നെല്‍പ്പാടങ്ങളില്‍ ഇതര പദ്ധതികള്‍ അനുവദിക്കില്ല: മന്ത്രി സുനില്‍കുമാര്‍
കോട്ടയം: നെല്‍പ്പാടങ്ങളില്‍ മറ്റു പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കുമരകം മെത്രാന്‍ കായല്‍ പാടശേഖരം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെത്രാന്‍ കായല്‍ പാടശേഖരം കര്‍ഷകരില്‍ നിന്നും കൈക്കലാക്കിയ സ്വകാര്യ കമ്പനിയില്‍ നിന്നു ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 420 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ 28 ഏക്കര്‍ ഒഴികെ സ്വകാര്യ കമ്പനിയുടെ കൈയിലാണ്. നിലവില്‍ ഈ പാടത്തെ കൃഷിഭൂമി കൈവശമുള്ള ഒരു കര്‍ഷകനെങ്കിലും കൃഷി ചെയ്യാന്‍ തയാറായാല്‍ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കും.
ഭൂമി സ്വന്തമാക്കിയിരിക്കുന്ന കമ്പനികള്‍ക്കും ഇവിടെ കൃഷിയിറക്കാം.
അല്ലെങ്കില്‍ പാട്ടത്തിനു നല്‍കി നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാതെ മറ്റു പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
നെല്‍പ്പാടങ്ങളില്‍ ഫാം ടൂറിസം പോലുള്ള പദ്ധതികള്‍ അനുവദിക്കില്ല. മെത്രാന്‍ കായലിന്റെ പുറംബണ്ട് കെട്ടിപ്പൊക്കി ബലപ്പെടുത്തുകയും വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോര്‍ സംവിധാനവും ഏര്‍പ്പെടുത്തിയാല്‍ ഇവിടെ കൃഷിയിറക്കാമെന്ന് മന്ത്രി പറഞ്ഞു.
നവംബറില്‍ കൃഷിയിറക്കുന്ന തരത്തിലുള്ള പ്രാഥമിക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 80 ലക്ഷം രൂപയും സ്ഥിരം സംവിധാനം ഒരുക്കുന്നതിന് രണ്ടരക്കോടിയും വേണ്ടിവരുന്ന എസ്റ്റിമേറ്റ് തയാറാക്കിട്ടുണ്ട്.
തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതലയോഗത്തിന് ശേഷം കൃഷിയിറക്കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കും. ഇവിടെ മിച്ചഭൂമിയുണ്ടോയെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ മെത്രാന്‍ കായലില്‍ 28 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കുന്നതിന് നിയമതടസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
നെല്‍വയലുകള്‍ സംബന്ധിച്ച സംസ്ഥാനത്തെ ഡേറ്റാബാങ്ക് പൂര്‍ണമല്ല. ശരിയായ ഡേറ്റാ ബാങ്ക് കൊണ്ടുവരുന്നതിനായ് സാറ്റലൈറ്റ് പോലുള്ള സംവിധാനം ഉപയോഗപ്പെടുത്തും. കുട്ടനാട് പാക്കേജ് തകര്‍ക്കുന്ന നിലപാടാണ് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയത്. ഇതിനെതിരേ വിജിലന്‍സ് അന്വേഷണം കൃഷിവകുപ്പ് ആവശ്യപ്പെടും.
സംസ്ഥാനത്തെ റബര്‍കൃഷി സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് കൊണ്ടുവരണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."