വിദേശത്തുനിന്നെത്തുന്നവരുടെ വിവരങ്ങള്‍ തേടി തദ്ദേശ സ്ഥാപനങ്ങള്‍
കൊണ്ടോട്ടി: കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് വിദേശത്തുനിന്നെത്തുന്ന ഓരോരുത്തരുടേയും വിവരങ്ങളും കണക്കുകളും ആശവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിക്കുന്നു.
കൊവിഡ് പിടിപെട്ടതും അല്ലാത്തതുമായി വിദേശത്തുനിന്നെത്തിയ മുഴുവന്‍ പേരുടേയും വിവരങ്ങളാണ് തയാറാക്കുന്നത്.കഴിഞ്ഞ മാസം മുതലാണ് കൊവിഡ് ഭീതി പടര്‍ന്നു തുടങ്ങിയത്. അന്നുമുതല്‍ വിദേശത്ത് നിന്നെത്തിയവരെക്കുറിച്ചാണ് വിവരങ്ങള്‍ ആരായുന്നത്. കെവിഡ് പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്നടക്കം മടങ്ങിയെത്തുന്ന പ്രവാസികള്‍ രോഗം മറച്ചുവച്ച് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്നതിന്റെ പാശ്ചാത്തലത്തിലാണ് തദ്ദേശ സ്ഥാപനങ്ങളോട് വിദേശത്തു നിന്നെത്തുന്നവരുടെ വിവരങ്ങളും കണക്കുകളും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും ഒന്നിലധികം ആശാ വര്‍ക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുത്തിവയ്പ്പ്,തുളളിമരുന്ന് തുടങ്ങിയ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് ആശവര്‍ക്കര്‍മാരുളളത്.ഇവര്‍ക്ക് ഓരോ മേഖലയിലേയും വീടുകള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങളുണ്ടാകും.അതിനാല്‍ തന്നെ വിദേശത്തുനിന്നെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും എളുപ്പമാകും.
വിദേശത്ത് നിന്നെത്തുന്ന പ്രാവസികളില്‍ സംശയമുളളവരെയാണ് വിമാനത്താവളത്തില്‍ കാര്യമായ പരിശോധനക്ക് വിധേയമാക്കുന്നത്.എന്നാല്‍ ഇതിന് ശേഷം നിരവധി പേര്‍ ചികില്‍സ തേടുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് വിദേശത്ത് നിന്നെത്തുന്നവരുടെ കൃത്യമായ കണക്കുകളെടുക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."