രേഖ പരീക്ഷയെഴുതി; പിതാവ് മരിച്ച ദു:ഖം ഉള്ളിലൊതുക്കി
കോട്ടയം: അവസാനവട്ട തയാറെടുപ്പുകള്‍ നടത്തി മറ്റു വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്കെത്തിയപ്പോള്‍ രേഖ സ്‌കൂളിലെത്തിയത് വിതുമ്പുന്ന മനസോടെ. പിതാവ് മരിച്ച വേദന ഉള്ളിലൊതുക്കി അവള്‍ പരീക്ഷാ ഹാളിലെത്തിയപ്പോള്‍ സഹപാഠികള്‍ക്കും സഹിക്കാനായില്ല. കോട്ടയം ബേക്കര്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് രേഖ. ആശങ്കയും ആവലാതിയുമായി മറ്റുള്ളവര്‍ പരീക്ഷയ്‌ക്കെത്തിയപ്പോള്‍ രേഖയ്ക്ക് ഉള്ളില്‍ ദു:ഖം മാത്രമായിരുന്നു. അച്ഛന്റെ വേര്‍പാടില്‍ ദു:ഖം സഹിക്കാനാവാതെ കഴിഞ്ഞ രേഖ എങ്ങനെ പരീക്ഷയ്ക്ക് ഉത്തരമെഴുതുമെന്ന ചിന്തയായിരുന്നു പലര്‍ക്കും. രേഖയുടെ പിതാവ് ലബനാനില്‍ ജോലി നോക്കിയിരുന്ന താന്നിക്കല്‍പടി പുത്തന്‍പറമ്പില്‍ തോമസ് വര്‍ഗീസ്് ശനിയാഴ്ച്ച പുലര്‍ച്ചെ ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.
മൃതദേഹം വെള്ളിയാഴ്ച്ചയോടെ നാട്ടിലെത്തിക്കാമെന്ന വിശ്വാസത്തിലാണ് ബന്ധുക്കള്‍. അഞ്ചു വര്‍ഷം മുന്‍പാണ് തോമസ് നാട്ടിലെത്തി മടങ്ങിയത്. ലബനാനില്‍ പ്രശ്‌നങ്ങള്‍ ഉയരുമ്പോഴും പിതാവിന്റെ രക്ഷയ്ക്കായി പ്രാര്‍ഥിച്ച കുടുംബത്തിന് അവസാനം കേള്‍ക്കേണ്ടി വന്നതും മരണ വാര്‍ത്തയായിരുന്നു.
തോമസിന്റെ സ്വപ്നമായിരുന്നു പെണ്‍മക്കള്‍ രണ്ടു പേര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നത്. അതിനാല്‍ തന്നെ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ലക്ഷ്യമായിരുന്നു രേഖയുടേത്. തോമസിന്റെ മരണം കുടുംബത്തെ തളര്‍ത്തിയെങ്കിലും ബന്ധുക്കളും നാട്ടുകാരും ഒത്തുചേര്‍ന്ന് ഇവര്‍ക്ക് ആത്മധൈര്യം പകര്‍ന്നു. വിധിയുടെ അഗ്നി പരീക്ഷയില്‍ തകര്‍ന്ന രേഖയ്ക്ക് ആത്മവിശ്വാസം നല്‍കിയത് നാട്ടുകാരും ബന്ധുക്കളുമായിരുന്നു. പരീക്ഷാ സമയത്തിന് തൊട്ടുമുമ്പാണ് ഹാളിലേക്ക് രേഖ വന്നത്. തുടര്‍ന്ന് ദു:ഖം ഉള്ളിലൊതുക്കി അവള്‍ പരീക്ഷയെഴുതി അച്ഛനെ തങ്ങളുടെ ജീവിതത്തില്‍ നിന്ന് മാറ്റിയ വിധിക്ക് മുന്‍പില്‍ തോല്‍ക്കില്ലെന്ന വിശ്വാസത്തോടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."