ചര്‍ച്ച പരാജയം; റഷ്യയുമായുള്ള ആണവ കരാര്‍ യു.എസ് അവസാനിപ്പിക്കുന്നു
വാഷിങ്ടണ്‍: റഷ്യയുമായുള്ള ആണവ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് യു.എസ് സൈനിക വൃത്തങ്ങള്‍. കരാര്‍ നിലനിര്‍ത്താനുള്ള അന്തിമ ചര്‍ച്ചകളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കരാറുമായി ബന്ധപ്പെട്ട് റഷ്യന്‍ വിദേശകാര്യ സഹ മന്ത്രി സെര്‍ജി റെയ്ബ്കോവും യു.എസ് ആംസ് കണ്ട്രോള് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി ആന്‍ഡ്രിയ തോംപ്സണും ഇന്നലെ ബെയ്ജിങ്ങില്‍ അന്തിമ ചര്‍ച്ച നടത്തിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളാല്‍ ചര്‍ച്ച പരാജയമാണെന്ന് ഇരു രാജ്യങ്ങളും പിന്നീട് പറഞ്ഞു. 1987ല്‍ ഒപ്പുവച്ച ആണവായുധ നിയന്ത്രണ കരാറില്‍ നിന്നാണ് യു.എസ് പിന്മാറുന്നത്. റഷ്യ കരാര്‍ ലംഘനം നടത്തിയെന്ന് യു.എസ് നേരത്തെ ആരോപിച്ചിരുന്നു.
റഷ്യയുമായുള്ള ആണവ കരാര്‍ ഈ ആഴ്ച തന്നെ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തോംപ്സണ് പറഞ്ഞു. ദീര്‍ഘ ദൂര മിസൈലുകള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ യു.എസ് ഉടന്‍ ആരംഭിക്കും. ഇതിനായി കരാറില്‍ നിന്ന് പിന്മാറുമെന്നുള്ള പ്രഖ്യാപനം കൂടി നടത്തേണ്ടതുണ്ട്. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതിനായി ആറ് മാസത്തെ സമയമാണ് അനുവദിച്ചിരുന്നത്. ഫെബ്രുവരി രണ്ടോടെ യു.എസ് തീരുമാനം പ്രഖ്യാപിച്ചേക്കും.
ചര്‍ച്ച പരാജയപ്പെട്ടെങ്കിലും കരാര്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് റഷ്യന്‍ മന്ത്രി സെര്‍ജി റെയ്ബ്കോവ് പറഞ്ഞു. കരാര്‍ നിലനിര്‍ത്തുന്നതിനുള്ള 60 ദിവസത്തെ സമയമാണ് അനുവദിച്ചത്. കരാര്‍ നിലനിര്‍ത്താന്‍ യു.എസ് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."