അങ്കണ്‍വാടി വര്‍ക്കേഴ്‌സിന്റേയും ഹെല്‍പര്‍മാരുടേയും പെന്‍ഷന്‍ ഇരട്ടി
കയ്പമംഗലം: സംസ്ഥാനത്തെ അങ്കണ്‍വാടി വര്‍ക്കേഴ്‌സിന്റേയും ഹെല്‍പര്‍മാരുടേയും പെന്‍ഷന്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. നിയമസഭയില്‍ കയ്പമംഗലം എം.എല്‍.എ.ഇ.ടി.ടൈസണ്‍ മാസ്റ്ററുടെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുമ്പോഴാണ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അങ്കണ്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
അങ്കണ്‍വാടി വര്‍ക്കര്‍ക്ക് പ്രതിമാസം അഞ്ഞൂറ് രൂപയും ഹെല്‍പര്‍ക്ക് മുന്നൂറ് രൂപയും പെന്‍ഷന്‍ വര്‍ദ്ധനവ് അനുവദിച്ചാണ് ഉത്തരവായിട്ടുള്ളത്. അങ്കണ്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് ക്ഷേമനിധിയിലേക്ക് അംഗങ്ങള്‍ നിക്ഷേപിക്കുന്ന വിഹിതവും ആയതിന് തത്തുല്യമായ സര്‍ക്കാര്‍ നല്‍കുന്ന വിഹിതവും ഉള്‍ക്കൊള്ളുന്ന തുക സ്ഥിരനിക്ഷേപമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലും ട്രഷറിയിലും നിക്ഷേപിച്ചിട്ടുള്ളതിന്റെ പലിശയില്‍ നിന്നാണ് അങ്കണ്‍വാടി പ്രവര്‍ത്തകര്‍ക്ക് നിലവില്‍ പെന്‍ഷന്‍ അനുവദിച്ചു കൊണ്ടിരിക്കുന്നത്.
നിലവില്‍ 3560 അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും 4610 ഹെല്‍പര്‍മാര്‍ക്കും ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍ അനുവദിച്ചു നല്‍കുന്നുണ്ട്. 2016-17 ബജറ്റില്‍ അങ്കണ്‍വാടി വര്‍ക്കര്‍മാരുടേയും ഹെല്‍പര്‍മാരുടേയും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം പാരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹ്യ നീതി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് അങ്കണ്‍വാടി വര്‍ക്കര്‍മാരുടേയും ഹെല്‍പര്‍മാരുടേയും പെന്‍ഷന്‍ യഥാക്രമം ആയിരം രൂപയും അറുനൂറ് രൂപയുമായി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് അഞ്ഞൂറ് രൂപയും ഹെല്‍പര്‍ക്ക് മുന്നൂറ് രൂപയുമായിരുന്നു പെന്‍ഷന്‍ നല്‍കിയിരുന്നത്. ഇതനുസരിച്ച് വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും ക്ഷേമനിധിയിലേക്ക് യഥാക്രമം അടച്ചിരുന്ന മുപ്പത് രൂപയും പതിനഞ്ച് രൂപയും ഇരുനൂറ് രൂപയും നൂറ് രൂപയുമായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.
33115 അങ്കണ്‍വാടി വര്‍ക്കര്‍മാരുടേയും 32986 ഹെല്‍പര്‍മാരുടേയും പ്രതിവര്‍ഷ ക്ഷേമനിധി തുക 11.37 കോടി രൂപയാണ്. അന്‍പത് ശതമാനം സര്‍ക്കാര്‍ വിഹിതം 5.68 കോടി രൂപയുമാണ്. വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുക അനുസരിച്ച് പ്രതിവര്‍ഷം സര്‍ക്കാരിന് 7.57 കോടി രൂപ അധിക ചെലവ് വരും.
500 അങ്കണ്‍വാടി വര്‍ക്കര്‍മാരും 500 ഹെല്‍പര്‍മാരും പ്രതിവര്‍ഷം പെന്‍ഷനാകുന്നതായി കണക്കാക്കിയാല്‍ ഓരോ വര്‍ഷവും സര്‍ക്കാരിന് 19.20 കോടി രൂപയുടെ അധിക ചെലവുണ്ടാകും.അങ്കണ്‍വാടി വര്‍ക്കര്‍ പെന്‍ഷനാകുമ്പോള്‍ അവരടച്ച വിഹിതം പതിനൊന്ന് ശതമാനം പലിശ സഹിതവും സര്‍ക്കാര്‍ വിഹിതവും നല്‍കും. 15000 രൂപ ഗ്രാറ്റിയൂറ്റിയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."