നിര്‍ഗുണ പരബ്രഹ്മങ്ങളെ സൃഷ്ടിക്കുന്ന കോച്ചിങ് സെന്ററുകള്‍
ചേതന്‍ ഭഗതിന്റെ റെവലൂഷന്‍ 2020 എന്ന പ്രശസ്തമായ നോവലിന്റെ ആദ്യ അധ്യായത്തിന്റെ തലക്കെട്ട് കോട്ട എന്നാണ്. കോട്ട രാജസ്ഥാനിലെ ഒരു ഇടത്തരം പട്ടണമാണ്. ഈ നഗരത്തിന് മറ്റൊരു പേരു കൂടിയുണ്ട്. ഇന്ത്യയുടെ കോച്ചിങ് ക്യാപിറ്റല്‍, അഥവാ പരീക്ഷാ പരിശീലന തലസ്ഥാനം. ഐ.ഐ.ടി എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പഠിക്കാന്‍ വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നിട്ടുള്ള പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ഈ നഗരം. എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളും അവര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളുമാണ് നഗരത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. 1985ല്‍ വിനോദ് കുമാര്‍ ബന്‍സാല്‍ തുടങ്ങിയ ഈ ബിസിനസ്സിന്റെ ഇപ്പോഴത്തെ വാര്‍ഷിക ടേണ്‍ ഓവര്‍ അഞ്ഞൂറുകോടി രൂപയിലേറെ വരും. കോട്ടയില്‍ പരീക്ഷാ പരിശീലനത്തനെത്തിയ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിന്റെ ഗതിവിഗതികളാണ് ചേതന്‍ ഭഗത്തിന്റെ കൃതിയുടെ പ്രമേയം. നിതീഷ് രാജ് പുരോഹിതും ഹര്‍ഷ് അഗര്‍വാളും ചേര്‍ന്ന് എഴുതിയ 'ലൈഫ് ഇന്‍ എ നട്ട് ഷെല്‍' എന്ന പുസ്തകത്തിന്റെ പ്രമേയവും കോട്ടയിലെ പരീക്ഷാ പരിശീലനം തന്നെ. കോട്ടയെക്കുറിച്ച് സിനിമകളുമുണ്ട്. അതായത് ഇന്ത്യയില്‍ സാഹിത്യത്തെയും കലയേയും ത്രസിപ്പിക്കുന്ന പ്രമേയമായിത്തീര്‍ന്നിരിക്കുന്നു പരീക്ഷാ പരിശീലനം. ഇന്ത്യ തിളങ്ങുകയാണെന്നും മുന്നോട്ടു കുതിക്കുകയാണെന്നും ഇതുവെച്ച് നിസ്സംശയം പറയാം.
കേരളത്തിലെ കോട്ട ഏതാണ്? അടുത്ത കാലം വരെ അത് തൃശൂര്‍ ആയിരുന്നു. മെല്ലെ മെല്ലെ അത് പാല ആയിത്തീര്‍ന്നു. ഈ രണ്ടിടങ്ങളിലും മാത്രമല്ല എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നടക്കുന്നത്. എല്ലാ പ്രധാന പട്ടണങ്ങളിലും വലിയ പരിശീലന കേന്ദ്രങ്ങളുണ്ട്. അവയ്ക്ക് നാട്ടില്‍ ഉടനീളം ശാഖകളുണ്ട്. എന്നു മാത്രമല്ല, ഇന്ത്യയിലെ വലിയ പരിശീലന സ്ഥാപനങ്ങളെല്ലാം തന്നെ ഏതാണ്ട് എല്ലാ പട്ടണങ്ങളിലും ശാഖകള്‍ ആരംഭിക്കുന്നു. അതിന്റെ ചുവട് പിടിച്ച് ഗ്രാമപ്രദേശങ്ങളിലും തുറക്കുന്നു പരിശീലന കേന്ദ്രങ്ങള്‍. ചുരുക്കത്തില്‍ ഇതൊരു വന്‍ ബിസിനസ്സാണ്. ആയിരങ്ങള്‍ക്ക് ജോലി കൊടുക്കുന്ന ഏര്‍പ്പാട്. എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ ഇല്ലാത്ത കേരളത്തെപ്പറ്റി നമുക്ക് ചിന്തിക്കാനേ വയ്യ.
