തലസ്ഥാനത്തും പക്ഷിപ്പനി ഭീതി; മൂന്ന് കൊക്കുകള്‍ ചത്തനിലയില്‍
തിരുവനന്തപുരം: പക്ഷിപ്പനി ഭീതി പരത്തി നഗരത്തില്‍ മൂന്ന് കൊക്കുകള്‍ ചത്തു. എം.എല്‍.എ ഹോസ്റ്റല്‍ വളപ്പിലെ മരത്തില്‍ മൂന്ന് കൊക്കുകള്‍ ഒരേസമയം ചത്ത് തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം.
കോഴിക്കോട് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം കണക്കിലെടുത്ത് ജില്ലാ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. പ്രേംജെയിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘവും ഫയര്‍ഫോഴ്‌സ് ജീവനക്കാരും മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് സ്ഥലത്ത് എത്തിയത്. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മരത്തില്‍ നിന്ന് കൊക്കുകളെ താഴെയിറക്കി.
ഡോക്ടര്‍മാരുടെ സംഘം ഒന്നിനെ കത്തിച്ചശേഷം രണ്ടെണ്ണത്തെ പെട്ടിയിലാക്കി പരിശോധനക്കായി പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസിലേക്ക് അയച്ചു. പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതിന് ശേഷമേ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ.
വെസ്റ്റ് കൊടിയത്തൂരിലും കാരമൂലയിലും
കേന്ദ്രസംഘം പരിശോധന നടത്തി
മുക്കം: പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂര്‍ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂരിലും വവ്വാലുകളെ വ്യാപകമായി ചത്ത നിലയില്‍ കണ്ടെത്തിയ കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലും കേന്ദ്ര സംഘം പരിശോധന നടത്തി.
കേന്ദ്ര ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവ് ഡോ. ഷൗക്കത്തലി, മൈക്രോബയോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ദീപ്തി റാവത്ത്, പള്‍മനറി സ്‌പെഷലിസ്റ്റ് ഡോ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെ കൊടിയത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പക്ഷിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് കൊടിയത്തൂരിലെ ഫാമിലെത്തിയ ശേഷം സ്ഥലം വിശദമായി പരിശോധിച്ചു. ഫാം ഉടമ ഷറീനയില്‍ നിന്ന് സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഫാമിന്റെ പരിസര പ്രദേശങ്ങളില്‍ ഏറെ നേരം ചെലവഴിച്ച കേന്ദ്രസംഘം ശേഷം പന്നിക്കോട്ടെ വെറ്ററിനറി ആശുപത്രിയിലെത്തി കാര്യങ്ങള്‍ വിശകലനം ചെയ്തു. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. ഉച്ചക്ക് ഒരു മണിയോടെയാണ് ഇവര്‍ കാരമൂലയില്‍ എത്തിയത്. വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലം വിശദമായി പരിശോധിച്ച സംഘം നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ചെറുവാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ബാബുരാജാണ് സംഘത്തിനെ സഹായിക്കാനായി ഒപ്പമുണ്ടായിരുന്നത്. ഫെബ്രുവരി 28നാണ് വെസ്റ്റ് കൊടിയത്തൂരിലെ ഫാമില്‍ പക്ഷിപ്പനിയുടെ ലക്ഷണം കണ്ടെത്തിയത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കാരമൂല സുബുലുല്‍ ഹുദാ മദ്‌റസ വളപ്പിലെ മരച്ചുവട്ടില്‍ വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. വവ്വാലുകളുടെ സാംപിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."