HOME
DETAILS

ചാനല്‍ വിലക്കും ഉപജാപകസംഘവും

  
backup
March 11 2020 | 19:03 PM

channel-ban-agenda-824526-22421

 

അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ് രാജ്യമെന്ന് തിരിച്ചറിയുന്നതായിരുന്നു കഴിഞ്ഞദിവസം രണ്ട് മലയാളം ടി.വി ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ വിച്ഛേദിച്ച നടപടി. പാതിരാത്രിയില്‍തന്നെ തീരുമാനം പിന്‍വലിക്കേണ്ടിവന്നതും. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന യാഥാര്‍ഥ്യം ഈ തിരുത്തുകൊണ്ട് ഇല്ലാതാകുന്നില്ല. പ്രധാനമന്ത്രിയോ വാര്‍ത്താ-പ്രക്ഷേപണകാര്യ മന്ത്രിയോ അറിയാതെ ആരോ ചെയ്ത തെറ്റ് തിരുത്തിയെന്ന് ന്യായീകരിക്കുന്നതും സത്യസന്ധമല്ല. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ ഗവണ്മെന്റില്‍ അടിയന്തരാവസ്ഥയില്‍ മാത്രമേ ഇങ്ങനെ ഒരു നടപടി സാധ്യമാകൂ എന്നതുതന്നെ അതിനു തെളിവ്.


ജനാധിപത്യത്തിന്റെ ജീവന്‍ തുടിക്കുന്നത് വിമര്‍ശിക്കാനുള്ള അവകാശം നിലനില്‍ക്കുമ്പോഴാണ്. സഹിഷ്ണുതയോടെ അത് കേള്‍ക്കാനും പ്രതികരിക്കാനും ഭരണാധികാരി തയാറാകുമ്പോഴും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാക്കരിഞ്ഞുകൊണ്ടാണ് അമിതാധികാര വാഴ്ചയിലേക്ക് ഭരണാധികാരി കടക്കുക. 1975 ജൂണ്‍ 24ന് അര്‍ദ്ധരാത്രി ഡല്‍ഹിയില്‍ വൈദ്യുതി വിച്ഛേദിച്ച ശേഷമായിരുന്നു ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒപ്പം ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റും മറ്റും പിറ്റേന്ന് ജനങ്ങള്‍ അറിയാതിരിക്കാന്‍.


മറ്റൊരു തീരുമാനംകൂടി നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നു. സുപ്രിം കോടതിയും ഡല്‍ഹി ഹൈക്കോടതിയും അടുത്തദിവസം അടച്ചുപൂട്ടണമെന്ന തീരുമാനം. ആഭ്യന്തര അടിയന്തരാവസ്ഥ നിയമപരമായി നടപ്പാക്കാന്‍ ഇന്ദിരാഗാന്ധിയെയും അവര്‍ക്കൊപ്പംചെന്ന് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെയും ഉപദേശിച്ച പ്രമുഖ നിയമജ്ഞനും പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായ സിദ്ധാര്‍ത്ഥ ശങ്കര്‍ റെയോട് അതിന് ഇന്ത്യന്‍ ജനത കടപ്പെട്ടിരിക്കുന്നു. പത്രങ്ങളും കോടതികളും അടച്ചുപൂട്ടിക്കാനുള്ള സഞ്ജയ് ഗാന്ധിയുടെ കല്‍പന നേരില്‍കേട്ട സിദ്ധാര്‍ത്ഥ ശങ്കര്‍ റെ വീണ്ടും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ട് അതു തടയണമെന്ന് നിര്‍ദേശിച്ചതിന്. ഇല്ലെങ്കില്‍ പട്ടാളവാഴ്ചയില്‍ പാകിസ്താനില്‍ സൈനിക ടാങ്കുകള്‍ സുപ്രിം കോടതി വളപ്പിലേക്ക് ഇരച്ചുകയറിയതുപോലുള്ള ഒരു ചരിത്രം ഇന്ത്യയിലും എഴുതപ്പെടുമായിരുന്നു. അടിയന്തരാവസ്ഥയില്‍ എപ്പോഴും ഒരു ഉപജാപകസംഘമായിരിക്കും കാണാമറയത്ത് ഭരണം നടത്തുന്നതും നയങ്ങള്‍ തീരുമാനിക്കുന്നതും.