സര്‍വകലാശാലാ പരീക്ഷകളിലെ മാര്‍ക്ക് തട്ടിപ്പ് വന്‍വിവാദമായതിനെത്തുടര്‍ന്നാണ് മാര്‍ക്കനുസരിച്ച് മെഡിക്കല്‍ എന്‍ജിനീയറിങ് തുടങ്ങിയ മണ്ഡലങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷ ആരംഭിച്ചത്. വലിയ കുഴപ്പമില്ലാതെ അത് നടന്നു പോന്നു കുറച്ചു കാലം. പിന്നീട് ചില സന്നദ്ധ സംഘടനകള്‍ പരീക്ഷയെഴുതുന്നവര്‍ക്ക് പരിശീലനം നടത്തിത്തുടങ്ങി. തുടര്‍ന്ന് അതൊരു ബിസിനസ്സായി. കോളജധ്യാപകര്‍ എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങളില്‍ പഠിപ്പിച്ച് കാശുണ്ടാക്കിത്തുടങ്ങി. ഇത് വ്യാപകമായതിനെത്തുടര്‍ന്ന് വിജിലന്‍സ് റെയ്ഡുകളും മറ്റും നടന്നു. അതിന്റെ പേരില്‍ പണി രാജിവച്ച് കോച്ചിങ് തൊഴിലായി സ്വീകരിച്ചവരുണ്ട്. ഇന്നുമുണ്ട് ലീവെടുത്ത് പരിശീലന കേന്ദ്രങ്ങളില്‍ പണിയെടുക്കുന്ന നിരവധി പേര്‍. കേരളത്തിലും ഇത് കോടിക്കണക്കിന് രൂപയുടെ ടേണ്‍ ഓവറുള്ളവന്‍ ബിസിനസ്സാണ്. അത് ചിത്രത്തിന്റെ ഒരു വശം.
മറുവശത്ത് ഈ പരിശീലന പദ്ധതികള്‍ നമ്മുടെ വിദ്യാര്‍ഥി സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ എന്തൊക്കെയാണെന്നാലോചിച്ചാലോ! പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഓരോ ജില്ലയിലും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നത്. ആര്‍ട്‌സ് വിഷയങ്ങള്‍ പഠിക്കുന്നവര്‍ ഒഴിച്ച് മിക്ക പേരും എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നു. അവരില്‍ ഏതാണ്ട് എല്ലാവരും കോച്ചിങ്ങിന് പോകുന്നുമുണ്ട്. ഈ കോച്ചിങ് അവരിലേല്‍പ്പിക്കുന്ന സമ്മര്‍ദം കടുത്തതാണ്. ഭാവിയിലെ ഡോക്ടറും ഐ.ഐ.ടി, എന്‍.ഐ.ടി. എന്‍ജിനീയറുമാവേണ്ട വിദ്യാര്‍ഥി എന്‍ട്രന്‍സിനപ്പുറമുള്ള കാര്യങ്ങളെപ്പറ്റി ചിന്തിക്കാമോ? അവന്‍ അവള്‍ പാട്ടു പാടാമോ? കഥയും കവിതയും വായിക്കാമോ? പ്രതിഭാസമ്പന്നരായ കുട്ടികളെ രക്ഷിതാക്കളും കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരും ചേര്‍ന്ന് എന്‍ട്രന്‍സിന്റെ വഴിയിലൂടെ മാത്രം നടത്തുകയാണ് ചെയ്യുന്നത്. പാഠ്യവിഷയങ്ങള്‍ക്ക് പുറത്തുള്ള യാതൊന്നിലും പൊതുവെ ഈ കുട്ടികള്‍ പങ്കെടുക്കാറില്ല. പങ്കെടുക്കാന്‍ അനുവദിക്കാറില്ല എന്നതാണ് വസ്തുത. പത്താം ക്ലാസ് വരെ നന്നായി ഫുട്‌ബോള്‍ കളിച്ച മിടുക്കന്‍ കളി ഉപേക്ഷിക്കുന്നു. ചിത്രം വരച്ചവന്‍ പെയിന്റിങ്ങുകളില്‍ നിന്ന് മുഖം തിരിക്കുന്നു. സാമാന്യമായി സ്‌കൂള്‍ തലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനു പോവുന്ന കുട്ടികള്‍ ഉണ്ടാവാറില്ല. രക്ഷിതാക്കളും