കൊക്കക്കോളയുടെ പദ്ധതിക്ക് പെരുമാട്ടി പഞ്ചായത്തിന്റെ അനുമതി
പാലക്കാട്: അടച്ചു പൂട്ടിയ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി സാമൂഹിക സേവന പദ്ധതികളുടെ രൂപത്തില്‍ തിരിച്ചെത്തുന്നു.
കൊക്കകോളയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി പ്ലാച്ചിമടയിലെ ജനങ്ങളെ സഹായിക്കാന്‍ പറ്റുന്ന വ്യവസായ പദ്ധതിയുമായാണ് തിരിച്ചെത്തുന്നതെന്നും പഞ്ചായത്തിന് കൂടി പങ്കാളിത്തം നല്‍കാനും, കൂടുതല്‍ ജലം ഉപയോഗിക്കാത്ത പദ്ധതികളാണെങ്കില്‍ അനുമതി നല്‍കാനും ഇന്നലെ ചേര്‍ന്ന പെരുമാട്ടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. കോളകമ്പനി മറ്റൊരു രൂപത്തില്‍ പ്ലാച്ചിമടയില്‍ തിരുച്ചു വരുന്നതായി സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
പരിസ്ഥിതി പ്രശ്‌നങ്ങളും,ജലം മുഖ്യ അസംസ്‌കൃത വസ്തുവായിട്ടുള്ള വ്യവസായങ്ങളാണോയെന്ന് പഞ്ചായത്ത് പരിശോധിച്ചതിനു ശേഷമേ അന്തിമ അനുമതി നല്‍കൂ. ഇക്കാര്യത്തില്‍ നിയമജ്ഞരുടെ നിര്‍ദേശം തേടാനും സര്‍ക്കാരിന്റെ അനുമതിതേടാനും ഭരണസമിതി തീരുമാനിച്ചു.
ഫലത്തില്‍ സാമൂഹിക സേവനത്തിന്റെ മറവില്‍ വീണ്ടും കൊക്കക്കോള കമ്പനി പ്ലാച്ചിമടയില്‍ തിരിച്ചെത്തുകയാണ്. ഇതിനെതിരേ കൊക്കക്കോള വിരുദ്ധ സമരസമിതി ഫെബ്രു 26ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്‌നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പഞ്ചായത്ത് അനുമതി നല്‍കിയാല്‍ ജലസേചന വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനും പരിപാടിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."