കൊവിഡ്: പരിഭ്രാന്തി വേണ്ട, ജാഗ്രത വേണം
തിരുവനന്തപുരം : കൊവിഡ് സംബന്ധിച്ച് പരിഭ്രാന്തി വേണ്ടെന്നും പരിഷ്‌കൃത സമൂഹം കാണിക്കേണ്ട ജാഗ്രത പാലിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗത്തെ നേരിടാന്‍ ആവശ്യമായ മരുന്നുകള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കെ. എസ്. ഡി. പിയുടെ സഹായത്തോടെ സാനിറ്റൈസര്‍ തയാറാക്കി ആവശ്യത്തിന് എത്തിക്കാനാവും. പൊതുസ്ഥലങ്ങളിലെല്ലാം സാനിറ്റൈസര്‍ വയ്ക്കണം. ഓഫിസുകളിലും സാനിറ്റൈസറുകള്‍ ഉപയോഗിക്കണം.
ഉപയോഗിച്ച മാസ്‌ക്കുകള്‍ നശിപ്പിക്കാന്‍ കലക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. വാര്‍ഡുകള്‍ തോറും ഹരിത സേന പോലെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായി സംസ്‌കരിക്കണം. മാസ്‌ക്കുകള്‍ വലിച്ചെറിയുന്ന അവസ്ഥയുണ്ടാകരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
മാസ്‌കുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ട്. മാസ്‌ക്ക് ധരിക്കുന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ശരിയായ ബോധവത്കരണം നടത്തണം. നാട്ടിലാകെ കടുത്ത ആശങ്കയുണ്ട്. ജനങ്ങളില്‍ ഭീതിയും ഉണ്ടായിട്ടുണ്ട്. കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ് ആവശ്യം. ഇതിന് എല്ലാവരുടെയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രായം ചെന്നവരെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അവലോകന യോഗത്തില്‍ സംബന്ധിച്ച ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, പി. ആര്‍. ഡി സെക്രട്ടറി പി. വേണുഗോപാല്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, എന്‍. എച്ച്. എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."