പാഠപുസ്തക വിതരണം പൂര്‍ത്തിയായെന്ന്
കെ.ബി.പി.എസ്തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം പൂര്‍ത്തിയായെന്ന് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എം.ഡി ടോമിന്‍ തച്ചങ്കരി. സ്‌കൂള്‍ തുറന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ പാഠപുസ്തകങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്യാന്‍ സാധിച്ചെന്നും കഴിഞ്ഞ അധ്യയനവര്‍ഷം രണ്ടര മാസത്തോളം വൈകിയാണു പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ ലഭ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി സംസ്ഥാനത്തെ പന്ത്രണ്ടായിരത്തോളം സ്‌കൂളുകളില്‍ പാഠപുസ്തകം വിതരണം ചെയ്തു. 3,300 സ്‌കൂള്‍ സൊസൈറ്റികളിലേക്കും പാഠപുസ്തകങ്ങള്‍ എത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി. എസ്.സി.ഇ.ആര്‍.ടിയുടെ അംഗീകാരം കിട്ടാത്ത ഒന്‍പത്, 10 ക്ലാസുകളിലെ ഐ.ടി പുസ്തകങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മറ്റ് ഏതെങ്കിലും പാഠപുസ്തകങ്ങള്‍ ഡിപ്പോകളില്‍ ലഭിക്കാത്തവര്‍ക്ക് കെ.ബി.പി.എസ് ഹെല്‍പ്‌ലൈന്‍ നമ്പരുകളായ 9995411786, 9995412786 എന്നിവയില്‍ ബന്ധപ്പെടാം.
ഈ വര്‍ഷം കെ.ബി.പി.എസിന്റെ പ്രസിലാണ് പാഠപുസ്തകങ്ങള്‍ അച്ചടിച്ചത്. ജനുവരി 19നു മാത്രമാണ് പേപ്പര്‍ വാങ്ങാനുള്ള പണം കെ.ബി.പി.എസിനു ലഭിച്ചതെന്നും നാലരമാസത്തെ കഠിനപ്രയത്‌നത്തിലൂടെയാണ് അച്ചടി പൂര്‍ത്തിയാക്കിയതെന്നും എം.ഡി പറഞ്ഞു. ശക്തമായമഴയും ചില ഡിപ്പോകളിലെ ശോചനീയാവസ്ഥയും അണ്‍എയ്ഡഡ് സ്‌കൂളുകള്‍ ഒന്നിച്ചു ഓര്‍ഡര്‍ നല്‍കിയതും ചില കേന്ദ്രങ്ങളില്‍ പാഠപുസ്തവിതരണം തടസപ്പെടുത്തിയിരുന്നു. സിലബസ് മാറ്റമുള്ള ഒന്‍പത്, 10 ക്ലാസുകളിലെ പാഠപുസ്തക അച്ചടി ഏപ്രില്‍ മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നതായും പാഠപുസ്തക വിതരണസമ്പ്രദായം പരിഷ്‌കരിച്ചതിലൂടെ സര്‍ക്കാരിന് ആറുകോടി രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ടെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."