സംസ്ഥാന ബജറ്റ്: കശുവണ്ടി മേഖലയ്ക്ക് പ്രത്യേക പാക്കേജ്; 82 കോടി
കൊല്ലം: ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ കശുവണ്ടി മേഖലയ്ക്ക് പ്രത്യേക പാക്കേജ് അടക്കം 82 കോടി രൂപ വകയിരുത്തി. അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികള്‍ തുറപ്പിക്കാനാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. ജില്ലയിലെ വ്യവസായ മേഖലയ്ക്കും കാര്യമായ തുക വകയിരുത്തി. കൊല്ലം ബൈപാസില്‍ ഏറ്റവുമധികം ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന കല്ലുംതാഴത്ത് ഫ്‌ളൈഓവര്‍ പണിയുമെന്ന് ബജറ്റില്‍ നിര്‍ദേശം ഉണ്ടെങ്കിലും ഇതിനായി തുക വകയിരുത്തിയിട്ടില്ല.
പൂട്ടിക്കിടക്കുന്ന സ്വകാര്യ ഫാക്ടറി ഉടമകളുടെ കടബാധ്യതകള്‍ റീസ്ട്രക്ച്ചര്‍ ചെയ്യുകയാണ് ഏറ്റവും പ്രധാനം. ഇന്നത്തെ സ്ഥിതിയില്‍ വായ്പകളുടെ ഒറ്റത്തവണ തീര്‍പ്പാക്കലല്ല, റീസ്ട്രക്ച്ചറിങ് ആണ് വേണ്ടത്. ഇങ്ങനെ പുനക്രമീകരിക്കുന്ന വായ്പകളുടെ പലിശ ഒരുവര്‍ഷത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായാണ് 25 കോടിരൂപ നീക്കിവയ്ക്കുന്നത്.
ന്യായവിലയ്ക്ക് തോട്ടണ്ടി വാങ്ങാന്‍ അടുത്തിടെ രൂപീകരിച്ച കാഷ്യു ബോര്‍ഡിന് 30 കോടി രൂപ വകയിരുത്തി. ഇടത്തട്ടുകാരെ ഒഴിവാക്കി ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൃഷിക്കാരില്‍ നിന്നോ നേരിട്ട് കശുഅണ്ടി വാങ്ങാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച കാഷ്യു ബോര്‍ഡിന് വേണ്ടത്ര പ്രവര്‍ത്തന മൂലധനമില്ലാത്തതാണ് മുഖ്യ പ്രതിബന്ധമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സര്‍ക്കാര്‍ ഗാരണ്ടിയില്‍ 250 കോടി രൂപയുടെ വായ്പ സഹകരണ ബാങ്കുകളില്‍ നിന്ന് കാഷ്യു ബോര്‍ഡിന് ലഭ്യമാക്കും. കശുഅണ്ടി വികസന കോര്‍പറേഷനും കാപ്പക്‌സും ആധുനികവല്‍ക്കരിക്കുകയും ഉല്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വില്ക്കാനുമായി 19 കോടി രൂപ വകയിരുത്തി. സംസ്ഥാനത്ത് ആഭ്യന്തര കശുമാവ് കൃഷി വ്യാപിപ്പിക്കാന്‍ ആര്‍.കെ.വി.വൈ ഫണ്ടടക്കം എട്ടു കോടി രൂപയും വകയിരുത്തി.
'കശുവണ്ടി മേഖലയ്ക്ക് ഉണര്‍വേകും'
കൊല്ലം: സംസ്ഥാന ബജറ്റ് കശുവണ്ടി മേഖലയ്ക്ക് ഉണര്‍വേകും. പൂട്ടികിടക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ ബജറ്റ് നിര്‍ദ്ദേശം സഹായകമാകുമെന്ന് കേരള കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കശുവണ്ടി മേഖലയിലെ പ്രധാന പ്രശ്‌നം റിസര്‍വ് ബാങ്ക് നയം മൂലം വ്യവസായികള്‍ക്ക് ബാങ്ക് വായ്പ പുതുക്കി നല്‍കുന്നില്ല എന്നതാണ്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ ബാങ്ക് പ്രതിനിധികളോട് വായ്പ പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ്. വ്യവസായികള്‍ വായ്പ എടുത്ത് ഫാക്ടറികള്‍ നടത്തിയെങ്കിലും കശുവണ്ടിയുടെ ഇറക്കുമതിയില്‍ കേന്ദ്രം ചുങ്കം ഏര്‍പ്പെടുത്തിയതും, വിയറ്റ്‌നാമില്‍ നിന്നും പരിപ്പ് ഇറക്കുമതി ചെയ്തതും വ്യവസായം പ്രതിസന്ധിയിലായി. വായ്പകള്‍ പുതുക്കി നല്‍കുന്ന ബാങ്കുകള്‍ക്ക് ഒരു വര്‍ഷത്തെ പലിശ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. അതിന് വേണ്ടി 25 കോടി രൂപ വകയിരുത്തി.
'സ്വകാര്യ കശുവണ്ടി മേഖലയ്ക്ക് തിരിച്ചടി'
കൊല്ലം: സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയിലെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് സംസ്ഥാന ബജറ്റെന്ന് സ്വകാര്യ കശുവണ്ടി ഫാക്ടറി വ്യവസായികള്‍.
700 ഓളം സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ പൂട്ടിക്കിടക്കുമ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ച 25 കോടി അപര്യാപ്തമെന്നാണ് കശുവണ്ടി വ്യവസായികള്‍ പറയുന്നത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 20 കോടി രൂപ എവിടെയെന്നും കടക്കെണിയിലായ വ്യവസായികള്‍ ചോദിക്കുന്നു.
25 കോടി കൊണ്ട് ഏറിയാല്‍ 10 ഫാക്ടറി മാത്രമേ തുറക്കാനാകൂവെന്ന് സ്വകാര്യ കശുവണ്ടി വ്യവസായികള്‍ പറയുന്നു. സ്വകാര്യ മേഖലയിലെ പുനരുജ്ജീവനത്തിന് 700 കോടിയുടെ പദ്ധതികളെങ്കിലും വേണമെന്നതായിരുന്നു വ്യവസായികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."