പരാതി തേടി പൊലിസിന്റെ ഷെല്‍ട്ടര്‍ വാഹനം ഇനി പടിവാതില്‍ക്കല്‍
തിരുവനന്തപുരം: പരാതി നല്‍കാന്‍ ഇനി സ്ത്രീകള്‍ക്ക് പൊലിസ് സ്റ്റേഷനിലേക്കു പോകേണ്ടതില്ല. വിവിധ കാരണങ്ങള്‍ കൊണ്ട് പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ കഴിയാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി വീടിനു സമീപമെത്തുന്ന പൊലിസിന്റെ ഷെല്‍ട്ടര്‍ വാഹനങ്ങളില്‍ പരാതി നല്‍കാം.
പരസഹായമില്ലാതെ യാത്രചെയ്യാന്‍ കഴിയാത്തവര്‍, അസുഖബാധിതര്‍, വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്ത ജീവിതസാഹചര്യമുളളവര്‍, കുട്ടികള്‍ എന്നിവര്‍ക്കു വേണ്ടിയാണ് പൊലിസിന്റെ പുതിയ പദ്ധതി. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ ഒരു വനിതാ പൊലിസ് ഓഫിസറും രണ്ടു വനിതാ പൊലിസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആഴ്ചയില്‍ ആറു ദിവസം തിരഞ്ഞെടുത്ത സ്ഥലങ്ങളിലെത്തി പരാതി സ്വീകരിക്കും.
2020 സ്ത്രീസുരക്ഷാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള പൊലിസ് നടപ്പിലാക്കിയ ഈ പദ്ധതി വനിതാ ദിനത്തില്‍ കോഴിക്കോട് സിറ്റിയില്‍ നിലവില്‍ വന്നു. ഷെല്‍ട്ടര്‍ വാഹനത്തിനായി 9497923380 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്. ഷെല്‍ട്ടര്‍ ടീം എത്തുന്ന സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങളും ഫോണ്‍ നമ്പരും അതതു ദിവസങ്ങളില്‍ പത്ര, ശ്രാവ്യ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കും. കോഴിക്കോട് സിറ്റിയിലെ വിവിധ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സംഘം മുന്‍കൂട്ടി അറിയിച്ച ശേഷം ഒരു മണിക്കൂര്‍ വീതം ക്യാംപ് ചെയ്താണ് പരാതി സ്വീകരിക്കുന്നത്. രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചു വരെ പരമാവധി സ്ഥലങ്ങളിലെത്തി പരാതി സ്വീകരിക്കും.
നിലവില്‍ നടക്കാവ്, എലത്തൂര്‍, വെള്ളയില്‍ എന്നീ പോലിസ് സ്റ്റേഷനുകളുടെ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്ന് 11 പരാതികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ സ്വീകരിക്കുന്ന പരാതികള്‍ ജില്ലാ പൊലിസ് മേധാവിക്കു നല്‍കി ആവശ്യമായ നടപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. സ്വീകരിച്ച നടപടിയുടെ വിവരങ്ങള്‍ പരാതിക്കാരെ ഫോണില്‍ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."