അമിത്ഷാക്കെതിരേ തുറന്നടിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരേ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെത്തി തനിക്കെതിരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അമിത്ഷായെ പോലുള്ള നേതാക്കള്‍ വിവരമില്ലാത്തവരാണെന്നാണ് മമത തുറന്നടിച്ചത്. ബംഗാളിലെ ചിട്ടി ഫണ്ട് ഉടമകള്‍ മമതയുടെ ചിത്രം വിറ്റ് കോടികള്‍ സമ്പാദിച്ചുവെന്നാണ് പശ്ചിമ മിഡ്‌നാപൂരില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ അമിത്ഷാ ആരോപിച്ചത്. എന്നാല്‍ ഇത് തെളിയിക്കാന്‍ മമത ബി.ജെ.പി അധ്യക്ഷനെയും പ്രധാനമന്ത്രിയെയും വെല്ലുവിളിച്ചു. ചിത്രങ്ങള്‍ വിറ്റ് കോടികള്‍ സമ്പാദിച്ചുവെന്ന ആരോപണത്തില്‍ നിജസ്ഥിതി വ്യക്തമാക്കാന്‍ താന്‍ വെല്ലുവിളിക്കുകയാണ്. ഇത്തരത്തില്‍ താന്‍ ഒരു ചില്ലിക്കാശെങ്കിലും വാങ്ങിച്ചുവെന്ന് തെളിയിക്കാന്‍ മോദിക്ക് കഴിയുമോയെന്നും അവര്‍ ചോദിച്ചു.
ഡല്‍ഹിയില്‍ നിന്നെത്തുന്ന അമിത്ഷായെ പോലുള്ള നേതാക്കള്‍ വിദ്യാഭ്യാസമില്ലാത്തവരാണ്. ബംഗാളിന്റെ സംസ്‌കാരവും ആചാരങ്ങളും സംബന്ധിച്ച് അവര്‍ക്ക് യാതൊരു അറിവുമില്ല. തനിക്കെതിരായ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച മമത തെറ്റായ ആരോപണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ബംഗാളില്‍ സമാന്തര സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കാലാവധി തെരഞ്ഞെടുപ്പോടുകൂടി അവസാനിക്കുമെന്ന് മാത്രമല്ല രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പി അപ്രസക്തമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരായി ആരോപണമുന്നയിക്കുന്നവര്‍ അഹങ്കാരികളാണ്. താന്‍ ഒരുതരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ല. അതുകൊണ്ട് ആരുടെ മുന്‍പിലും ഇതുവരെ മുട്ടുമടക്കേണ്ടി വന്നിട്ടുമില്ല.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ അതേപടി പകര്‍ത്താനാണ് ബംഗാള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന അമിത്ഷായുടെ ആരോപണത്തിനും ശക്തമായ മറുപടിയാണ് മമത നല്‍കിയത്. വിവരമില്ലാത്തവര്‍ മാത്രമേ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുകയുള്ളൂ. താന്‍ ഏതെങ്കിലും പദ്ധതി പകര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണം. യാഥാര്‍ഥ്യമെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം വിടാന്‍ താന്‍ തയാറാണ്. അങ്ങനെയല്ലെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ രാഷ്ട്രീയം വിടാന്‍ തയാറാകുമോയെന്നും മമത ചോദിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ശാക്തീകരണത്തിനായി നടപ്പാക്കിയ കന്യാശ്രീ പദ്ധതി കേന്ദ്രത്തിന്റെ ബേഠി ബച്ചാവോ പദ്ധതിയില്‍നിന്ന് രൂപം കൊടുത്തതാണെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയ ശേഷമാണ് കേന്ദ്രം ബേഠി ബച്ചാവോകൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാര്‍ 7,000 കോടി വകയിരുത്തിയപ്പോള്‍ കേന്ദ്രം വകയിരുത്തിയത് 100 കോടി മാത്രമാണെന്നും മമത ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."