കാസര്‍കോട് ദക്ഷിണേന്ത്യയുടെ 'ബാംബൂ കാപിറ്റലാ'കും
കാസര്‍കോട്: വരണ്ടുണങ്ങിയ ചെങ്കല്‍ ഭൂമികളെ ഹരിതാഭമാക്കി ദക്ഷിണേന്ത്യയുടെ 'ബാംബൂ കാപിറ്റലാ'വാന്‍ കാസര്‍കോടൊരുങ്ങുന്നു. വിപുലമായ പദ്ധതിയിലൂടെ കാസര്‍കോടിനെ ദക്ഷിണേന്ത്യയിലെ പ്രധാന 'ബാംബൂ ഹബാ'യി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബുവിന്റെ പ്രത്യേക താല്‍പര്യപ്രകാരം ആവിഷ്‌കരിച്ച പദ്ധതി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഈ പ്രദേശങ്ങളില്‍ മൂന്നുലക്ഷം തൈകള്‍ ഒറ്റ ദിവസം കൊണ്ട് നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിക്കും. പദ്ധതിക്ക് വേണ്ടി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം 60,000 മുളതൈകള്‍ പഞ്ചായത്തുകള്‍ക്ക് കൈമാറും. കൂടാതെ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ ലഭ്യമാക്കുന്ന വിത്തുകളുപയോഗിച്ച് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓരോ വാര്‍ഡിലും നഴ്‌സറികള്‍ സ്ഥാപിച്ച് ബാക്കി ആവശ്യമുള്ള 2,40,000 മുളതൈകള്‍ തയ്യാറാക്കും. വാര്‍ഡുകളില്‍ നിന്നു തിരഞ്ഞെടുത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഴ്‌സറികള്‍ സ്ഥാപിക്കുന്നതിനുള്ള പരിശീലനം രണ്ടുദിവസങ്ങളലായി നല്‍കി. ഏപ്രില്‍ മാസത്തില്‍ 13 പഞ്ചായത്തുകളിലായി 2ഃ2ഃ2 അടി അളവിലുള്ള മൂന്നു ലക്ഷം കുഴികളാണ് തയാറാക്കുന്നത്. ജൂണ്‍ അഞ്ചിന് മുളത്തൈകള്‍ നട്ടു പിടിപ്പിക്കും. തുടര്‍ന്ന് മൂന്ന് മാസം കൃത്യമായ പരിചരണം തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പാക്കും. പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായവും നിര്‍ദേശങ്ങളും കൃഷി വകുപ്പ് മുഖേന ലഭ്യമാക്കും. മുളകൃഷിക്കാവശ്യമായ ജൈവവളം, ജൈവ മാലിന്യ ശേഖരണത്തിലൂടെ ശുചിത്വ മിഷന്റെ കീഴിലുള്ള ഹരിത കര്‍മസേനയായിരിക്കും സംഘടിപ്പിക്കുന്നത്. പഞ്ചായത്തുകളില്‍ ഇതിനാവശ്യമായ കമ്പോസ്റ്റിങ്ങ് സംവിധാനം ഏര്‍പ്പെടുത്തും.
ജലത്തെ തടഞ്ഞു നിര്‍ത്തി മണ്ണിലേക്ക് ഇറക്കി വിടാന്‍ സഹായിക്കുന്ന പ്രധാന സസ്യമാണ് മുള. കാതല്‍ കൂടുതലുള്ളതും ഇന്ത്യയില്‍ പൊതുവെ കാണപ്പെടുന്നതുമായ 'കല്ലന്‍ മുള'യാണ് പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്നത്. മൂന്നു ലക്ഷം മുളകള്‍ ഏകദേശം 66 ലക്ഷം കിലോഗ്രാം ജൈവാംശം ഒരു വര്‍ഷം മണ്ണില്‍ നിക്ഷേപിക്കും. ഇത് ചെങ്കല്‍മണ്ണിനെ ഫലഭൂയിഷ്ടിയുള്ള മണ്ണാക്കി മാറ്റും. ഇപ്രകാരം ഏകദേശം 37,500 ഏക്കറില്‍ പുതുതായി കൃഷി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിളവെടുക്കുന്ന മുളകള്‍ സംസ്‌കരിച്ച് വിവിധങ്ങളായ ഉല്‍പന്നങ്ങളുണ്ടാക്കാനായി ജില്ലയില്‍ ചെറുകിടവന്‍കിട സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി.കെ ദിലീപ് പറഞ്ഞു.
ഫര്‍ണീച്ചറുകള്‍, കരകൗശല വസ്തുക്കള്‍, നിലം പാകുന്നതിനുള്ള ടൈലുകള്‍, കര്‍ട്ടനുകള്‍ എന്നിങ്ങനെ നിരവധി ഉല്‍പന്നങ്ങളാണ് മുള ഉപയോഗിച്ച് നിര്‍മിക്കാന്‍ സാധിക്കുന്നത്. ഇതിനായി സര്‍ക്കാര്‍-സ്വകാര്യ സംരംഭങ്ങളാരംഭിക്കും. കൂടാതെ നദികളേറെയുണ്ടായിട്ടും വേനലാരംഭത്തില്‍ തന്നെ രൂക്ഷമാവുന്ന കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും പദ്ധതിയിലൂടെ സാധിക്കും.
സ്വകാര്യ വ്യക്തികള്‍ക്കും പങ്കാളിയാകാം
കാസര്‍കോട്: ജില്ലയുടെ സാമ്പത്തിക മേഖലയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ പോകുന്ന 'ബാംബൂ കാപിറ്റല്‍ പദ്ധതി'യില്‍ സ്വകാര്യ വ്യക്തികള്‍ക്കും പങ്കാളിയാകാം. അവരവരുടെ ഒഴിഞ്ഞ പറമ്പുകള്‍ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് കാണിച്ചു കൊടുത്താല്‍ മാത്രം മതി. ബാക്കി കാര്യം തൊഴിലുറപ്പ് തൊഴിലാളികള്‍ നോക്കിക്കോളും. മുളകള്‍ക്കു വേണ്ട കുഴികള്‍ നിര്‍മിക്കുന്നത് മുതല്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നതും പിന്നീട് മൂന്ന് മാസത്തോളമുള്ള പരിപാലനവും തൊഴിലുറപ്പു തൊഴിലാളികള്‍ സൗജന്യമായി ചെയ്തു തരും. ഇതില്‍ നിന്നു ലഭിക്കുന്ന മുള, സ്ഥലം വിട്ടു നല്‍കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്ക് തന്നെ വാണിജ്യാവശ്യത്തിന് എടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."