കേരളം പ്രീക്വാര്‍ട്ടറില്‍
മലപ്പുറം: പൊലിസ് ഫുട്ബോള്‍ ചംപ്യന്‍ഷിപ്പില്‍ അസമുമായി നടന്ന പോരാട്ടത്തില്‍ കേരള പൊലിസിന് ജയം. ജയത്തോടെ കേരള പൊലിസ് ടീം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 13-ാം മിനുട്ടില്‍ തോമസ് വിജയ് നേടിയ ഗോളിന്റെ പിന്‍ബലത്തിലായിരുന്നു കേരളത്തിന്റെ വിജയം.
പലതവണ കേരളത്തിന് സുവര്ണാവസരങ്ങള് ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഫിനിഷിങ്ങിലെ പോരായ്മയും നിര്‍ഭാഗ്യവുമാണ് കേരളത്തിന് വിനയായത്. ഗോള്‍ നേടുന്നതിനായി അസം പൊരുതിക്കളിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധത്തെ മറികടക്കാനായില്ല. ഗോള്‍കീപ്പര്‍ നിഷാദിന്റെ ഉജ്ജ്വല സേവുകളും പലതവണ അസമിന് ഗോള്‍ നിഷേധിച്ചു.
മൂന്ന് ജയത്തൊടെ കേരളം ആറുപോയിന്റുമായാണ് അവസാന പതിനാറില്‍ സ്ഥാനം പിടിച്ചത്. ഇനി മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ അവസാന മത്സരം. മറ്റു മത്സരങ്ങളില്‍ സി.ഐ.എസ്.എഫും സി.ആര്.പി.എഫും തമിഴ്നാടും അരുണാചല്‍ പ്രദേശും പ്രീക്വാര്‍ട്ടറില്‍ കടന്നു. സി.ഐ.എസ്.എഫ് ത്രിപുരയെ അഞ്ചു ഗോളിനും സി.ആര്.പി.എഫ് ആന്ധ്രാപ്രദേശിനെ ഒന്നിനെതിരേ രണ്ട് ഗോളിനും തോല്‍പ്പിച്ചു. തമിഴ്നാട്-അരുണാചല്‍ പ്രദേശ് മത്സരം സമനിലയില്‍ കലാശിച്ചതോടെ (0-0) അഞ്ച് പോയിന്റ് നേടിയ ഇരു ടീമുകളും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഇതോടെ പൂള് ജിയില്‍നിന്ന് പ്രബലരായ ഗോവ പുറത്തായി. ബംഗാള്‍ തെലങ്കാനയെയും (2-0) ഒഡിഷ നാഗാലാന്‍ഡിനേയും (2-0) മധ്യപ്രദേശ് ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്ക് രാജസ്ഥാനെയും പോണ്ടിച്ചേരി ഹരിയാനയേയും (4-0) ജാര്‍ഖണ്ഡ് ഉത്തരാഖണ്ഡിനെയും (2-1) തോല്‍പ്പിച്ചു. ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."