ഖത്തര്‍ നാഷണല്‍ ലൈബ്രറി പൂട്ടി; മുഐതര്‍ ഹെല്‍ത്ത് സെന്റര്‍ കൊറോണ പരിശോധന കേന്ദ്രമാക്കി
ദോഹ: കൊറോണ വൈറസ് പകരുന്നത് തടയുന്നതിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ ദേശീയ ലൈബ്രറി ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടു. അതേസമയം, ലൈബ്രറിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ലഭ്യമാവുമെന്ന് ഖത്തര്‍ നാഷനല്‍ ലൈബ്രറി വെബ്‌സൈറ്റ് അറിയിച്ചു.
ഇബുക്കുകള്‍, ജേണലുകള്‍, മാഗസിനുകള്‍, പത്രങ്ങള്‍ എന്നിവ മെമ്പര്‍ഷിപ്പ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ വായിക്കാവുന്നതാണ്. നേരത്തേ എടുത്ത പുസ്തകങ്ങള്‍ സ്വമേധയാ റിന്യൂ ചെയ്യപ്പെടും. ഈ കാലയളവില്‍ പിഴ ഈടാക്കില്ലെന്ന് ക്യുഎന്‍എല്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ലൈബ്രറിക്ക് പുറത്തുള്ള ഡ്രൈവ് ത്രൂ ബുക്ക് ഡ്രോപ്പ് വഴിയും ലൈബ്രറിയുടെ പ്രധാന ഗേറ്റിന് അകത്തുള്ള റിട്ടേണ്‍ ബിന്നുകള്‍ വഴിയും പുസ്തകം മടക്കിനല്‍കാവുന്നതാണ്.
അതേ സമയം, മുഐതര്‍ ഹെല്‍ത്ത് സെന്റര്‍ ഇനിയൊരറിപ്പുണ്ടാകുന്നതുവരെ കൊറോണ പരിശോധനാ കേന്ദ്രമാക്കിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അറിയിച്ചു. ഇതു മൂലം മുഐതര്‍ ഹെല്‍ത്ത് സെന്ററിലെ മറ്റ് സേവനങ്ങളില്‍ മാറ്റം വരും.
ഇവിടെയുള്ള ആന്റിനാറ്റല്‍, വെല്‍ ബേബി, അള്‍ട്രാ സൗണ്ട്, നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ് സേവനങ്ങള്‍ അല്‍ വജ്ബ ഹെല്‍ത്ത് സെന്ററിലേക്കു മാറ്റി. മുഐതര്‍ ഹെല്‍ത്ത് സെന്ററിലെ വാക്ക് ഇന്‍ അപ്പോയിന്‍മെന്റുകള്‍ക്ക് തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളായ അബൂബക്കര്‍ അല്‍ സിദ്ദീഖ് ഹെല്‍ത്ത് സെന്റര്‍, അല്‍ റയ്യാന്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ വജ്ബ ഹെല്‍ത്ത് സെന്റര്‍, അല്‍ വഅബ് ഹെല്‍ത്ത് സെന്റര്‍ എന്നിവയെ സമീപിക്കണം.
ഇഎന്‍ടി, ഡെന്റിസ്ട്രി തുടങ്ങിയ അത്യാശ്യമല്ലാത്ത ക്ലിനിക്കല്‍ സേവനങ്ങള്‍ മറ്റു തിയ്യതികളിലേക്ക് റീഷെഡ്യൂള്‍ ചെയ്യപ്പെടും. ഈ വിഭാഗത്തില്‍പ്പെട്ടതോ പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങള്‍ ഉള്ളവരോ അത്യാവശ്യമാണെങ്കില്‍ മാത്രമേ പിഎച്ച്‌സിസി ഹെല്‍ത്ത് സെന്ററുകളെ സമീപിക്കാവൂ എന്നും അല്ലാത്തവര്‍ റദ്ദാക്കുകയോ തിയ്യതി മാറ്റിവയ്ക്കുകയോ ചെയ്യണമെന്നും പിഎച്ച്‌സിസി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."