ജനസംഖ്യാ രജിസ്റ്ററില്‍ എന്തു ചര്‍ച്ച?
ദേശീയ ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ച് (എന്‍.പി.ആര്‍) വിവിധ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് രാജ്യസഭയെ അറിയിക്കുകയുണ്ടായി. പൗരത്വ നിയമ ഭേദഗതിയെ പാര്‍ലമെന്റില്‍ അനുകൂലിച്ച ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇപ്പോള്‍ നിയമ ഭേദഗതിക്കെതിരേ രംഗത്തുവന്നിരിക്കെ എന്തു ചര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി നടത്തിക്കൊണ്ടിരിക്കുന്നത്? എന്‍.പി.ആറും ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയിലേക്കുള്ള വഴികാട്ടിയാണെന്ന് ഇതിനകം തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും വ്യക്തമാക്കിക്കഴിഞ്ഞു എന്നിരിക്കെ എന്‍.പി.ആറിനെ വെള്ളപൂശാന്‍ കേന്ദ്രം നടത്തുന്ന ശ്രമം അപഹാസ്യമാണ്.
ഏതൊക്കെ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് നിത്യാനന്ദറായ് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയതാണ്. എന്‍.പി.ആറും എന്‍.ആര്‍.സിയും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധമുള്ളതാണെന്ന ബോധ്യം പൊതുസമൂഹത്തിനുണ്ട്. ആ നിലയ്ക്കു മന്ത്രിയുടെ പ്രസ്താവന അവിശ്വസനീയമാണ്.
സെന്‍സസും പൗരത്വ നിയമ ഭേദഗതിക്കു വേണ്ടി ഉപയോഗപ്പെടുത്താനുള്ള സാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കേരള മുസ്‌ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ടു യോഗം ചേര്‍ന്നിരുന്നു. ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ പങ്കെടുക്കുന്നതിനു മുന്‍പ് മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ദുരൂഹതകള്‍ ഇല്ലാതാക്കിയതിനു ശേഷം മാത്രമേ സെന്‍സസ് നടത്താവൂ എന്ന മുസ്‌ലിം സംഘടനകളുടെ നിലപാട് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിന്റെ ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ വികാരം ഉള്‍ക്കൊള്ളുമെന്നു തന്നെയാണ് കരുതേണ്ടത്.
ജനസംഖ്യാ രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കുമെന്ന് 2014 ജൂലൈ 23ന് അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ മറക്കരുത്. അതായത് സംഘ്പരിവാര്‍ കാലേക്കൂട്ടി തീരുമാനിച്ചുറപ്പിച്ചതാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരിക എന്നത്. അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളും പഠനങ്ങളുമായിരുന്നു അവര്‍ ഇതുവരെ നടത്തിക്കൊണ്ടിരുന്നത്. രണ്ടാം മോദി ഭരണത്തില്‍ ബി.ജെ.പിക്കു തനിച്ചു ഭൂരിപക്ഷമുണ്ടായപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ പദ്ധതിയിട്ട പൗരത്വ നിയമ ഭേദഗതി നടപ്പാക്കാമെന്നവര്‍ നിശ്ചയിച്ചു. 2014ല്‍ അമിത്ഷാ രാജ്യത്ത് പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും കൊണ്ടുവരുമെന്നു നിരവധി തവണ പ്രഖ്യാപിച്ചിരുന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം.
ഒരു രാജ്യത്തെ എല്ലാ ആളുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനെയാണ് സെന്‍സസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ കൂടെ എന്‍.പി.ആറിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനവും കൂടി ആരംഭിക്കുമെന്ന് നിത്യാനന്ദറായ് പറയുമ്പോള്‍, അതിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്.
രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ തയാറാക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മാറ്റിപ്പറയുന്നുണ്ടെങ്കിലും അത് എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന്ന ധ്വനി ആ വാക്കുകളിലുണ്ട്. രാജ്യത്തെ മതന്യൂനപക്ഷമായ മുസ്‌ലിംകളെ രാജ്യഭ്രഷ്ടരാക്കുക എന്ന ദുഷ്ടലാക്കോടെ മാത്രം സൃഷ്ടിച്ചതാണ് പൗരത്വ നിയമ ഭേദഗതി. ഇതിനുവേണ്ടി വര്‍ഷങ്ങളോളമാണ് സംഘ്പരിവാര്‍ പഠനം നടത്തിയത്. അതിന്റെ മുന്നോടിയായി രാജ്യത്തെ മുസ്‌ലിംകളെ ഇതര മതസമൂഹങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുക എന്ന പ്രവര്‍ത്തനത്തിനാണ് അവര്‍ നാന്ദികുറിച്ചത്. സംഝോത എക്‌സ്പ്രസ് സ്‌ഫോടനവും അക്ഷര്‍ധാം ക്ഷേത്ര സ്‌ഫോടനവും നടത്തി മുസ്‌ലിംകളുടെ മേല്‍ പഴിചാരി. എന്നാല്‍ സ്‌ഫോടനത്തിനു പിന്നില്‍ സംഘ്പരിവാര്‍ നേതാക്കളായ അസിമാനന്ദയും പ്രജ്ഞാസിങ് താക്കൂറുമായിരുന്നെന്ന് പിന്നീട് വ്യക്തമായി. മുസ്‌ലിംകളെ ഒറ്റപ്പെടുത്തി പുറത്താക്കുക എന്ന തന്ത്രമായിരുന്നു ഇതിനു പിന്നില്‍.
ഇതര മതസ്ഥരില്‍ ഇസ്‌ലാമോഫോബിയ ഉണ്ടാക്കുന്നതിന് വലിയ അദ്ധ്വാനമാണ് ആര്‍.എസ്.എസ് നടത്തിയത്. ഭൂരിപക്ഷ സമുദായത്തില്‍ മുസ്‌ലിംകളെക്കുറിച്ചു വെറുപ്പും വിദ്വേഷവും ഉണ്ടാക്കുക എന്നതായിരുന്നു ഇതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത്. ജര്‍മനിയില്‍ ജൂതരെ ഉന്മൂലനം ചെയ്യുന്നതിനു മുന്‍പ് അവരെക്കുറിച്ചു പൊതുസമൂഹത്തില്‍ വെറുപ്പു പരത്തുന്ന പ്രസ്താവനകളും പ്രചാരണങ്ങളുമായിരുന്നു ഹിറ്റ്‌ലര്‍ നടത്തിയത്. അതിന്റെ തനിയാവര്‍ത്തനമാണ് ആര്‍.എസ്.എസ് മുസ്‌ലിംകള്‍ക്കെതിരേ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് സെന്‍സസിനെക്കുറിച്ചും കേരളം ആശങ്കപ്പെടുന്നത്.
മതപീഡനം അനുഭവിക്കുന്ന അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കുന്നതിനാണ് പൗരത്വ നിയമ ഭേദഗതി എന്നാണല്ലോ ബി.ജെ.പി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മതപീഡനം നേരിട്ട ന്യൂനപക്ഷ വിഭാഗങ്ങളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്ന ചോദ്യത്തിനും ഈ മൂന്നു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ എത്രയെന്നതിനും സര്‍ക്കാരിന്റെ പക്കല്‍ എന്തു കണക്കാണുള്ളതെന്ന ചോദ്യത്തിനും കേന്ദ്ര മന്ത്രിക്കു മറുപടിയില്ല.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചും ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ചും ഭൂരിപക്ഷ സമുദായവും ഇതര മതസ്ഥരും കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയതാണ് അതിനെതിരായ സമരം രൂക്ഷമാക്കിയത്. ബി.ജെ.പി സര്‍ക്കാര്‍ സ്തംഭിച്ചു നില്‍ക്കുന്നതും അതിനാലാണ്. എന്‍.പി.ആറില്‍ ചര്‍ച്ച നടക്കുന്നെന്നു പറയുന്നതുകൊണ്ടൊന്നും ഈ സമരം അവസാനിക്കാന്‍ പോകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."