മാവോയിസ്റ്റ് ശ്രീമതി തമിഴ്നാട് പൊലിസിന്റെ പിടിയില്‍
സ്വന്തം ലേഖകന്‍
കോയമ്പത്തൂര്‍: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളോടൊപ്പം ഉണ്ടായിരുന്ന കര്‍ണാടക ചിക്മംഗ്ളുരുസ്വദേശിനി ശ്രീമതി (29) തമിഴ്നാട് പൊലിസ് ക്യൂബ്രാഞ്ചിന്റെ പിടിയില്‍. ബുധനാഴ്ച രാവിലെ അഞ്ചരയോടെ കോയമ്പത്തൂരിലേക്കു പോകുന്ന ബസില്‍ നിന്ന് ആനക്കട്ടിക്കടുത്തുവച്ച് പിടികൂടിയതായാണ് പൊലിസ് പറയുന്നത്. എന്നാല്‍ മുലഗംഗല് വനത്തില്‍ കഴിയുകയായിരുന്ന അവര്‍ സ്വമേധയാ കീഴടങ്ങിയതാണെന്നും പറയപ്പെടുന്നു.
അവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും പിടികൂടിയതായി അറിയുന്നു. ശ്രീമതിയെ ഈറോഡിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ നവംബര്‍ ഒന്‍പതിന് ഛത്തീസ്ഗഢ് സ്വദേശി ദീപക് തമിഴ്നാട് പൊലിസിനു കീഴടങ്ങിയിരുന്നു. നാടന്‍ തോക്കുകളും സ്ഫോടകവസ്തുക്കളും ദീപക്കില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അന്ന് ദീപക്കിനോടൊപ്പമുണ്ടായിരുന്ന ശ്രീമതി രക്ഷപ്പെട്ടതായി ക്യൂബ്രാഞ്ച് അറിയിച്ചിരുന്നു. പിന്നീടവര്‍ തമിഴ്നാട് പോലിസിന്റെ ഇടനിലക്കാരന് മുഖാന്തിരം പൊലിസില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നത്രെ.
മഞ്ചക്കണ്ടിയില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനു ശേഷം ദീപക്കും ശ്രീമതിയും എടവാണി, തുവ ഊരുകളിലായി കഴിയുമ്പോഴാണ് ദീപക് മാത്രം പൊലിസിനു പിടികൊടുത്തത്. കേരളാ പൊലിസിനു പിടികൊടുത്താല്‍ നീതി ലഭിക്കില്ലെന്ന വിശ്വാസത്തിലാണ് തമിഴ്നാട് പൊലിസിനു കീഴടങ്ങാന്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നു.
മഞ്ചക്കണ്ടി സംഭവത്തില്‍ ശ്രീമതി കൊല്ലപ്പെട്ടതായാണ് പൊലിസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടതായി പൊലിസ് കണ്ടെത്തിയിരുന്നു. അട്ടപ്പാടിയിലെ ഫോറസ്റ്റ് കൃാംപ് സെന്റര്‍ കത്തിച്ച കേസിലും മുക്കാലിയിലെ ഫോറസ്റ്റ് സ്റ്റേഷന് ആക്രമിച്ച കേസിലും നിര്‍ണായക പങ്കുവഹിച്ചയാളാണ് ശ്രീമതിയെന്ന് പൊലിസ് പറയുന്നു. ശ്രീമതി ഏറെക്കാലമായി സി.പി.ഐ (മാവോയിസ്റ്റ്) കബനി ദളത്തിനു വേണ്ടി അട്ടപ്പാടി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് ഒരു കുഞ്ഞുള്ളതായും പറയപ്പെടുന്നു. ശ്രീമതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ക്യൂബ്രാഞ്ച് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."