HOME
DETAILS
MAL
സര്‍ക്കാര്‍ പദ്ധതിക്ക് രൂപംനല്‍കിയെന്ന് മന്ത്രി കെ.കെ ശൈലജ
backup
March 11 2020 | 19:03 PM
തിരുവനന്തപുരം: ഔഷധമാലിന്യപ്രശ്‌നം സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ അതീവ ഗുരുതര പ്രശ്‌നമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇക്കാര്യത്തില്‍ രാജ്യത്ത് തന്നെ ആദ്യമായി ചില നടപടികളിലേയ്ക്ക് നീങ്ങാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കേരള ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (കാര്‍സാപ്) എന്ന പേരിലുള്ള പദ്ധതിയ്ക്ക് കേരളം രൂപം കൊടുത്തിരിക്കുകയാണെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മരുന്നുകളുടെ വലിയതോതിലുള്ള ഉപഭോഗവും ഔഷധമാലിന്യത്തിന്റെ തോതും കേരളത്തില്‍ വര്‍ധിച്ചത് ചൂണ്ടിക്കാട്ടി 'സുപ്രഭാതം' നല്‍കിയ വാര്‍ത്ത സംബന്ധിച്ച് പാറയ്ക്കല്‍ അബ്ദുല്ല എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. അതീവ ഗുരുതരമായ പ്രശ്‌നമാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്. ആന്റിബയോട്ടിക്കുകളുടെ ശരിയല്ലാത്ത ഉപയോഗത്തിന്റെ ഭാഗമായാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. ആന്റിബയോട്ടിക്കുകള്‍ ഭൂമിയിലും വെള്ളത്തിലും കലരാനിടയാകുന്നതിന്റെ ഭാഗമായി ഭക്ഷണങ്ങളിലും സസ്യങ്ങളിലും വളര്‍ത്തുമൃഗങ്ങളിലുമൊക്കെ വരികയും അവ ഭക്ഷിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ അത് പ്രവേശിക്കാനിടയാകുകയും ഇത്തരത്തിലുള്ള ചില ബാക്ടീരിയകളും ഫംഗസുകളുമൊക്കെ മൈക്രോബിയല്‍ റസിസ്റ്റന്‍സുള്ളതായി മാറുകയും ചെയ്യുന്നു. സാധാരണ കഴിക്കുന്ന മരുന്നുകള്‍കൊണ്ട് രോഗം ഭേദപ്പെടാത്ത അവസ്ഥ വരുന്നതിനെയാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്നു പറയുന്നത്. എത്രയോ വര്‍ഷങ്ങളായി ഈ പ്രശ്‌നം നിലനില്‍ക്കുകയാണ്. എന്നാല്‍ ഇന്ത്യയിലാദ്യമായി ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സിനെ അഡ്രസ്സ് ചെയ്യാനും പരിഹരിക്കാനുമായി ചര്‍ച്ചകള്‍ നടത്താനും ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ആക്ഷന്‍ പ്ലാനുണ്ടാക്കാനും കേരളത്തിന് കഴിഞ്ഞു. വിപത്തുകളൊഴിവാക്കാന്‍വേണ്ടി ഉപയോഗശൂന്യമായ ആന്റി ബയോട്ടിക്കുകള്‍ ശേഖരിക്കുകയെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ ചില കമ്പനികളുമായി ചേര്‍ന്നു ഇത് ശേഖരിച്ച് ഒഴിവാക്കാനുള്ള പദ്ധതിയായാണ് പ്രൗഡ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ട് ഒരു യോഗം നടത്തിയിരുന്നു. മൃഗസംരക്ഷണ മേഖലയില്‍ വളരെ ശ്രദ്ധിക്കേണ്ട വിഷയമുണ്ട്. കോഴികള്‍ തടിച്ചുവളരാനായി കോഴിത്തീറ്റയിലും കാലികള്‍ക്ക് രോഗം വരാതിരിക്കാനായി കാലിത്തീറ്റയിലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. അവയുടെ മാംസം ഭക്ഷിക്കുന്ന സമയത്ത് ഇതേ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് കാലിത്തീറ്റയും കോഴിത്തീറ്റയും പരിശോധിച്ച് അമിതമായ ആന്റിബയോട്ടിക്ക് ഉപയോഗമുണ്ടാകരുതെന്ന നിര്‍ദേശമടക്കമുള്ള ബോധവത്ക്കരണ പ്രക്രിയ നടക്കുന്നുണ്ട്. ഏതായാലും കേരളത്തിന്റെ ആരോഗ്യരംഗത്ത് ഇതുവരെ ആരും ചിന്തിക്കാത്ത കാര്യമാണ്. ഇതുവരെ ഇതെല്ലാം മണ്ണില്‍ കലരുകയാണ് ചെയ്തിരുന്നതെന്നും മന്ത്രി പറഞ്ഞു.
2020 ഫെബ്രുവരി 19 നാണ് 'സുപ്രഭാതം' ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയിരുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി ആവശ്യപ്പെട്ട് സബ്മിഷന്‍ അവതരിപ്പിച്ചതെന്ന് പാറയ്ക്കല്‍ അബ്ദുള്ള പറഞ്ഞു. കേരളം ഒരു വര്‍ഷം വാങ്ങികൂട്ടുന്നത് പന്ത്രണ്ടായിരത്തി മുന്നൂറ്റി അന്‍പത് കോടി രൂപയുടെ മരുന്നുകളാണ്. ഇത് ദേശീയ മരുന്നുപയോഗത്തിന്റെ 10 ശതമാനമാണ്. ഇതില്‍ നല്ലൊരു പങ്ക് കഴിക്കാതെ മാലിന്യമായി ഭൂമിയിലേയ്ക്ക് പുറംതള്ളുന്നത് ഔഷധ മാലിന്യത്തിന്റെ ഭീകരാവസ്ഥ സൃഷ്ടിക്കുകയാണ്. കാലാവധി കഴിഞ്ഞതും ഉപയോഗിക്കാത്തതുമായി പുറംതള്ളുന്ന മരുന്നുകള്‍ ഒരുവര്‍ഷം ഇരുപതിനായിരം ടണ്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ക്ലീന്‍കേരള പദ്ധതി വഴിയോ അല്ലെങ്കില്‍ ഏതെങ്കിലും ഏജന്‍സികളെ ഉപയോഗപ്പെടുത്തിയോ ഔഷധമാലിന്യ സംസ്‌കരണം നടത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."