കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി പരാതി
പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതുകൊണ്ട് ഫയലുകളില്‍ തീര്‍പ്പുണ്ടാകുന്നില്ലെന്ന് പരാതി. താലൂക്കിന്റെ കീഴില്‍ 23 വില്ലേജുകളാണുള്ളത്. ഇവിടങ്ങളില്‍ നിന്ന് വരുന്ന പട്ടയത്തിനുള്ള നൂറുകണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. താലൂക്കില്‍ പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കുന്ന സെക്ഷനുകളിലൊന്നും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ അപേക്ഷകര്‍ ബുദ്ധിമുട്ടിലാവുന്നു. കഴിഞ്ഞ ജനുവരി നാലിന് കലക്ടറേറ്റില്‍ വച്ച് നടന്ന പട്ടയ മേളകളില്‍ കുന്നത്ത്‌നാട് താലൂക്കില്‍ നിന്ന് പട്ടയം കൊടുത്തത് 65 പേര്‍ക്ക് മാത്രമാണ്.
കൂടുതല്‍ അപേക്ഷകര്‍ക്ക് ഈ ജൂണില്‍ കൊടുക്കുമെന്നാണ് റവന്യു മന്ത്രിയും കലക്ടറും അറിയിച്ചത്. ഇപ്പോള്‍ താലൂക്കില്‍ ലഭിച്ചിരിക്കുന്ന പട്ടയ അപേക്ഷകള്‍ ജൂണിനു മുമ്പ് തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. വില്ലേജുകളില്‍ സര്‍വേക്കു വരുന്ന അപേക്ഷ പരിഗണിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൊടുക്കുന്നതിന് സര്‍വ്വെയര്‍മാര്‍ പരിമിതമാണ്. ഇതുകൊണ്ട് തിട്ടപ്പെടുത്തലും അവതാളത്തിലാണ്. ആയതിനാല്‍ താലൂക്കിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ എ.എം. മക്കാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."