ശബരിമല നിയന്ത്രണവുമായി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുന്ന സമയത്ത് ശബരിമലയിലേക്ക് അയ്യപ്പഭക്തര്‍ വരരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഈ മാസം ശബരിമലയിലേക്ക് യാത്ര തീരുമാനിച്ചിക്കുന്ന അയ്യപ്പഭക്തര്‍ അവരുടെ യാത്ര മറ്റൊരു നടതുറപ്പ് സമയത്തേക്ക് മാറ്റണം. അതേസമയം ഭക്തരെത്തിയാല്‍ തടയാന്‍ തീരുമാനമില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ അറിയിപ്പ് ഇതര സംസ്ഥാനത്ത് നിന്നുള്ള അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ ചെവിക്കൊള്ളുമെന്നാണു പ്രതീക്ഷ. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല നട ഈ മാസം 13 ന് തുറന്ന് 18 ന് അടയ്ക്കും. അപ്പം, അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തേണ്ടതില്ല. മാസപൂജകള്‍ക്കായി നടതുറക്കുന്ന സമയത്ത് ശബരിമലയില്‍ ഡ്യൂട്ടിയില്‍ എത്താറുള്ള വിവിധ സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ ഈമാസം ഡ്യൂട്ടിക്ക് വരേണ്ടതില്ല.
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍, എഴുന്നള്ളത്ത് എന്നിവ ഒഴിവാക്കണം. ദേവസ്വം ബോര്‍ഡിന്റെ സ്കൂളുകള്‍, എയ്ഡഡ്, അണ് എയ്ഡഡ്, കോളജുകള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അടയ്ക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."