നാണംകെട്ടു..
ഹാമില്‍ടണ്‍: ന്യൂസിലന്‍ഡിനെതിരേയുള്ള നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. അപ്രസക്തമായ മത്സരമായിരുന്നെങ്കിലും ഇന്ത്യ എട്ട് വിക്കറ്റിനാണ് കിവികളോട് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 92 റണ്‍സിന് എറിഞ്ഞിട്ട ന്യൂസിലന്‍ഡ് 14.4 ഓവറില്‍ രണ്ടണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (14), കെയ്ന്‍ വില്ല്യംസണ്‍ (11) എന്നിവരാണ് പുറത്തായത്. റോസ് ടെയ്‌ലറും (37*) ഹെന്റി നിക്കോള്‍സും (30*) ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കുകയായിരുന്നു. ആദ്യ മൂന്നു കളികളിലും ഇന്ത്യക്കു മുന്നില്‍ നിഷ്പ്രഭരായ കിവികളുടെ ഗംഭീര തിരിച്ചുവരവ് കൂടിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സിനാണ് കൂടാരം കയറിയത്. സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും ദയനീയ ബാറ്റിങ് പ്രകടനവും തോല്‍വിയുമായിരുന്നു ഇന്നലത്തേത്. ന്യൂസിലന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ കൂടിയാണിത്. പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ തീപ്പൊരി ബൗളിങാണ് ഇന്ത്യയെ നാണം കെടുത്തിയത്. 18 റണ്‍സുമായി പുറത്താവാതെ നിന്ന സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. ഹര്‍ദിക് പാണ്ഡ്യ (16), കുല്‍ദീപ് യാദവ് (15), ശിഖര്‍ ധവാന്‍ (13) എന്നിവരാണ് രണ്ടണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (7), അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ (9), അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക് (ഇരുവരും പൂജ്യം), കേദാര്‍ ജാദവ് (1), ഭുവനേശ്വര്‍ കുമാര്‍ (1) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി.
10 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബോള്‍ട്ട് അഞ്ചു വിക്കറ്റ് കൊയ്തു. മൂന്നു വിക്കറ്റ് വീഴ്ത്തിയ കോളിന്‍ ഡി ഗ്രാന്‍ഡോം മികച്ച പിന്തുണ നല്‍കി. മൂന്നാം ഏകദിനത്തില്‍ ജയിച്ച ടീമില്‍ രണ്ടണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. നായകന്‍ കോഹ്‌ലിക്കു പകരം യുവതാരം ശുഭ്മാന്‍ ഗില്ലും മുഹമ്മദ് ഷമിക്കു പകരം ഖലീല്‍ അഹമ്മദും ടീമിലെത്തി. പരുക്ക് ഭേദമാവാത്തതിനാല്‍ തുടര്‍ച്ചയായ രണ്ടണ്ടാം മത്സരത്തിലും എം.എസ് ധോണിയെ ടീമിലുല്‍പ്പെടുത്തിയില്ല.
കുല്‍ദീപും ചഹലും ചേര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ നേടിയ 25 റണ്‍സാണ് ഇന്ത്യയെ 100ന് അടുത്തെങ്കിലുമെത്താന്‍ സഹായിച്ചത്. കുല്‍ദീപിനെ (15) ടോഡ് ആസിലിന്റെ ബൗളിങില്‍ ഗ്രാന്‍ഡോം പിടികൂടിയതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു. ഖലീലിനെ (5) ബൗള്‍ഡാക്കി നീഷം ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."