ഉടുമ്പന്‍ചോലയില്‍ ഹൈടെക് പൊലിസ് സ്റ്റേഷന് യാഥാര്‍ഥ്യത്തിലേക്ക്
രാജാക്കാട്: ഉടുമ്പന്‍ചോലയില്‍ പുതുതായി നിര്‍മിച്ച ആദ്യ ഹൈടെക് പൊലിസ് സ്റ്റേഷന് യാഥാര്‍ഥ്യത്തിലേക്ക്. ഫെബ്രുവരി പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് പൊലിസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യും. സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഉദ്ഘാടന ശേഷം കെട്ടിടസമുച്ചയം ആധുനിക സംവിധാനങ്ങളോടെ ഹൈടെക് സ്റ്റേഷനാക്കും. ഇതോടെ ജില്ലയിലെ ആദ്യ ഹൈടെക് സ്റ്റേഷനാകും. സ്റ്റേഷന് നിര്‍മാണത്തിനായി മൂന്നേമുക്കാല്‍ കോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലാണ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്ന ഉടുമ്പന്‍ചോലയില്‍ പൊലിസ് സ്റ്റേഷന് അനുവദിച്ചത്. മുമ്പ് ഉടുമ്പന്‍ചോലയിലായിരുന്നു പൊലിസ് സ്റ്റേഷനും കോടതിയും പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ശാന്തന്‍പാറയില്‍ പുതിയ കെട്ടിടം നിര്‍മിച്ച് പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മാറ്റി.
എന്നാല്‍, വ്യാജമദ്യവും അനധികൃത മദ്യവില്പനയും മേഖലയില്‍ വര്‍ധിച്ചതോടെ ഔട്ട്പോസ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ വിസ്തൃതിയേറിയ പ്രദേശത്തെ സുരക്ഷ പ്രതിസന്ധിയിലായി. ഇതോടെയാണ് ഉടുമ്പന്‍ചോലയില്‍ പുതിയ പൊലിസ് സ്റ്റേഷന് എന്ന ആവശ്യം ശക്തമാകുന്നത്. ഇതിനായി നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ബജറ്റില്‍ ഉടുമ്പന്‍ചോലയില്‍ പൊലിസ് സ്റ്റേഷന് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."