മക്ക വിജനമായാല്‍ വിശ്വാസം തകര്‍ന്നുവോ?
മനുഷ്യകുലത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി കൊവിഡ് പടരുമ്പോള്‍ പരിഹാരം എന്താണെന്ന് ഒറ്റവാക്കില്‍ പറയാന്‍ ഒന്നേയുള്ളൂ, വിശ്വാസം. ചികിത്സയും പ്രാര്‍ഥനയും പ്രതീക്ഷയും ഉള്‍ക്കൊള്ളലുമെല്ലാം വിശ്വാസത്തിലുണ്ട്. വൈദ്യ ശാസ്ത്രവും ഭൗതികമായ സാങ്കേതിക സന്നാഹങ്ങളും നേരിടുന്ന പരിമിതികള്‍ക്ക് മുമ്പില്‍ ഉത്തരങ്ങള്‍ ഇല്ലാതാവുമ്പോള്‍ മതവിശ്വാസത്തിനെതിരെയുള്ള ചോദ്യങ്ങളില്‍ അഭയം തേടുന്ന കേരളത്തിലെ നിരീശ്വര പ്രചാരകരാണ് ഇവിടെ വിഷയീഭവിക്കുന്നത്. കൊവിഡ് സാംക്രമണത്തിനെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി വിശുദ്ധ ഹറമും പരിസരവും വിജനമാക്കിയതാണ് അവരുടെ വലിയ കുതൂഹലം. സ്വന്തം അതിഥികളെ സഹായിക്കാന്‍ കഴിയാതെ അല്ലാഹു നിസ്സഹയായില്ലേ എന്ന ആശയത്തിന്റെ വിവിധതലങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. വിശ്വാസവും ശാസ്ത്രവും ഒരിക്കലും എതിരല്ല, എന്നല്ല, എതിരാവാന്‍ പരസ്പര വൈപരീത്യം ഉണ്ടാവുന്ന രൂപത്തിലുള്ള ദ്വന്ദങ്ങള്‍ അവയ്ക്കിടയിലില്ലതാനും. എന്നിരിക്കെ, ഈശ്വരവാദികളും നിരീശ്വര വാദികളും ഏകമനസ്സോടെ ഒന്നിച്ച് നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ പോലും വിശ്വാസവ്യവസ്ഥയോടുള്ള വൈരനിര്യാതനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണമാണ്.
ഒരു പ്രത്യയശാസ്ത്രവും മതേതരപരിസരങ്ങളില്‍ വിമര്‍ശനമുക്തമല്ല. പക്ഷെ, വിമര്‍ശനകേന്ദ്രത്തെ ചികഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ആ പ്രത്യയശാസ്ത്രത്തിന്റെ സാകല്യം ഗ്രഹിച്ചതിന് ശേഷമേ ശാഖകള്‍ വിലയിരുത്തപ്പെടാവൂ എന്നത്. ആന എന്നാല്‍ തുമ്പിക്കൈ അല്ല എന്ന് പറഞ്ഞത് പോലെയാണ്. ഇസ്‌ലാം പ്രകൃതിമതമാണ്. അല്ലാഹുവേതരമായ പ്രാപഞ്ചികതയുടെ നൈസര്‍ഗികഭാവം (ഫിത്‌റത് ) എന്നു പറയാം. പ്രകൃതി പ്രതിഭാസങ്ങള്‍ ഇസ്‌ലാമിനെ കീഴ്‌പ്പെടുത്തി എന്ന് പറയുന്നത് ശുദ്ധ ഭോഷ്‌ക്കാണ്. കാരണം ആ പ്രകൃതിയുടെ വ്യതിയാനപ്രക്രിയയെ കൂടി വ്യവഹരിക്കുന്ന പദമാണ് ഇസ്‌ലാം. പ്രകൃതിദുരന്തങ്ങളും മഹാമാരികളും സൃഷ്ടിയാണ്. ഇസ്‌ലാം എന്ന മതവ്യവസ്ഥയ്ക്കകത്താണ് അതിന്റെയും ഇടം.