കോച്ചിങ് നല്‍കുന്നവരും സ്‌കൂള്‍ അധികൃതരും ഒക്കെക്കൂടി ഒരു വിഭാഗം നിര്‍ഗുണ പരബ്രഹ്മങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഡോക്ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ അതാവാന്‍ മാത്രമേ അവരെ കൊള്ളൂ. അതിനു വേണ്ടിയുള്ള തത്രപ്പാടില്‍ സ്‌കൂള്‍ പരീക്ഷ കാര്യമാക്കാത്തവരുണ്ട്. അത് മൂലം ബോര്‍ഡ് പരീക്ഷയില്‍ മാര്‍ക്ക് കുറയുന്നു. മെഡിസിനോ എന്‍ജിനീയറിങ്ങിനോ പ്രവേശനം ലഭിക്കാതെ വന്‍തുക ഫീസ് കൊടുത്ത് റിപ്പീറ്റിങ്ങും റീറിപ്പീറ്റിങ്ങുമായി ജീവിതം തുലയ്ക്കുന്ന നിരവധി കുട്ടികള്‍ നമുക്കിടയിലുണ്ട്. ഡിഗ്രി കോഴ്‌സിനു പ്രവേശനം കിട്ടാന്‍ പോലും കഴിയാതെ ജീവിതം നഷ്ടമാവുന്നവര്‍. എന്‍ട്രന്‍സ് ജ്വരം ബാധിച്ച നാം ഇവരെ കാണുന്നേയില്ല.
കടുത്ത പരീക്ഷാ പരിശീലനവും അതിന്റെ പേരില്‍ മറ്റെല്ലാം മാറ്റിവയ്ക്കണമെന്ന ചിന്തയും വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ ചെറുതല്ല. നന്നായി എഴുതുന്ന ഒരു പ്ലസ് ടു വിദ്യാര്‍ഥിയെ എനിക്കറിയാം. ആ കുട്ടി ഇംഗ്ലീഷില്‍ ഒരു നോവലെഴുതിയിട്ടുണ്ട്. പക്ഷേ പരിശീലനം തീരുന്നതു വരെ വായിക്കുകയോ എഴുതുകയോ പാടില്ലെന്നാണ് അച്ഛനമ്മമാരുടെയും പരിശീലകരുടേയും കല്‍പന. ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മര്‍ദം കടുത്തതാണ്. ഇത്തരം സമ്മര്‍ദങ്ങള്‍ നമ്മുടെ കൗമാര, യൗവനങ്ങളെ മയക്കുമരുന്നുപയോഗത്തിലേക്കും ആത്മഹത്യയിലേക്കും മറ്റും നയിക്കുന്നു പോലുമുണ്ട്. കോട്ടയില്‍ മാത്രം 2014 ല്‍ 45 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. 2015 ല്‍ 17 പേര്‍. ഇങ്ങനെ കണക്കെടുക്കാന്‍ നിന്നാല്‍ കേരളത്തിലെ ചിത്രവും എങ്ങനെ ആയിരിക്കും?
എന്‍ട്രന്‍സ് പരീക്ഷ അവസാനിപ്പിക്കണം എന്ന് പറയുന്നവരുണ്ട്. ഇപ്പോഴത്തെ പരീക്ഷ വിദ്യാര്‍ഥികളുടെ യോഗ്യതയോ ശേഷിയോ മനസ്സിലാക്കാന്‍ പറ്റിയതല്ല എന്നാണ് മികച്ച പരിശീലകനായ പ്രൊഫ.പി.സി തോമസ് പറയുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ വന്‍ തുക ഫീസ് കൊടുത്ത് ഒന്നാംകിട കോച്ചിങ് സെന്ററുകളില്‍ പഠിക്കുന്നവര്‍ മാത്രമേ അതിജീവിക്കുന്നുള്ളൂ എന്ന പരാതിയുമുണ്ട്. ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്. പരിശീലനത്തിന്റെ പേരില്‍ നാം വലിയൊരു വിഭാഗം കുട്ടികള്‍ക്ക് ജീവിതത്തിന്റെ നിറവും ഗന്ധവും നിഷേധിക്കുകയാണ്, കളിചിരികള്‍ അവരുടെ ജീവിതത്തില്‍ നിന്ന് എടുത്തു കളയുകയാണ്. അവരെ സമ്മര്‍ദത്തിലാക്കുകയാണ്. അല്ലേ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."