അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ യുവാവിന് ദേഹാസ്വാസ്ഥ്യം
തിരൂര്‍: പെട്രോള്‍ സാന്നിധ്യമുള്ള കിണര്‍ നന്നാക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ കിണറില്‍ കുടുങ്ങിയപ്പോള്‍ രക്ഷക്കെത്തിയ യുവാവ് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയില്‍.
പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിലെ മംഗലശ്ശേരി കുഞ്ഞഹമ്മദിന്റെ മകന്‍ നിസാമുദ്ദീന്‍ (23) ആണ് ചികിത്സയില്‍ കഴിയുന്നത്.
തിരൂര്‍ പയ്യനങ്ങാടിയിലെ സ്വകാര്യ പെട്രോള്‍ പമ്പില്‍ നിന്നുള്ള പെട്രോള്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരിസരത്തെ കിണറുകളും ജലസ്രോതസുകളും നേരത്തെ മലിനീകരിക്കപ്പെട്ടിരുന്നു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പ് പൂട്ടികിടക്കുകയുമാണ്.
ഈ പ്രദേശത്തെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ പ്രാണവായു ലഭിക്കാതെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പരവശരായത്. നിസഹായരായി വീട്ടുകാര്‍ നോക്കി നില്‍ക്കുന്നതിനിടെയാണ് യാത്രക്കിടെ സംഭവം അറിഞ്ഞ നിസാമുദ്ദീന്‍ തൊഴിലാളികളെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയത്.
സമീപത്തെ വര്‍ക്ക് ഷോപ്പില്‍ തന്റെ കാര്‍ സര്‍വിസ് ചെയ്യാന്‍ വന്നതായിരുന്നു നിസാമുദ്ദീന്‍. കിണറ്റില്‍ ഇറങ്ങി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കയര്‍ നല്‍കി വലിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ നിസാമിനും ശ്വാസം മുട്ടുകയായിരുന്നു.
അന്യ സംസ്ഥാന തൊഴിലാളികളെ ഓടിക്കൂടിയവര്‍ കിണറിന് പുറത്തെത്തിച്ചപ്പോഴേക്കും നിസാം ഗുരുതരാവസ്ഥയിലായിരുന്നു.
ഉടന്‍ തന്നെ നിസാമുദ്ദീനെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഇപ്പോള്‍ വീട്ടില്‍ ചികിത്സയിലും വിശ്രമത്തിലുമാണ്. കഴിഞ്ഞ ഞായറാഴ്ച പകല്‍ 11.30 ഓടെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."