കൊറോണ സ്വയംഭൂവാണ്, അല്ലാഹു നിസ്സഹയനാണ്, ശാസ്ത്രം പരമാവധി പ്രതിരോധിക്കാന്‍ സഹായിക്കുന്നു എന്ന് പറയുന്നവര്‍ക്ക് എന്താണ് അല്ലാഹുവിന്റെ മതമായ ഇസ്‌ലാം എന്ന് മനസ്സിലായിട്ടില്ല. അത് ശരിയോ തെറ്റോ എന്ന് വിലയിരുത്താനും വേണം ആദ്യമത് എന്താണെന്ന് മനസ്സിലാവാന്‍. രോഗാണുക്കള്‍ അല്ലാഹുവിന്റെ തന്നെ സൃഷ്ടിയാണ്. മറ്റൊരാള്‍ രോഗമുണ്ടാക്കുമ്പോള്‍ ചികിത്സിക്കാനുള്ള ദൗത്യമല്ല ദൈവത്തിന്റേത്. അല്ലാഹു പറയുന്നു: 'ഭൂമിയിലോ, നിങ്ങള്‍ക്കുതന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു വിധിപ്രമാണത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന ഒന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ ഇതൊക്കെയും'(അല്‍ ഹദീദ്: 22,23).
വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു കഥയുണ്ട്. അദ്ദേഹവും നാടകകൃത്ത് കെ.ടി മുഹമ്മദും കൂടി കല്ലായിപ്പുഴ കടത്തുവഞ്ചിയില്‍ കടക്കവേ കാറ്റടിച്ച് സകലം ഇളകിയാടി. ബേജാറ്പൂണ്ട കെ.ടി 'പടച്ചവനേ'എന്ന് വിളിച്ചത് കേട്ട ബഷീര്‍ 'ബദ്രീങ്ങളേ' എന്ന് വിളിച്ചത്രെ. ഒടുവില്‍ അക്കരെപറ്റിയപ്പോള്‍ നിങ്ങളെപ്പോഴാണ് സുന്നിയായത് എന്നായി ബഷീറിനോട് കെ.ടി. ദാര്‍ശനികനായ ബഷീര്‍ പറഞ്ഞു; 'കോളുണ്ടാക്കി ആ കാറ്റയച്ച് തോണി ഇളക്കിയത് പടച്ചവനാണ്. ഈ അവനോട് തന്നെ തോണി ഇളക്കല്ല എന്ന് പറയാന്‍ നമ്മളേക്കാള്‍ നല്ലത് ബദ്രീങ്ങളാണ്'.ഈ കഥ വാസ്തവമാണെങ്കിലും അല്ലെങ്കിലും കൊറോണക്ക് മുന്നില്‍ കഅ്ബാലയവഴി അടഞ്ഞല്ലോ എന്ന് പറയുന്നവര്‍ക്ക് കാര്യം മനസ്സിലാവാന്‍ വേണ്ടത് അതിലുണ്ട്. കഅ്ബയുടെ നാഥന്‍ തന്നെയാണ് കോവിഡ് 19 ന്റെ നാഥനും.
