സിയാദിന്റെ മരണം: സി.പി.എം നേതാക്കള്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ്
കാക്കനാട്: സി.പി.എം നേതാവും അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സിയാദിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്.
തന്റെ ആത്മഹത്യയ്ക്ക് കാരണം സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈന്, ലോക്കല്‍ സെക്രട്ടറിയും ബാങ്കിന്റെ പ്രസിഡന്റുമായ കെ.എ ജയചന്ദ്രന്, ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാര്‍ തുടങ്ങിയവരാണെന്നാണ് സിയാദ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. സിയാദിന്റെ വാഹനത്തില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. ആത്മഹത്യാകുറിപ്പ് സിയാദിന്റെ സഹോദരന് തൃക്കാക്കര പൊലിസിന് കൈമാറി.
പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണം നേരിടുന്ന സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റിനും ഏരിയ സെക്രട്ടറിക്കുമെതിരേ സിയാദ് പരസ്യ നിലപാട് സ്വീകരിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചതെന്നാണ് സൂചന. പ്രളയദുരിതാശ്വാസ തട്ടിപ്പില്‍പ്പെട്ട ബാങ്കിന്റെ ഭരണസമിതി അംഗമായിരുന്ന സിയാദ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലമാണ് സിയാദ് ആത്മഹത്യ ചെയ്തതെന്നാണ് സി.പി.എം നേതാക്കളുടെ പ്രചാരണം.
കഴിഞ്ഞ ശനിയാഴ്ച ബാങ്ക് ഹാളില്‍ കൂടിയ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണ സമിതിയിലെ സി.പി.എം നേതാക്കള്‍ക്കെതിരേ സിയാദ് പരസ്യമായി പ്രതികരിച്ചത് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഫണ്ട് വെട്ടിപ്പിനെതിരേ പാര്‍ട്ടി യോഗങ്ങളില്‍ പ്രതികരിച്ച സിയാദിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ നേതാക്കള്‍ സിയാദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് നോട്ടിസും നല്കി. ഇതില്‍ മനംനൊന്താണ് സിയാദ് ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാകുറിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."