മുക്കത്തെ ട്രാഫിക് പരിഷ്‌കരണം: നടപടിയാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ പൊലിസ് സ്റ്റേഷനില്‍
മുക്കം: നഗരത്തില്‍ രണ്ട് വര്‍ഷം മുന്‍പ് നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണം പൂര്‍ണ തോതില്‍ വിജയിപ്പിക്കുന്നതിന് നടപടിയാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലര്‍ പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തി. മുക്കം ടൗണ്‍ കൗണ്‍സിലര്‍ വിജയനാണ് സഹായമഭ്യര്‍ഥിച്ച് മുക്കം പൊലിസ് സ്റ്റേഷനിലെത്തിയത്.
2016 ഓഗസ്റ്റ് ഒന്ന് മുതല്‍ നടപ്പിലാക്കിയ പരിഷ്‌ക്കരണം രണ്ട് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണ തോതില്‍ നടപ്പാക്കാനായിട്ടില്ല. ബസുകളുടെ റൂട്ട് മാറ്റം മാത്രമാണ് തീരുമാനിച്ച കാര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കാനായത്. മുക്കം ബൈപ്പാസ്, ഓര്‍ഫനേജ് റോഡ്, മാര്‍ക്കറ്റ് റോഡ്, പി.സി റോഡ്, അഭിലാഷ് ജംഗ്ഷന്‍ മുതല്‍ ആലിന്‍ചുവട് വരെയുള്ള റോഡ് എന്നിവയെല്ലാം വണ്‍വേ ആക്കിയിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല.
ഈ റോഡിലെല്ലാം ഇപ്പോള്‍ ഇരുഭാഗത്തേക്കും വാഹന ഗതാഗതം നടക്കുന്നുണ്ട്. ഇത് പലപ്പോഴും ഗതാഗത തടസത്തിനും കാരണമാവാറുണ്ട്. ഓട്ടോറിക്ഷകളുടെ ട്രാക്ക് മാറ്റം, ഉന്തുവണ്ടിക്കാര്‍ക്ക് ഏകീകൃത സ്ഥലം, ടാക്‌സികള്‍ക്ക് പാര്‍ക്കിങിന് പ്രത്യേക സ്ഥലം തുടങ്ങിയവയും നടപ്പിലാക്കാനായില്ല. ആവശ്യമായ പൊലിസിനെയും ഹോം ഗാര്‍ഡുമാരെയും ലഭ്യമല്ലാത്തതാണ് പരിഷ്‌ക്കരണം പരാജയപ്പെടാനുള്ള പ്രധാന കാരണം.
നിരവധി തവണ റൂറല്‍ എസ്.പി, താമരശ്ശേരി ഡിവൈ.എസ്.പി, മുക്കം പൊലിസ് എന്നിവരെ നഗരസഭാധികൃതര്‍ ബന്ധപ്പെട്ടിരുന്നങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ കൗണ്‍സിലര്‍ വീണ്ടും പൊലിസിന്റെ സഹകരണം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."