കാലം ഒഴുകിവന്ന ചരിത്രത്തിന്റെ തീരങ്ങളിലേക്ക് വിശ്വാസികള്‍ തിരിഞ്ഞുനോക്കേണ്ട സമയമാണിത്. വിശുദ്ധ മക്ക ഒരു കാലത്ത് വിജനമായിരുന്നു. പല ഘട്ടങ്ങളില്‍ മനുഷ്യനാഗരികതകള്‍ വന്നും പോയും വികാസപരിണാമങ്ങള്‍ക്ക് വിധേയമായ അവിടം ഭൂമിയിലെ ബൈതുല്‍ മഅ്മൂര്‍ നിലകൊള്ളുന്നുവെന്നതിനാല്‍ വിജനമായ കാലത്തും ജനനിബിഡമായ കാലത്തും ഒരുപോലെ പരമപവിത്രമായിരുന്നു. വിശുദ്ധ കഅ്ബാലയം പ്രളയവും അഗ്‌നിബാധയുമടക്കമുള്ള പ്രകൃതി വ്യതിയാനങ്ങളാലും മനുഷ്യകരങ്ങളാലും പലവട്ടം പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടിട്ടുണ്ട്. റസൂല്‍ (സ്വ)യുടെ ജനനസമയത്ത് വിഗ്രഹാരാധനയുടെ മാലിന്യങ്ങള്‍ കൊണ്ട് നിറക്കപ്പെട്ടിരുന്നു ആ വിശുദ്ധ ഭവനം. അവിടന്ന് മക്കാവിജയം നേടി കഅ്ബാലയത്തെ വിമലീകരിച്ചതിന് ശേഷവും പലഘട്ടങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ക്കും ക്രൂരമായ രാഷ്ട്രീയാക്രമണങ്ങള്‍ക്കും കഅ്ബാമന്ദിരം വിധേയമായി.
ആധുനിക ചരിത്രത്തില്‍ 1864, 1881, 1883, 1884 എന്നീ വര്‍ഷങ്ങളില്‍ മക്കയില്‍ പകര്‍ച്ചവ്യാധികളുണ്ടായിട്ടുണ്ട്. 16 തവണ ആകെയുണ്ടായി എന്നും കാണാം. കൗതുകകരമായ കാര്യം പലഘട്ടങ്ങളിലും ഭാരതത്തില്‍ നിന്ന് എത്തിയ തീര്‍ഥാടകന്മാരിലൂടെയാണ് വ്യാധികള്‍ പകര്‍ന്നത് എന്നതാണ്. 1883 ല്‍ എണ്‍പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലായിരുന്നു തീര്‍ഥാടകര്‍. ആ വര്‍ഷം 30000 പേര്‍ മരണപ്പെട്ടുവെന്ന് ബവ്വാബതുല്‍ അഹ്‌റാം എന്ന വെബ്‌സൈറ്റില്‍ കാണാം. മിന, ജിദ്ദ തുടങ്ങിയ പ്രദേശങ്ങളിലൂടെ ഈജിപ്ത് വരെ ആ വര്‍ഷം അത് പടര്‍ന്നു. ആദ്യകാലഘട്ടങ്ങളില്‍ ബഗ്ദാദ്, ഈജിപ്ത് എന്നീ പ്രദേശങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ തീര്‍ഥാടകര്‍ ഉണ്ടായിരുന്നത്. 417, 419, 421 എന്നീ ഹിജ്‌റ വര്‍ഷങ്ങളില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളില്‍ ആ രണ്ട് പ്രവിശ്യകളും ഞെരിഞ്ഞമര്‍ന്നതിനാല്‍ മക്കയിലേക്ക് ഹറമിന്റെ പുറത്തുള്ളവര്‍ കാര്യമായി എത്തിയില്ല. 2020ല്‍ കൊറോണ വൈറസ് പടര്‍ന്നതിനാല്‍ ഹറം മണിക്കൂറുകള്‍ നേരത്തേക്ക് അടച്ചിട്ടത് ഒരര്‍ഥത്തിലും ഇസ്‌ലാമിന് ക്ഷീണമാവുന്നില്ല എന്നാണ് പറഞ്ഞത്.
മാനുഷിക ലോകത്തിനുണ്ടാവുന്ന ഇത്തരം സ്വഭാവികതകള്‍ അവിടെ സംഭവിക്കുമെന്ന് നേരത്തെ പ്രവാചകന്‍ (സ്വ) അറിയിച്ചതുമാണ്. എന്തിനേറെ, അന്ത്യനാള്‍ അടുത്താല്‍ ഹബ്ശക്കാരനായ ഒരു കഷണ്ടിത്തലയന്റെ നേതൃത്വത്തില്‍ കഅ്ബാലയം തകര്‍ക്കപ്പെടുന്നത് ഞാനിപ്പോള്‍ കാണുന്നത് പോലുണ്ട് എന്നത് പോലോത്ത പ്രവാചക വചനങ്ങള്‍ ധാരാളമാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ഹറമില്‍ ഇതൊക്കെ സംഭവിക്കുന്നുവെന്നത് ഇസ്‌ലാം ശരിയാണ് എന്നതിന്റെ പ്രമാണമാണ്.