1977ലെ തെരഞ്ഞെടുപ്പു തോല്‍വിയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിപോലും അടിയന്തരാവസ്ഥയുടെ ഉത്തരവാദിത്വം സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഉപജാപകസംഘത്തിനാണെന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഇപ്പോള്‍ നടത്തിയ രണ്ട് ടി.വി ചാനലുകളുടെ വിച്ഛേദനവും അങ്ങനെതന്നെ ആയിരിക്കണം. മാധ്യമങ്ങളും ന്യൂസ് ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്‍ പോലുള്ള സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും മറ്റും ചാനലുകള്‍ വിച്ഛേദിച്ചതിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ കുറ്റവാളികള്‍ പിടിക്കപ്പെടുമെന്നും ഭരണഘടനാനുസൃതം മോദി ഗവണ്മെന്റിന്റെ ഭരണരഥം ഉരുളുമെന്നും ആഗ്രഹിക്കാനും ആശ്വസിക്കാനും കഴിയുന്നവര്‍ അതുചെയ്യട്ടെ.


അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭീതി കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ രാജ്യത്ത് വിതച്ചത് എങ്ങനെയാണെന്നും അതിന് നേതൃത്വം നല്‍കിയതും ഈ മന്ത്രിസഭയില്‍തന്നെ ഉള്ളംകയ്യില്‍ ഒതുക്കിയതും ആരാണെന്നും അനുഭവിച്ചറിയുന്നവരാണ് ഇപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍. നിയമപരമായി ചാനലുകള്‍ വിച്ഛേദിച്ചതിന് ഉത്തരവാദിയായവരെ കണ്ടെത്താനുള്ള ഒരന്വേഷണവും നരേന്ദ്ര മോദി ഗവണ്മെന്റില്‍നിന്ന് ഫലപ്രദമായി ഉണ്ടാകുമെന്ന് ആരും സ്വപ്നം കാണേണ്ടതില്ല. ഫെബ്രുവരി 25ന് വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം സംബന്ധിച്ച് ഏഷ്യാനെറ്റ്, മീഡിയാ വണ്‍ എന്നീ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളും ചിത്രങ്ങളുമാണ് രണ്ടുദിവസത്തേക്ക് അവയുടെ ശിരച്ഛേദം നടത്താന്‍ വാര്‍ത്താ-വിതരണ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ക്കെതിരേ ആക്രമണം ഉണ്ടായി, ഡല്‍ഹി പൊലിസ് ഇടപെട്ടില്ല, ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തി എന്നും മറ്റുമാണ് ഈ ചാനലുകള്‍ക്കെതിരെയുള്ള കുറ്റപത്രത്തിലുള്ളത്.
ഏഷ്യാനെറ്റും മീഡിയാ വണ്ണും പറഞ്ഞതിലും കാണിച്ചതിലും ഭീകരമായ ചിത്രമാണ് ദേശീയ-സാര്‍വദേശീയ മാധ്യമങ്ങള്‍ ഫെബ്രുവരി 25നും തുടര്‍ന്നും ലോകത്തിനുമുമ്പില്‍ കാണിച്ചത്. മോദിയുടെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന ഹിന്ദുക്കളായ പ്രക്ഷോഭകര്‍ മുസ്‌ലിംകളെ തെരുവില്‍ മര്‍ദിച്ചവശരാക്കി ജയ് ശ്രീരാം വിളിപ്പിക്കുന്നത്, അവരുടെ കടകള്‍ക്കും ആരാധനാലയത്തിനും തീവയ്ക്കുന്നത് തുടങ്ങിയ സ്‌തോഭജനകമായ രംഗങ്ങള്‍ അവര്‍ കാണിച്ചിരുന്നു. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും വൈവിധ്യത്തില്‍ ഏകോപിതമായ ആധുനിക ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നഗരത്തിന്റെ മറ്റൊരുഭാഗത്ത് മതപരമായ ഭിന്നത സൃഷ്ടിക്കുന്ന മോദിയുടെ നയങ്ങള്‍ ഒരുകൂട്ടം മനുഷ്യ ശവങ്ങളുടെ നിരതീര്‍ക്കുകയുമായിരുന്നെന്നുപോലും 'ന്യൂയോര്‍ക്ക് ടൈംസ്' ആ ദിവസം എഴുതിയിരുന്നു.


