ബജറ്റ്: ജില്ലക്ക് കടുത്ത അവഗണന
കോഴിക്കോട്: പ്രളയവും നിപയും നിറംകെടുത്തിയ കോഴിക്കോടിനു സംസ്ഥാന ബജറ്റും സമ്മാനിച്ചത് നിരാശ. ജില്ല പ്രതീക്ഷിച്ച പ്രധാന പദ്ധതികള്‍ക്കൊന്നും പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായില്ല. ബേപ്പൂര്‍ തുറമുഖം, കോഴിക്കോട് വിമാനത്താവള വികസനം, മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനം എന്നിവയ്ക്കു പ്രതീക്ഷിച്ച പരിഗണന ലഭിച്ചില്ല. മൊബിലിറ്റി ഹബ്, ലൈറ്റ്‌മെട്രോ തുടങ്ങിയ പദ്ധതികളും പരാമര്‍ശിക്കപ്പെട്ടില്ല. പൊതുവെ നിരാശയാണ് ബജറ്റ് വാണിജ്യ, വ്യവസായ മേഖലക്ക് നല്‍കുന്നതെന്ന് ഈ മേഖലകളിലുള്ളവര്‍ പറയുന്നു.
ബജറ്റില്‍ നിരവധി വികസനപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ വിഭവസമാഹരണം ഇല്ലാത്തതിനാല്‍ ലക്ഷ്യത്തിലെത്തുമോയെന്നു സംശയിക്കുന്നതായി മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍പറഞ്ഞു. ബേപ്പൂര്‍ തുറമുഖം, വിമാനത്താവളം തുടങ്ങിയ അടിസ്ഥാന വികസന സൗകര്യങ്ങള്‍ക്ക് സഹായം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. രണ്ടുവര്‍ഷത്തേക്ക് ഒരു ശതമാനം പ്രളയ സെസ് ഈടാക്കുന്നതിനാല്‍ മിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വിലകൂടും. പൊതുവെ തളര്‍ന്ന നിര്‍മാണ മേഖലക്ക് ബജറ്റ് കനത്ത തിരിച്ചടിയാകും. ഏറ്റവും കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്ന നിര്‍മാണ മേഖലയ്ക്ക് തളര്‍ച്ച സംഭവിച്ചാല്‍ തൊഴിലില്ലായ്മ കൂടുമെന്നും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി റിട്ട. ലഫ്. കേണല്‍ കെ.കെ മനു പറഞ്ഞു.
വ്യാപാരികളും ബജറ്റിനെ നിരാശയോടെയാണു നോക്കിക്കാണുന്നത്. നവകേരള സൃഷ്ടിക്കായി 27 വിഭാഗങ്ങള്‍ക്കു പരിഗണനയും സാമ്പത്തികവും നല്‍കിയപ്പോള്‍ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ സാമ്പത്തിക സ്രോതസ് നല്‍കുന്ന വ്യാപാര മേഖലയെ പൂര്‍ണമായും ബജറ്റില്‍ അവഗണിച്ചെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണത്തിനും ആഡംബര വസ്തുക്കള്‍ക്കും പ്രളയസെസ് ഏര്‍പ്പെടുത്തിയത് വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നു വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ വ്യാപാരം സമീപ സംസ്ഥാനങ്ങളിലേക്കു നീങ്ങുമെന്നും ഇവര്‍ ഭയപ്പെടുന്നു.
ആയിരക്കണക്കിനു കോടിരൂപ നാശനഷ്ടമുണ്ടായ വ്യാപാരമേഖലയ്ക്ക് 10 കോടി രൂപ ക്ഷേമനിധിയിലേക്ക് അനുവദിച്ചതുകൊണ്ട് യാതൊരു നേട്ടവുമുണ്ടാവുകയില്ലെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ 40 ലക്ഷത്തിനു ചുവടെയുള്ള ചെറുകിട വ്യാപാരികള്‍ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ വേണ്ട എന്ന നിയമം കേരളത്തില്‍ നടപ്പാക്കിയത് സ്വാഗതാര്‍ഹമാണെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും വ്യാപാരി വ്യവസായി ഏകോപന സമിതിയും പറഞ്ഞു.
എന്നാല്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ പോലും ടെസ്റ്റ് പര്‍ച്ചേഴ്‌സ് പ്രതികൂലമാകും. വസ്തുക്കളുടെ മൂല്യത്തില്‍ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയ നടപടി വന്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആരോപിച്ചു. കോഴിക്കോടിനു പ്രതീക്ഷിച്ച പദ്ധതികളൊന്നും ലഭിച്ചില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതീക്ഷിച്ചത് ലഭിച്ചില്ല, എന്നാലും...
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബജറ്റിലും കോഴിക്കോടിനെ സംബന്ധിച്ച അടിസ്ഥാന വികസന സൗകര്യങ്ങള്‍ക്കുപോലും ഫണ്ട് വകയിരുത്തിയിട്ടില്ല. നവകേരളത്തിനുള്ള 25 പദ്ധതികളിലും കോഴിക്കോട് ഉള്‍പ്പെട്ടതു പേരിനു മാത്രം. കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും വ്യവസായ സമുച്ചയങ്ങളുടെ ശൃംഖല ഒരുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച ബജറ്റ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെക്കുറിച്ച് മിണ്ടുന്നേയില്ല.
