തൊടുപുഴ - ഏഴല്ലൂര്‍ റോഡ് നിര്‍മാണം ഇഴയുന്നു
തൊടുപുഴ: ഏഴല്ലൂര്‍ -തൊടുപുഴ - കലൂര്‍ റോഡ് വികസന ജോലികള്‍ ഇഴഞ്ഞ് നീങ്ങുന്നത് നാട്ടുകാരെ വലക്കുന്നതായി പരാതി. നിര്‍മാണം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും കലുങ്കുകളുടെ നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. മങ്ങാട്ടുകവല ബൈപാസിലെ കരയോഗം ജങ്ഷന്‍ മുതല്‍ പെരുമ്പിള്ളിച്ചിറ വരെ റോഡ് വീതി കൂട്ടുന്ന ജോലികള്‍ പൂര്‍ത്തിയായി. കലുങ്ക് നിര്‍മാണത്തിനായി റോഡ് മൂന്ന് സ്ഥലത്ത് കുഴിച്ചിരിക്കുന്നതിനാല്‍ ഗതാഗതവും അസാധ്യമായിരിക്കുകയാണ്.
ജല അതോറിറ്റിയുടെ വിതരണ പൈപ്പുകളാണ് കലുങ്കുകളുടെ പണി പൂര്‍ത്തിയാക്കാന്‍ തടസമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി അധികൃതര്‍ അതോറിറ്റിക്ക് കത്ത് നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
റോഡ് പൊളിച്ചിട്ടതോടെ പ്രദേശവാസികളുടെയും വിദ്യാര്‍ഥികളുടെയും യാത്രാ ക്ലേശം രൂക്ഷമായിരിക്കുകയാണ്. മെഡിക്കല്‍, ദന്തല്‍, എന്‍ജിനീയറിങ്, പോളിടെക്‌നിക് അടക്കം പ്രഫഷനല്‍ കോളജുകളും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളും നിരവധി സ്‌കൂളുകളും ഈ റൂട്ടില്‍ സ്ഥിതി ചെയ്യുന്നുണ്ട്.
ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ജീവനക്കാരും സ്ഥലത്തത്തൊന്‍ ഏറെ പ്രയാസപ്പെടുകയാണ്. കിലോമീറ്ററുകള്‍ കാല്‍നടയായും മറ്റും സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇപ്പോഴത്തെ നിലയില്‍ മഴക്കാലമെത്തിയാലും റോഡ് പണി പൂര്‍ത്തിയാകുന്ന കാര്യം സംശയാസ്പദമാണ്. മഴക്കാലമാകുന്നതോടെ യാത്ര കൂടുതല്‍ ദുരിതപൂര്‍ണമാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."