ഏഷ്യാനെറ്റ് ക്ഷമചേദിച്ചതുകൊണ്ടാണ് പുന:സംപ്രേക്ഷണം രാത്രിതന്നെ അനുവദിച്ചതെന്നും രണ്ടുനീതി പാടില്ലാത്തതുകൊണ്ടാണ് മീഡിയാ വണ്‍ ചാനലിന്റെ വിലക്ക് പിന്‍വലിച്ചതെന്നുമാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ന്യായീകരിച്ചത്. ഏഷ്യാനെറ്റിന്റെ ഉടമ രാജീവ് ചന്ദ്രശേഖറാണ്. കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി എം.പി മാത്രമല്ല അദ്ദേഹം. കേരളത്തിലെ എന്‍.ഡി.എ മുന്നണിയുടെ കണ്‍വീനര്‍ കൂടിയാണ്. ഏഷ്യാനെറ്റിന്റെ സംപ്രേക്ഷണം തടഞ്ഞതിനെ തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെട്ടു. ഇനിയും ബി.ജെ.പിക്ക് ജനവിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയാത്ത കേരളത്തില്‍ പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടുന്നതാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചതായാണ് മനസിലാക്കുന്നത്.


പൂനെയില്‍ ആയിരുന്ന മന്ത്രി പ്രകാശ് ജാവദേക്കറെ പ്രധാനമന്ത്രി ബന്ധപ്പെട്ട ശേഷമാണ് പുലര്‍ച്ചെ ഒന്നരമണിക്ക് ഏഷ്യനെറ്റ് ന്യൂസിന്റെ സംപ്രേക്ഷണം പുനരാരംഭിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്ന വന്‍ പ്രതിഷേധത്തിന്റെ അലയടികള്‍ കണ്ടാണ് പിറ്റേന്ന് രാവിലെ 9.30ന് മീഡിയാ വണ്‍ ചാനലിന്റെ വിലക്ക് പിന്‍വലിച്ചത്. ഈ രണ്ട് നടപടികളും തമ്മിലുള്ള മണിക്കൂറുകളുടെ ഇടവേളതന്നെ മാധ്യമങ്ങളോട് രണ്ടുനീതി പാടില്ലെന്നതാണ് സര്‍ക്കാര്‍ നയമെന്ന മന്ത്രി വി. മുരളീധരന്റെ വിശദീകരണം അവിശ്വസനീയമെന്ന് വ്യക്തമാക്കുന്നു. വകുപ്പുമന്ത്രിയോ പ്രധാനമന്ത്രിയോ അറിയാതെ ഇത്തരമൊരു നടപടി മറ്റാരാണ് എടുപ്പിക്കുക. പ്രധാനമന്ത്രിയുടെ ഓഫിസ് മുതല്‍ എല്ലാ മന്ത്രാലയങ്ങളിലും കയ്യെത്തുന്ന ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കല്ലാതെ അതു സാധ്യമല്ല. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഭരണഘടനാ ബാഹ്യമായ ഉപജാപകസംഘമാണ് ഉണ്ടായിരുന്നത്. അതില്‍നിന്നു വ്യത്യസ്തമായി പ്രധാനമന്ത്രിയുടെ ഓഫിസിലും ആഭ്യന്തര മന്ത്രാലയത്തിലുമായി സാങ്കേതികമായി ഭരണഘടനയ്ക്കുള്ളില്‍ നിലകൊള്ളുന്ന ഒരു ഉപജാപകസംഘമാണ് മോദി ഗവണ്മെന്റിലേത്. ഭരണഘടനാ ബാഹ്യമായ ആര്‍.എസ്.എസ് പുറത്തുനിന്ന് ഈ സര്‍ക്കാറിനെ നയിക്കുന്നു എന്ന വ്യത്യാസംകൂടിയുണ്ട്. ഈ ഘടകങ്ങള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ അപകടം നമ്മുടെ മുഖ്യധാരാ പ്രതിപക്ഷപാര്‍ട്ടികള്‍ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല.