പ്രാര്‍ഥനയുടെ ഫിലോസഫി
ഭൂമിയില്‍ സുഖവും സമാധാനവും ഉണ്ടാക്കുന്ന പണിക്കാരനോ പണക്കാരനോ അല്ല അല്ലാഹു. ഈ തെറ്റിദ്ധാരണ നാസ്തിക നേതാവ് സി. രവിചന്ദ്രന് മാത്രമല്ല, സാക്ഷാല്‍ ഇവി പെരിയോര്‍ക്ക് വരെ ഉണ്ടായിരുന്നു. താന്‍ ഇഛിച്ചത് നടപ്പില്‍ വരുത്തുന്ന സമ്പൂര്‍ണ സ്വാശ്രയാസ്തിത്വമാണ് അല്ലാഹു.'ദൈവം തന്നെ ഇല്ല' എന്ന് പറയുന്നവര്‍ ദൈവ വിശ്വാസത്തിന്റെ ന്യൂനത പറയേണ്ടതില്ല. മതവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്ന തത്വസംഹിതയുടെ സമ്പൂര്‍ണത തെളിയിക്കേണ്ട കടമയുള്ളത് പോലെ നിരീശ്വരത്വത്തിന്റെ സമ്പൂര്‍ണത തെളിയിക്കാനുള്ള ബാധ്യത അവര്‍ക്കുമുണ്ട്. മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് മുമ്പില്‍ മതരഹിതമായ പരിഹാരം എന്തുണ്ട് എന്ന ചോദ്യത്തിന് ശാസ്ത്രം എന്ന് പറഞ്ഞ് ഒഴിവാക്കുന്നത് നാണക്കേടാണ്, ആ ശാസ്ത്രത്തെയും കൂടി വ്യവഹരിക്കുന്ന ഫിലോസഫിയാണ് മതം എന്നിരിക്കെ.
ദൈവത്തെ വിശ്വസിച്ച് പ്രാര്‍ഥിച്ചാല്‍ പിന്നെ ഭൗതിക ലോകത്ത് മനുഷ്യന്‍ കരുതിയത് പോലെ എല്ലാം സംഭവിക്കും / കരുതിയതേ സംഭവിക്കുകയുള്ളൂ എന്നാണെങ്കില്‍ ഹൈന്ദവ മിത്തുകളില്‍ കാണുന്നത് പോലെ, ദൈവത്തെക്കാള്‍ കഴിവുള്ളവനാക്കണമെന്നും മനുഷ്യന് പ്രാര്‍ഥിച്ച് പ്രാപ്തനാവാമല്ലോ, ദൈവങ്ങളുടെ സംഘട്ടനം എന്ന അയുക്തികതയാവും ഫലം. അപ്പോള്‍ അങ്ങനെയല്ല, സര്‍വ്വപ്രാപ്തനായ ഏക ദൈവതമാണ് യുക്തം. ആ ദൈവം കര്‍മ്മസ്വതന്ത്രനാവണം.
