ജിഷവധം: സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിലേയ്ക്ക്
കൊച്ചി: ജിഷയെ കൊന്നത് അമീറുല്‍ ഇസ്‌ലാം ആണെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നു പിതാവ് പാപ്പു. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നും പാപ്പു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്നണികള്‍ തന്റെ കുടുംബത്തെ വഞ്ചിച്ചു. തെരഞ്ഞെടുപ്പു വേളയില്‍ അധികാരത്തിലെത്താന്‍ ഇടതുമുന്നണിയും തന്റെ മകളുടെ മരണം ഉപയോഗിച്ചു. ഇപ്പോള്‍ അവരും കൈവിട്ടു. സംഭവം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു കഴിഞ്ഞ എട്ടിന് മുഖ്യമന്ത്രിയെ കണ്ട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല.
യു.ഡി.എഫും എല്‍.ഡി.എഫും ഒത്തുകളിച്ച് തന്റെ മകളെ കൊന്നവരെയും കൊല്ലിച്ചവരെയും രക്ഷപ്പെടുത്തുകയാണ്. കൊലപാതകം ആസൂത്രണം ചെയ്തത് പി.പി.തങ്കച്ചന്റെ മകന്‍ വര്‍ഗീസ്‌കുട്ടിയാണെന്ന് പെരുമ്പാവൂരിലെ മുഴുവന്‍ ജനങ്ങളും വിളിച്ചുപറഞ്ഞിട്ടും അതുവഴി ആരും അന്വേഷണം നടത്തിയില്ല.
പൊലിസ് ഇപ്പോള്‍ ഒരു പ്രതിയെ കണ്ടെത്തി കേസ് ഒതുക്കാന്‍ നോക്കുകയാണ്. ഒരാള്‍ക്കു ചെയ്യാന്‍ കഴിയുന്ന പ്രവൃത്തികളല്ല കൊലപാതകത്തില്‍ നടന്നത്. ഇപ്പോള്‍ പിടിക്കപ്പെട്ട പ്രതി പൊലിസിന്റെ കൈയില്‍ നേരത്തെ ഉണ്ടായിരുന്ന ആളാണ്. കെ.പി .സി.സിയുടെ കൈയില്‍ നിന്നു 15 ലക്ഷം രൂപയുടെ സഹായമാണ് തന്റെ ഭാര്യ വാങ്ങിയത്. ഇതു ലഭിച്ചതോടെ അവള്‍ മലക്കം മറിഞ്ഞു. ഇപ്പോള്‍ പെന്‍ഷനും വീടും മൂത്തമകള്‍ക്ക് ജോലിയും ലഭിച്ചതോടെ നൊന്തുപെറ്റ മകളെ മറന്നു കൊലപാതകികള്‍ക്കൊപ്പം ചേര്‍ന്നുവെന്നും പാപ്പു പറഞ്ഞു.
നെഞ്ചില്‍ പെന്‍കാമറയും തലയിണക്കടിയില്‍ കത്തിയും തിരുകി കഴിഞ്ഞപ്പോള്‍ തന്നെ മകളുടെ ജീവനു ഭീഷണിയുണ്ടെന്നു പൊലിസിനെ അറിയിച്ചതാണ്. പക്ഷെ നടപടിയെടുത്തില്ല. കൊലപാതകത്തിന് ഉപയോഗിച്ചത് കമ്പിപ്പാരയാണെന്നു പൊലിസ് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ കൊല്ലാന്‍ ഉപയോഗിച്ചത് കത്തിയാണെന്നു പറയുന്നു. ഇത്തരത്തില്‍ വാക്കുമാറുന്ന പൊലിസിനെ വിശ്വസിക്കാന്‍ കഴിയില്ല. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടി നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാട്ടണമെന്നാണു തന്റെ ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും പാപ്പു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."