തടവുകാരെ വിട്ടയക്കാന്‍ ഉപാധിയുമായി അഫ്ഗാന്‍; പറ്റില്ലെന്ന് താലിബാന്‍
കാബൂള്‍: 18 വര്‍ഷത്തെ സംഘര്‍ഷങ്ങള്‍ക്കു വിരാമമിട്ട് താലിബാനും അമേരിക്കയും സമാധാന കരാറില്‍ ഒപ്പുവച്ചതിനു പിന്നാലെ, തങ്ങളുടെ കസ്റ്റഡിയിലുള്ള താലിബാന്‍ തടവുകാരെ ഉപാധികളോടെ വിട്ടയക്കാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍. എന്നാല്‍, തങ്ങളുടെ ആളുകളെ വിട്ടയക്കുന്നതിന് ഉപാധികള്‍ അംഗീകരിക്കില്ലെന്നു താലിബാനും വ്യക്തമാക്കിയതോടെ കരാര്‍ അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ മാസം അവസാനം അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പിട്ടപ്പോള്‍ 14 മാസങ്ങള്‍ക്കകം അഫ്ഗാനില്‍നിന്നു വിദേശ സൈന്യം പിന്‍മാറുന്നതിനും തടവുകാരെ പരസ്പരം വിട്ടയക്കുന്നതിനും ധാരണയായിരുന്നു. ദോഹയില്‍ നടന്ന ചടങ്ങില്‍ നിരവധി രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളും സാക്ഷികളായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ, തങ്ങളുടെ കസ്റ്റഡിയിലുള്ള താലിബാന്‍ തടവുകാരെ വിട്ടയക്കില്ലെന്നു വ്യക്തമാക്കി അഫ്ഗാന്‍ സര്‍ക്കാര്‍ രംഗത്തെത്തി. താലിബാന്‍ അഫ്ഗാന്‍ സേനക്കെതിരേ ആക്രമണം പുനരാരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തടവുകാരെ വിട്ടയക്കുന്നതിന് ഉപാധിയുമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രംഗത്തെത്തിയത്.
5,000 താലിബാന്‍ തടവുകാരില്‍ 1,500 പേരെ ആദ്യഘട്ടമെന്നോണം വിട്ടയക്കാമെന്നായിരുന്നു അഫ്ഗാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് രാജ്യത്തെ സംഘര്‍ഷങ്ങള്‍ കുറയുന്ന മുറയ്ക്കു ബാക്കിയുള്ളവരെ കൂടി വിട്ടയക്കാമെന്നും. ഇതിനിടയില്‍ ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ചയാകാമെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഉപാധികളോടെയുള്ള വിട്ടയക്കല്‍ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം താലിബാന്‍ രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍, അത്തരം നിര്‍ദേശങ്ങള്‍ നേരത്തെ ഒപ്പിട്ട സമാധാന കരാറിന്റെ ലംഘനമാണെന്നും വ്യക്തമാക്കി. പ്രദേശത്ത് സമാധാനം തിരികെയെത്തണമെങ്കില്‍ സമാധാന കരാറിലെ വാഗ്ദാനം പോലെ 5,000 തടവുകാരെയും വിട്ടയക്കണമെന്നാണ് താലിബാന്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."