പ്ലാസ്റ്റിക് ഉല്പന്ന ഉപയോഗത്തിനെതിരേ പരിസ്ഥിതി മന്ത്രാലയം രംഗത്ത്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം.
രാജ്യത്തെ മുഴുവന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുനരുപയോഗിക്കാന്‍ കഴിയാതെ ഒരുതവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് അയച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. പ്രചാരണത്തിന് വ്യത്യസ്തമായ രീതികളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്.
പോസ്റ്ററുകള്‍, കട്ട്-ഔട്ടുകള്‍, കൂറ്റന്‍ ബോര്‍ഡുകള്‍, ബാനറുകള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ പരസ്യങ്ങള്‍ തുടങ്ങിയവയെല്ലാം പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉല്പന്നങ്ങളിലായിരിക്കും ഉണ്ടാക്കുക.തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവയെല്ലാം എടുത്തുമാറ്റാത്ത സാഹചര്യമുണ്ടാകും. പിന്നീട് ഇവയെല്ലാം മാലിന്യമായി മാറുകയാണ് ചെയ്യുക.
ഈ സാഹചര്യത്തിലാണ് പരിസ്ഥിതി മന്ത്രാലയം ഇത്തരം ഉല്പന്നങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് നിരുത്സാഹപ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."