സര്‍വകലാശാലയില്‍ ഇതൊക്കെ പതിവത്രേ...!
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ മൂന്നു കോളജുകളില്‍ ബിരുദ പരീക്ഷയിലെ കൂട്ടത്തോല്‍വിക്കു കാരണമായത് മൂല്യനിര്‍ണയത്തില അപാകതയാണെന്ന് ആക്ഷേപം. വിഷയത്തില്‍ പരാതിയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സര്‍വകലാശാലയില്‍ ഇതു യാദൃശ്ചിക സംഭവമല്ലെന്നും പതിവു കാഴ്ചയാണെന്നുമാണ് ആരോപണമുയരുന്നത്.
ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നിരന്തരം പരാതി നല്‍കുകയല്ലാതെ വീഴ് വരുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍വകലാശാല തയാറാകാറില്ലെന്നാണ് ആക്ഷേപം. മൂല്യനിര്‍ണയ വേതനം നല്‍കുന്നില്ലെന്നു കാണിച്ചു ചില അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാംപുകള്‍ ബഹിഷ്‌കരിക്കുന്നതും പതിവാണ്.
അമിത ഫീസ് നല്‍കി പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനാണ് കൂട്ടത്തോല്‍വിക്കിരയായ വിദ്യാര്‍ഥികളോട് അധികൃതര്‍ ആവശ്യപ്പെടുന്നത്. ബന്ധപ്പെട്ട അധ്യാപകരുടെ സ്ഥിരമായുള്ള ഇത്തരം അനാസ്ഥയില്‍ ബലിയാടാകുന്നതും വിദ്യാര്‍ഥികളാണ്. ഇതുകാരണം അധിക പണവും സമയനഷ്ടവും വിദ്യാര്‍ഥികള്‍ അനുഭവിക്കണം.
630 രൂപയാണ് പുനര്‍മൂല്യനിര്‍ണയത്തിനു ഫീസ് അടയ്‌ക്കേണ്ടത്. ചിറ്റൂര്‍ ഗവ. കോളജ്, പെരിന്തല്‍മണ്ണ അല്‍ ജാമിഅ, എച്ച്.എം കോളജ് മഞ്ചേരി എന്നിവിടങ്ങളിലാണ് കൂട്ടത്തോല്‍വിയുടെ പരാതിയുമായി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സര്‍വകലാശാലയിലെത്തിയത്. ജനുവരി 25നു ഫലം പ്രസിദ്ധീകരിച്ച ബി.എസ്.സി നാലാം സെമസ്റ്ററിലെ ഭൂമിശാസ്ത്ര വിഷയത്തിലാണ് കൂട്ടത്തോല്‍വിയുണ്ടായത്. പല വിദ്യാര്‍ഥികള്‍ക്കും എക്‌സ്റ്റേണല്‍ മാര്‍ക്ക് പത്തില്‍ താഴെയാണ് ലഭിച്ചിട്ടുള്ളത്.
പൂജ്യം മാര്‍ക്ക് ലഭിച്ചവരും കൂട്ടത്തിലുണ്ട്. ഒന്നു മുതല്‍ മൂന്നു വരെ സെമസ്റ്ററുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരില്‍ പലരും നാലാം സെമസ്റ്ററില്‍ കൂട്ടത്തോടെ പരാജയപ്പെട്ടതായാണ് പരാതി.
എച്ച്.എം കോളജില്‍ 26 പേരില്‍ മൂന്നു പേര്‍ മാത്രമാണ് വിജയിച്ചത്. ചിറ്റൂര്‍ ഗവ. കോളജില്‍ 34 പേരില്‍ 13 വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു. ഇവിടെ 21 പേരില്‍ മൂന്നു പേര്‍ക്കു ഡി ഗ്രേഡും 18 പേര്‍ക്ക് ഇ ഗ്രേഡുമാണ് ലഭിച്ചത്. അല്‍ ജാമിഅ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 22ല്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് വിജയിച്ചത്. മൂല്യനിര്‍ണയത്തില്‍ വ്യക്തമായ പിഴവ് സംഭവിച്ചതായാണ് വിദ്യാര്‍ഥികളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."