കാലവും സ്ഥലവും പ്രദാനിക്കുന്ന അനുഭവം, സൗകര്യം, സാധ്യത എന്നിവയുടെ പരിമിതിയാണ് ദൈവത്തില്‍ നിന്ന് ദൈവമല്ലാത്തതിനെ വേര്‍തിരിക്കുന്നത്. അപ്പോള്‍ കൊവിഡ് 19 ഒരു സമാപനചടങ്ങല്ല. അത് കഴിഞ്ഞാലും കഴിയാത്തവ പലതുമുണ്ടാവും, അപ്പോഴും മനുഷ്യനെ മുന്നോട്ട് നയിക്കേണ്ട മൂല്യപ്രകാശനമാണ് മതം. പദാര്‍ഥ ബന്ധിതമായ സംഭവങ്ങള്‍ സ്ഥല കാലാധീനമായ ഹ്രസ്വങ്ങളാണ്, അതിജീവനത്തിന്റെ ആധാരങ്ങള്‍ സ്ഥായിയാവണം. ശാസ്ത്രത്തെ ഫിലോസഫി തന്റെ ഒരു ശാഖമാത്രമാക്കി വിപുലമാവുന്നത് അവിടെയാണ്.
പ്രാര്‍ഥനയുടെ അന്ത:സാരം പരിഹാസകര്‍ പറയുന്നത് പോലെ മനുഷ്യന്റെ ആഗ്രഹ സാക്ഷാല്‍ക്കാരത്തിനുള്ള ഷോര്‍ട്ട്കട്ട് മാര്‍ഗമല്ല. ഗവണ്‍മെന്റ് ഓഫിസറുടെ മേശപ്പുറത്ത് കുറെ ആവശ്യങ്ങള്‍ ഫയലാക്കി സമര്‍പ്പിക്കുന്നത് പോലെയുള്ള ഏര്‍പ്പാടല്ല പ്രാര്‍ഥന. പ്രാര്‍ഥിച്ചിട്ടില്ലെങ്കിലും നിവേദനം നല്‍കിയിട്ടില്ലെങ്കിലും മനുഷ്യന്റെ ആവശ്യം അറിയുന്നവനാണ് അല്ലാഹു. മനുഷ്യനെ മാത്രമല്ല അവന്റെ ആവശ്യങ്ങളെയും അവന്‍ തന്നെയാണ് സൃഷ്ടിച്ചത്. മനുഷ്യന്റെ പ്രാര്‍ഥനയെപ്പോലും സൃഷ്ടിച്ചത് മറ്റൊരാളല്ല. അപ്പോള്‍പ്പിന്നെ മനുഷ്യന്റെ ആപ്ലിക്കേഷനല്ല സ്രഷ്ടാവിന്റെ അജന്‍ഡകള്‍.
ചിലപ്പോള്‍ പ്രാര്‍ഥിച്ചവന് താല്‍കാലികമായി കൂടുതല്‍ വിഷമങ്ങളും പ്രാര്‍ഥിക്കാത്തവന് താല്‍കാലിക സൗഖ്യവും ലഭിച്ചേക്കാം. പരലോകമെന്ന പില്‍ക്കാലം മറിച്ചാവും. പരലോക ബന്ധിതമായ വിശ്വാസത്തെ വായിക്കുമ്പോള്‍ ഗവണ്‍മെന്റ് സംവിധാനത്തെയല്ല താരതമ്യമൂലമാക്കേണ്ടത്. പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും അവന്‍ കരുതിയത് കരുതിയേടത്ത് നല്‍കും എന്നതാണ് ഇസ്‌ലാം വിശ്വസിക്കുന്ന അല്ലാഹുവിന്റെ രീതി. മറ്റേതെങ്കിലും ദൈവസങ്കല്‍പ്പത്തിന്റെ അപൂര്‍ണതക്ക് മുസ്‌ലിംകള്‍ മറുപടി പറയേണ്ടതില്ല.
