ഇറാനിയന്‍ പത്തേമാരിയില്‍ നിന്നും സര്‍ക്കാരിന് ലഭിക്കാനിരിക്കുന്നത് വന്‍ തുക
വിഴിഞ്ഞം: തീരദേശ പൊലിസിന് തലവേദനയായി മാറിയ ഇറാനിയന്‍ പത്തേമാരിയില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്നത് വന്‍ തുകയെന്ന് സൂചന. കാഴ്ചയില്‍ പഴഞ്ചനെങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പത്തേമാരിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ആധുനിക എന്‍ജിനുകളും പത്ത് ലക്ഷത്തില്‍പ്പരം രൂപയ്ക്കുള്ള ഇന്ധനവും സ്റ്റോക്കുണ്ട്. അപകടാവസ്ഥയിലായ പത്തേമാരിയില്‍ നിന്ന് ഡീസല്‍ മാറ്റുന്നതിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫിസര്‍ പ്രദീപിന്റെ മേല്‍നോട്ടത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെ വൈകുന്നേരം വരെ ഊറ്റിയെടുത്തത് മൂവായിരത്തി അഞ്ഞൂറ് ലിറ്റര്‍ ഡീസല്‍. പതിനാറോളം ബാരലുകളില്‍ നിറച്ച ഇന്ധനം സൂക്ഷിക്കാനായി തീരദേശ പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ എത്തിച്ചു.
പത്തേമാരിക്കുള്ളിലുള്ള ഇന്ധന ശേഖരം പൂര്‍ണ്ണമായി മാറ്റണമെങ്കില്‍ ഇനിയും രണ്ട് ദിവസമെങ്കിലും വേണ്ടിവരും. എകദേശം പതിനയ്യായിരത്തോളം ലിറ്റര്‍ ഡീസല്‍ ഉണ്ടാകുമെന്നാണ് പ്രഥമിക നിഗമനം. ഇതിന് സാധാരണ ഡീസലിനെക്കാള്‍ വിലകൂടുതലാണ് താനും. ജീവക്കാരായ പാക്, ഇറാനിയന്‍ പൗരന്‍മാരുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് കറങ്ങിയ പത്തേമാരിയെ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് തീരസംരക്ഷണ സേനയാണ് രണ്ട് വര്‍ഷം മുന്‍പ് പിടികൂടി വിഴിഞ്ഞത്തെത്തിച്ചത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ സംഭവത്തില്‍ ദുരൂഹതയൊന്നമില്ല എന്ന് കണ്ടെത്തിയതോടെ ജീവനക്കാര്‍ അതാത് എമ്പസികള്‍ വഴി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ പത്തേമാരി ഉപേക്ഷിക്കപ്പെട്ട നിലയിലായി.
നിലവില്‍ എന്‍.ഐ.എ കോടതിയുടെ അനുവാദത്തോടെ കണ്ടു കെട്ടി ലേലം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പത്തേമാരിക്ക് അധികൃതര്‍ നിശ്ചയിച്ച പ്രാരംഭലേലത്തുക തന്നെ പതിനേഴ് ലക്ഷമാണെന്നറിയുന്നു. ലേലം പൂര്‍ണമാകുമ്പോള്‍ തുക വീണ്ടും കുടും. കടല്‍കാറ്റും മഴയും കൊണ്ട് നങ്കൂരം തകര്‍ത്ത് ഒഴുകിയതിനെ തുടര്‍ന്ന് വാര്‍ഫിലിടിച്ചും ഭാഗികമായി തകര്‍ന്ന് കാണാന്‍ കൊള്ളാതായ കടല്‍യാനമാണ് സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങള്‍ മുതല്‍ക്കുട്ടായി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."