്‍, നഞ്ച് തുടങ്ങിയ വിഷവസ്തുക്കള്‍, കൃത്രിമ പാര്, തീരത്തോട് ചേര്‍ന്നുള്ള കരവലി, പെയര്‍ ട്രോളിങ്, നിരോധിത വലകള്‍, അനുവദനീയമായതിലും ചെറിയ കണ്ണി വലിപ്പമുള്ള വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവയ്ക്കാണ് കേരള സമുദ്ര മത്സ്യബന്ധന നിയമപ്രകാരമുള്ള നിരോധനം. നിരോധനം മറികടക്കുന്ന യാനങ്ങള്‍ ഇംപൗണ്ട് ചെയ്ത് പിഴ ഈടാക്കി മറ്റു നിയമ നടപടികളും സ്വീകരിക്കും. നീണ്ടകര മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞദിവസങ്ങളില്‍ രാത്രി വാടി, മൂതാക്കര, തങ്കശ്ശേരി, ഇരവിപുരം ഭാഗങ്ങളില്‍ നടത്തിയ കടല്‍ പട്രോളിങ്ങില്‍ അനധികൃത മാര്‍ഗത്തില്‍ മത്സ്യ ബന്ധനം നടത്തിയ വള്ളങ്ങള്‍ പിടികൂടി.
വെളിച്ചം കൂടുതലുള്ള ലൈറ്റുകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വള്ളം, ബാറ്ററികള്‍, ലൈറ്റുകള്‍, തെര്‍മോകോള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടികൂടിയത്. അഞ്ചുതെങ്ങ് സ്വദേശി ബൈജുവിന്റെ ഉടമസ്ഥയിലുള്ളതാണ് പിടികൂടിയ വള്ളം. പിടിച്ചെടുത്ത വള്ളത്തിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് നീണ്ടകര മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചു. തീരത്തോ കടലിലോ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത മത്സ്യബന്ധന രീതികളില്‍ നിന്നും മത്സ്യത്തൊഴിലാളികളും വിട്ടു നില്‍ക്കണമെന്നും നിയമവിധേയമല്ലാത്ത മത്സ്യബന്ധന രീതികള്‍ അവലംബിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."