പിന്നെ എന്തിനാണ് പ്രാര്‍ഥന എന്ന് ചോദിച്ചാല്‍, സ്രഷ്ടാവിനോടുള്ള പ്രാര്‍ഥന ഉത്തരം കിട്ടാനുള്ള ആവശ്യം എന്നതിനേക്കാള്‍ നിരുപാധികമായ ഒരാധനയാണ്, ഉപാസന. പ്രത്യക്ഷത്തില്‍ അനുഗ്രഹങ്ങള്‍ വരുമ്പോഴും നിഗ്രഹങ്ങള്‍ ബാധിക്കുമ്പോഴും ആത്യന്തികമായ മാനവികസമര്‍പ്പണം അല്ലാഹുവിനാണ് എന്ന മനുഷ്യന്റെ ആത്മസമ്മതമാണ് പ്രാര്‍ഥന. ഏറ്റവും ഉചിതമായത് തനിക്ക് അല്ലാഹു തരും എന്നാണ് വിശ്വാസിയുടെ കരുതല്‍. മനുഷ്യബുദ്ധി അനുഭവങ്ങളെ അടിസ്ഥാനമാക്കുന്നതായതിനാല്‍ പ്രത്യക്ഷത്തില്‍ നിഗ്രഹമായത് നീക്കം ചെയ്യുക എന്നതാവും ആവശ്യം. അപ്പോള്‍ പ്രാര്‍ഥനാ വാചകങ്ങള്‍ അതിനനുസരിച്ചാവും. പക്ഷെ അവന്‍ കാണുന്നതിനേക്കാള്‍ അപ്പുറത്തുള്ള വരുംകാലം തയാറാക്കുന്ന അല്ലാഹുവിന്റെ പക്കല്‍ ഉചിതം മറ്റൊന്നാവും. വിശ്വാസി തന്റെ ജ്ഞാനപരിമിതി ഉള്‍ക്കൊള്ളുകയും അല്ലാഹു നല്‍കുന്നതത്രയും തനിക്ക് ഉത്തമമായതാണ് എന്ന് കരുതുകയും ചെയ്യുന്നു. അവന്‍ ക്ഷാമത്തിലും ക്ഷേമത്തിലും സംതൃപ്തനാണ്. സുഖത്തിലും അസുഖത്തിലും ദൈവിക സ്മരണയിലാണ്.
ഇസ്‌ലാമിക വിശ്വാസം യുക്തിവാദികള്‍ മനസിലാക്കിയതിന് നേര്‍ വിപരീതമാണ്. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവനെ ഒരുപക്ഷേ ഏറ്റവും സഹന സാഹസങ്ങള്‍ക്ക് വിധേയമാക്കും. അവന്റെ പ്രവാചകന്മാരാണ് ഏറ്റവും പ്രത്യക്ഷത്തില്‍ കഷ്ടപ്പെട്ട മനുഷ്യര്‍. ചില ഉത്തമമനുഷ്യര്‍ പ്രത്യക്ഷത്തില്‍ സങ്കടപ്പാടുകളൊന്നും ഇല്ലാത്തവരാവാമെങ്കിലും അകമേ നൊമ്പരത്തീ പേറുന്നവരാവാം. ഇത് മറിച്ചും വായിക്കാം, സഹിക്കുന്ന ത്യാഗങ്ങളെ ദൈവികമാര്‍ഗത്തില്‍ കരുതല്‍ വെക്കുന്നവര്‍ മതപരമായി മഹാന്മാരാവുന്നു എന്നതാണത്. അല്ലാതെ, വിശ്വസിച്ചാല്‍ പ്രശ്‌ന പരിഹാരങ്ങളും സ്വപ്ന സാക്ഷാല്‍ക്കാരങ്ങളും ഓഫര്‍ ചെയ്യുന്ന ബ്ലാക്ക് മാജിക്കല്ല മതം. എന്നാല്‍, വിശ്വസിച്ചാല്‍ ഏത് പ്രതിസന്ധികളും മറികടക്കാനുള്ള മനോബലവും മാനസികസ്വര്‍ഗാവസ്ഥയും മതം പ്രദാനിക്കും. പ്രശ്‌ന നിമിത്തങ്ങളെ കേവലം പദാര്‍ഥ ബന്ധിതമായി കാണാതെ അലൗകിക പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്നവരില്‍ ജനിക്കുന്ന ആത്മവിശ്വാസവും സഹനബലവും മനഃശാസ്ത്ര ലോകം അംഗീകരിച്ചതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."