കേരളത്തില്‍ മീഡിയാ വണ്ണിനും ഏഷ്യാനെറ്റ് ന്യൂസിനും എതിരേ നടപടിയെടുക്കാന്‍ അമിത് ഷായെ ബന്ധപ്പെട്ടത് കേരളത്തില്‍നിന്നുള്ള ഒരു ആര്‍.എസ്.എസ് നേതാവാണ്. ഡല്‍ഹി കലാപം അതിനൊരു നിമിത്തമാക്കിയതാണ്. കുമ്മനം രാജശേഖരനെയും അഡ്വക്കറ്റ് പി.എസ് ശ്രീധരന്‍ പിള്ളയേയും പരീക്ഷിച്ചിട്ടും ബി.ജെ.പിയെ ഐക്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒടുവില്‍ കെ. സുരേന്ദ്രനെ പുതിയ പ്രസിഡന്റാക്കി. എന്നിട്ടും ഗ്രൂപ്പുപോര് രൂക്ഷമായ സാഹചര്യത്തില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന ഇരു ചാനലുകള്‍ക്കും പണി കൊടുക്കുക, പൊതുവെ ചാനലുകളെ ഭയപ്പെടുത്തുക- അങ്ങനെ ഒരു നടപടിയാണ് കേരളത്തിന്റെ രാഷ്ട്രീയചരിത്രം ഇനിയും പഠിച്ചിട്ടില്ലാത്ത അമിത് ഷാ സ്വീകരിച്ചത്. വടക്കുകിഴക്ക് ഡല്‍ഹിയില്‍ ബി.ജെ.പിയുടെ മുന്‍കൈയില്‍ നടന്ന കലാപത്തില്‍ പ്രസിഡന്റ് ട്രംപിന്റെ ഡല്‍ഹി സന്ദര്‍ശനം മുങ്ങിപ്പോയി. മോദിയുടെയും ഗവണ്മെന്റിന്റെയും പ്രതിച്ഛായയെ ബാധിച്ചെന്നു മാത്രമല്ല സാര്‍വ്വദേശീയ തലത്തില്‍ ഇന്ത്യയ്ക്കു തിരിച്ചടിയേല്‍ക്കുകയും ചെയ്തു.


അതിലുള്ള പ്രതിഷേധം മോദിയെ അസ്വസ്ഥനാക്കുന്നതിനിടയ്ക്കാണ് അമിത് ഷായുടെ നടപടി മോദിയുടെ ശ്രദ്ധയില്‍ വന്നത്. അമിത് ഷായെ തള്ളാന്‍ മോദിക്കാവില്ലെങ്കിലും പ്രധാനമന്ത്രിക്കു കീഴിലാണ് ആഭ്യന്തരമന്ത്രിയെന്ന് ബോധ്യപ്പെടുത്താന്‍ കിട്ടിയ അവസരമാണ് മോദി ഉപയോഗിച്ചത്. പ്രധാനമന്ത്രിയുടെ പിന്‍ബലമുള്ളതുകൊണ്ടു മാത്രമാണ് ജാവദേക്കര്‍ അമിത് ഷായെക്കൂടി അറിയിച്ച് തന്റെ തലയ്ക്കുമീതെ നടപ്പാക്കിയ ഉത്തരവ് റദ്ദാക്കിയത്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതാണ് ബി.ജെ.പി സര്‍ക്കാറിന്റെ നയമെന്ന ജാവദേക്കറുടെ ഭംഗിവാക്കുകളിരിക്കട്ടെ. തന്റെ പ്രതിച്ഛായയുടെ പ്രശ്‌നമായാണ് രാജീവ് ചന്ദ്രശേഖര്‍ ഇതു കണ്ടത്. കേരളത്തിലെ ബി.ജെ.പിയിലെ ഗ്രൂപ്പിസത്തിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന അപകടം അദ്ദേഹം ആയുധമാക്കി. തിരുത്തലിന് ഇതാണ് ഇടയാക്കിയത്. ഏഷ്യാനെറ്റിന്റെ നടപടി പിന്‍വലിച്ചപ്പോള്‍ മീഡിയാ വണ്‍ കൂടി ഗുണഭോക്താവായി. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന ഇന്ത്യന്‍ അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. വൈരുദ്ധ്യം സര്‍ക്കാറിലെയും പാര്‍ട്ടിയിലെയും അധികാരകേന്ദ്രങ്ങള്‍ക്കിടയില്‍ വര്‍ധിക്കുമെന്നതു ശരിയാണ്. പ്രതിസന്ധികളെ വഴിതിരിച്ചു വിടാനുള്ള ബി.ജെ.പിയുടെ ശേഷിയെ ആരും കുറച്ചുകണ്ടിട്ടു കാര്യമില്ല. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അത്രയേറെ ദുര്‍ബലമാണ് എന്ന് ഓരോദിവസവും തെളിഞ്ഞുവരുമ്പോള്‍ പ്രത്യേകിച്ചും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  19 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago