എസ്.എസ്.എല്‍.സി ചോദ്യക്കടലാസ്: പുതിയ പരിഷ്‌കാരം അധ്യാപകരെ വലച്ചു
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പര്‍ സ്‌കൂളുകളിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌കാരം അധ്യാപകരെ വലച്ചു.
ട്രഷറിയിലും ബാങ്ക് ലോക്കറുകളിലുമായി സൂക്ഷിച്ച ചോദ്യപേപ്പര്‍ പരീക്ഷാദിവസം രാവിലെ ആറു മണിയോടെ സ്‌കൂളിലെത്തിക്കുന്നതാണ് പുതിയ പരിഷ്‌കാരം.
ഇന്നലെ സ്‌കൂളില്‍ പരീക്ഷാ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് ചുമതലയുണ്ടായിരുന്ന അധ്യാപകര്‍ക്കും ട്രഷറി, ബാങ്ക് ജീവനക്കാര്‍ക്കും ചോദ്യപേപ്പര്‍ എത്തിക്കുന്നതിനായി പുലര്‍ച്ചെ തന്നെ വീട്ടില്‍ നിന്ന് പുറപ്പെടേണ്ടിവന്നു. രാവിലെ 9.45ന് തുടങ്ങിയ പരീക്ഷയ്ക്കായി ആറു മണി മുതല്‍ അധ്യാപകര്‍ ചോദ്യപേപ്പറുമായി സ്‌കൂളില്‍ കാത്തിരിപ്പായിരുന്നു.
നേരത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്കു ശേഷം നടത്തിയിരുന്നപ്പോള്‍ രാവിലെ ഒമ്പതു മണി മുതല്‍ മാത്രം ചുമതലക്കാര്‍ സെന്ററുകളിലെത്തിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ പരീക്ഷ രാവിലത്തേക്ക് മാറ്റിയതനുസരിച്ച് ചോദ്യപേപ്പര്‍ സൂക്ഷിക്കല്‍ സ്‌കൂളുകളിലേക്ക് മാറ്റാതിരുന്നതാണ് തലവേദനയായതെന്ന് അധ്യാപകര്‍ പറയുന്നു. പരീക്ഷാസമയം മാറ്റിയതിനനുസരിച്ച് നേരത്തെ തന്നെ ചോദ്യപേപ്പര്‍ സ്‌കൂളുകളിലെത്തിക്കുന്നതിനു പകരം പരീക്ഷാദിവസം രാവിലെ മാത്രം വിതരണം നടത്തിയാല്‍ മതിയെന്ന നിലപാടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.
ഈ വര്‍ഷം ചോദ്യപേപ്പറുകള്‍ മുന്‍കൂട്ടി തന്നെ സെന്ററുകളില്‍ എത്തിച്ച് സൂക്ഷിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. അതേസമയം ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ദിവസങ്ങള്‍ക്കു മുന്‍പു തന്നെ സ്‌കൂളുകളില്‍ എത്തിച്ചിരുന്നു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഉള്‍പ്പെടെയുള്ള അടിസ്ഥാന യോഗ്യതയായ പ്ലസ്ടു പരീക്ഷയ്ക്കില്ലാത്ത എന്തു പ്രാധാന്യമാണ് എസ്.എസ്.എല്‍.സിക്കുള്ളതെന്നാണ് അധ്യാപകരുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."