വനിതാ ദിനം: പൊലിസ് വണ്ടി മുതല്‍ സ്റ്റേഷന്‍ വരെ നിയന്ത്രിച്ചത് വനിതാ പൊലിസ്
തൊടുപുഴ: വനിതാ ദിനത്തില്‍ തൊടുപുഴയിലെ പൊലിസ് വണ്ടി മുതല്‍ സ്റ്റേഷന്‍ വരെ നിയന്ത്രിച്ചത് വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍. വാദിയായാലും പ്രതിയായാലും അകത്തേക്ക് ആനയിക്കുന്നത് വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാര്‍. എസ്.ഐയെ കാണാന്‍ കാബിനിനുള്ളില്‍ പ്രവേശിച്ചവര്‍ക്ക് വീണ്ടും അമ്പരപ്പ്. പ്രിന്‍സിപ്പല്‍ എസ്.ഐയുടെ കസേരയില്‍ ഇരിക്കുന്നതും വനിത. ആകെ പെണ്‍മയമായിരുന്നു ഇന്നലെ തൊടുപുഴ പൊലിസ് സ്‌റ്റേഷനില്‍. ലോക വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു ഇന്നലെ തൊടുപുഴ പൊലിസ് സ്റ്റേഷനിലെ ഔദ്യോഗിക പ്രവര്‍ത്തനരംഗം വനിത പൊലിസ് ഓഫിസര്‍മാര്‍ കൈയടക്കിയത്.
പുരുഷ പൊലിസുകാര്‍ രംഗത്തുണ്ടായിരുന്നെങ്കിലും പ്രധാനപ്പെട്ട ചുമതലകള്‍ വനിത സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ തന്നെ നിര്‍വഹിച്ചു. വനിത സെല്‍ എസ്.ഐ ആയ എന്‍.എന്‍ സുശീലക്കായിരുന്നു പ്രിന്‍സിപ്പല്‍ എസ്.ഐയുടെ ചാര്‍ജ്. കൂടാതെ സ്‌റ്റേഷന്‍ പാറാവ്, ടെലഫോണ്‍ അറ്റന്‍ഡ് ചെയ്യുക, ജി.ഡി ചാര്‍ജിന്റെ ചുമതല, വയര്‍ലെസ് സെറ്റ് കൈകാര്യം ചെയ്യുകയും മറുപടി നല്‍കുകയും ചെയ്യുക, പരാതികള്‍ സ്വീകരിച്ച് രസീത് നല്‍കുക എന്നി പ്രധാന ജോലികളെല്ലാം വനിതകള്‍ തന്നെ ചെയ്തു.
രാവിലെ മുതല്‍ സ്റ്റേഷനില്‍ എത്തിയ പരാതിക്കാരുടെ ആവലാതികള്‍ എസ്.ഐ കേട്ടു. പരിഹരിക്കപ്പെടാവുന്ന കേസുകളില്‍ തീര്‍പ്പാക്കിയതിനു പുറമെ ഏതാനും പരാതിക്കാരുടെ സ്ഥാലങ്ങളില്‍ പോയി കേസുകള്‍ വിശദമായി അന്വേഷിച്ചു. കേസുകള്‍ അന്വേഷിക്കാന്‍ പോയപ്പോഴും നഗരത്തില്‍ റോന്തു ചുറ്റാന്‍ പോയപ്പോഴും പൊലിസ് വാഹനത്തിന്റെ വളയം പിടിച്ചതും വളയിട്ട കൈകള്‍ തന്നെയായിരുന്നു.സ്റ്റേഷനിലെ വനിത സിവില്‍ പൊലിസ് ഓഫിസര്‍ അപര്‍ണയാണ് വാഹനത്തിന്റെ സാരഥിയായത്.
സ്റ്റേഷനിലെ 16 വനിത പൊലിസ് ഓഫിസര്‍മാരാണ് ഒരു ദിവസം സ്വതന്ത്രമായി തൊടുപുഴ പൊലിസ് സ്‌റ്റേഷന്റെ ക്രമസമാധാന ചുമതല പൂര്‍ണമായും നിയന്ത്രിച്ചത്. പുരുഷ പൊലിസുകാര്‍ ഇല്ലെങ്കില്‍ക്കൂടി ഒരു സ്റ്റേഷന്റെ പ്രവര്‍ത്തനം മാതൃകാപരമായി എങ്ങനെ നിര്‍വഹിക്കാമെന്ന് തെളിയിക്കുകയായിരുന്നു ഇവര്‍. തൊടുപുഴ ഡി.വൈ.എസ്.പി എന്‍.എന്‍ പ്രസാദ്, സി.ഐ എന്‍.ജി ശ്രീമോന്‍, എസ്.ഐ ജോബിന്‍ ആന്റണി എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി വനിതകള്‍ക്ക് പ്രോത്സാഹനം പകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."