30,000 നഗരവാസികള്‍ക്ക് ഭവന വായ്പയുമായി കുടുംബശ്രീ
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരപ്രദേശത്തെ ഭവനരഹിതരും പ്രതിവര്‍ഷം ആറുലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളതുമായ മുപ്പതിനായിരം പേര്‍ക്ക് ഭവനവായ്പ നല്‍കുമെന്ന് കുടുംബശ്രീ.
രണ്ടുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനായി വിവിധ ബാങ്കുകള്‍ക്കുള്ള ലക്ഷ്യം നിശ്ചയിച്ചതായി കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു. 2022 ഓടെ നഗരപ്രദേശത്തെ എല്ലാവര്‍ക്കും പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ സംസ്ഥാനത്തെ നോഡല്‍ ഏജന്‍സി എന്ന നിലയിലാണ് കുടുംബശ്രീയുടെ ദൗത്യം. ആദ്യഘട്ടത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൊടുപുഴ, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കല്‍പ്പറ്റ നഗരസഭകള്‍ക്കുകീഴിലെ അര്‍ഹരായ 26,255 ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു. മറ്റു നഗരസഭകളിലും ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി പ്രകാരം പുതുതായി വീട് നിര്‍മിക്കുന്നതിനും വാങ്ങുന്നതിനും വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണത്തിനും ബാങ്ക്‌വായ്പ ലഭിക്കും. മൂന്നു ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനും ആറു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 60 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനും വായ്പ ലഭിക്കും. പദ്ധതി ഗുണഭോക്താക്കളുടെ ആറു ലക്ഷം രൂപവരെയുള്ള ബാങ്ക് വായ്പയ്ക്ക് ആറര ശതമാനം പലിശ സബ്‌സിഡി നല്‍കും. ഇതിനു മുകളില്‍ വരുന്ന തുകയ്ക്ക് ബാങ്കുകള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സാധാരണ പലിശ നല്‍കണം. വരുമാന നികുതി നല്‍കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വായ്പയെടുത്താല്‍ അവര്‍ക്കും പലിശ സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കും.
ഹഡ്‌കോ, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി നിയോഗിച്ചിട്ടുള്ള കേന്ദ്ര നോഡല്‍ ഏജന്‍സികള്‍. ഇവയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുള്ള ബാങ്കുകളാണ് വായ്പ അനുവദിക്കുന്നത്. വായ്പയ്ക്കായി അപേക്ഷിക്കുന്ന ബാങ്കുകളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാകും വായ്പാതുക അനുവദിക്കുക. 15 വര്‍ഷമാണ് വായ്പാ കാലാവധി. വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ദരിദ്രരായ ഗുണഭോക്താക്കളെ സഹായിക്കുന്നതിനായി നഗരസഭകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വായ്പയ്ക്കായി അപേക്ഷകന്‍ ബാങ്കുകളില്‍ നേരിട്ട് അപേക്ഷ നല്‍കിയാലും നഗരസഭ നല്‍കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ. 2003നു ശേഷം കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി നടപ്പാക്കിയ വിവിധ നഗര ഭവനനിര്‍മാണ പദ്ധതികളിലൂടെ ഇതിനകം 50,912 വീടുകള്‍ നിര്‍മിക്കുന്നതിനും 11,584 വീടുകള്‍ പുനരുദ്ധരിക്കുന്നതിനും കഴിഞ്ഞതായും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."