കണ്ണൂരില്‍ വിമാനങ്ങള്‍ക്ക് ഇന്ധന നികുതിയില്‍ ഇളവ് നല്‍കിയതു പോലെ കോഴിക്കോട് വിമാനത്താവളത്തിനും ഇന്ധനികുതി കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതേക്കുറിച്ച് വ്യോമഗതാഗത മേഖലയില്‍ പരാമര്‍ശമേയില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കരിപ്പൂരിന്റെ ചിറകരിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ശ്രമിക്കുകയാണെന്ന സംശയവും ഇതോടെ ബലപ്പെട്ടു.
പൊതുമേഖലാ വ്യവസായങ്ങളില്‍ ഉള്‍പ്പെടുത്തി കോഴിക്കോട്ട് തിരുവണ്ണൂരിലെ മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സിന് 25 കോടി രൂപയും പൊതുവിദ്യാഭ്യാസത്തില്‍ കോഴിക്കോട് സര്‍വകലാശാലക്ക് 25 കോടി രൂപയും അനുവദിച്ചതാണ് ഇതിന് അപവാദം. എയര്‍പോര്‍ട്ട്, മൊബിലിറ്റി ഹബ്, ബേപ്പൂര്‍ പോര്‍ട്ട്, ഐ.ടി മേഖല, ടൂറിസം മേഖല, ബീച്ച് മോഡിഫിക്കേഷന്‍, നഗരപാതാ വികസന പദ്ധതി ഇവയെയെല്ലാം ബജറ്റ് വിഴുങ്ങി.
തിക്കോടി റെയില്‍വേ മേല്‍പാലത്തിന് 11 കോടി
പയ്യോളി: തിക്കോടി റെയില്‍വേ മേല്‍പാലത്തിനു ബജറ്റില്‍ വകയിരുത്തിയത് 11 കോടി രൂപ. കെ. ദാസന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് റെയില്‍വേ മേല്‍പാലത്തിന് തുക അനുവദിച്ചത്. വളരെ കാലത്തെ മുറവിളിക്കു ശേഷമാണ് ജനകീയ ഇടപെടലിലൂടെ തിക്കോടിയില്‍ റെയില്‍വേ മേല്‍പാലം നിര്‍മാണത്തിനു വഴിതെളിഞ്ഞത്.
നേരത്തെ റെയില്‍വേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ ഫലമായി അടിപ്പാതയ്ക്കു വേണ്ടിയുള്ള സ്ഥലം പരിശോധിച്ച് നിര്‍ണയിക്കുകയും രണ്ടു ശതമാനം സംഖ്യയായ ഒന്‍പത് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും പ്രവാസികളില്‍ നിന്നും സംഭാവന സ്വരൂപിക്കുകയും ചെയ്തിരുന്നു.
തിക്കോടിയില്‍ റെയില്‍വേ അടിപ്പാത നിര്‍മാണം പ്രായോഗികമായി ബുദ്ധിമുട്ടാണെന്നു പറഞ്ഞ് അന്നത് ഒഴിവായി. പിന്നീട് വീണ്ടും റെയില്‍വേ മേല്‍പാലം പണിയണമെന്ന ആവശ്യമുയരുകയായിരുന്നു.
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: സര്‍ക്കാരിന്റേത് വഞ്ചന- ആക്ഷന്‍ കമ്മിറ്റി
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനു ഫണ്ട് അനുവദിക്കാത്തത് സര്‍ക്കാര്‍ നഗരത്തിലെ ജനങ്ങളോട് ചെയ്ത വഞ്ചനയാണെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം.ജി.എസ് നാരായണന്‍, വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജന. സെക്രട്ടറി എം.പി വാസുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈയടുത്ത് ഭരണാനുമതി നല്‍കിയ 234.5 കോടി രൂപയില്‍ 78 കോടി ഈ ബജറ്റില്‍ വകയിരുത്തുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എ. പ്രദീപ്കുമാര്‍ എം.എല്‍.എയും ഇടതുമുന്നണി പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനവും പാഴ്‌വാക്കായി മാറിയെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്നു വൈകിട്ട് ആറിന് ഡോ. എം.ജി.എസിന്റെ വീട്ടില്‍ യോഗം ചേരും.
പ്രവാസികളുടെ മൃതദേഹം: പ്രഖ്യാപനം പ്രാബല്യത്തില്‍ കൊണ്ടുവരണം
കോഴിക്കോട്: വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന കേരള ബജറ്റിനെ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം സ്വാഗതം ചെയ്തു. പ്രവാസികളുടെ മൃതശരീരം നോര്‍ക്ക വഴി നാട്ടില്‍ എത്തിക്കുമെന്ന പ്രഖ്യാപനം പൂര്‍ണമായും പ്രാബല്യത്തില്‍ കൊണ്ടുവരണം.
ഇന്ത്യക്കാരായ പ്രവാസികള്‍ വിദേശത്തു മരിച്ചാല്‍ മൃതശരീരം സൗജന്യമായി നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി നടത്തണമെന്ന് എം.ഡി.എഫ് നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രസിഡന്റ് കെ.എം.ബഷീര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ. സെയ്ഫുദ്ദീന്‍, ട്രഷറര്‍ ജി ടെക് അബ്ദുല്‍ കരീം, ഇടക്കുനി അബ്ദുറഹിമാന്‍, ഷൈക്ക് ഷാഹിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."