കോളയാട് പഞ്ചായത്തില്‍ മാലിന്യത്തില്‍ നിന്ന് വരുമാനം പദ്ധതി
കണ്ണൂര്‍: ഉപയോഗശേഷം റോഡരികിലും മറ്റും അലക്ഷ്യമായി നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ മികച്ച വരുമാന സ്രേതസ്സായി മാറ്റുകയാണ് കോളയാട് പഞ്ചായത്ത്. ബോട്ടില്‍ ബൂത്തുകള്‍ വഴി ഉപയോഗശൂന്യമായ ബോട്ടിലുകള്‍ ശേഖരിച്ച് വില്‍പന നടത്തിയാണു നല്ലൊരു വരുമാന മാര്‍ഗം കണ്ടെത്തുന്നത്.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാം എന്നതിന്റെ മികച്ച മാതൃക കൂടിയാണിത്.
ഒരു സ്‌ക്വയര്‍ മീറ്ററിലുള്ള ബോട്ടില്‍ ബൂത്തുകളാണു പഞ്ചായത്തില്‍ ബോട്ടിലുകള്‍ ശേഖരിക്കുന്നതിനായി നിര്‍മിച്ചത്. 14 വാര്‍ഡുകളിലായി 25 കേന്ദ്രങ്ങളില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ആറു ബൂത്തുകളില്‍ നിന്നു മാത്രം ലഭിച്ച ബോട്ടിലുകള്‍ വില്‍പന നടത്തിയതില്‍ നിന്നു 10,000 രൂപയാണു പഞ്ചായത്തിനു ലഭിച്ചത്.
ബാക്കിയുള്ള 19 ബൂത്തുകള്‍ കൂടി തുറക്കുന്നതോടെ മികച്ച വരുമാനം പദ്ധതിയിലൂടെ ലഭിക്കും. ഈ തുക ഹരിത കര്‍മസേനയ്ക്കു വേതനം നല്‍കുന്നതിന് ഉപയോഗിക്കാനാണു പഞ്ചായത്തിന്റെ തീരുമാനം. ഒരു കിലോ ബോട്ടിലിന് 20 രൂപ വീതമാണു പഞ്ചായത്തിനു ലഭിച്ചത്.
കഴിഞ്ഞവര്‍ഷമാണു പഞ്ചായത്തില്‍ പദ്ധതിക്കു തുടക്കമിട്ടത്. ആരംഭിച്ച് ഒരുവര്‍ഷത്തിനകം തന്നെ ബൂത്തുകളെല്ലാം നിറഞ്ഞു. പഞ്ചായത്തിലെ റോഡുകളും പുഴകളും തോടുകളുമടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കൂടി വന്നപ്പോഴാണു ബോട്ടില്‍ ബൂത്ത് എന്ന ആശയം നടപ്പാക്കാന്‍ തീരുമാനിച്ചതെന്നു പ്രസിഡന്റ് കെ.പി സുരേഷ്‌കുമാര്‍ പറഞ്ഞു.
മാലിന്യ നിര്‍മാര്‍ജനത്തിനായി മാലിന്യമില്ലാത്ത മംഗല്യമാണു പഞ്ചായത്തില്‍ നടപ്പാക്കുന്ന മറ്റൊരു പദ്ധതി. വിവാഹത്തിനും മറ്റ് ആഘോഷ പരിപാടികളിലും ഡിസ്‌പോസബിള്‍ ഉല്‍പന്നങ്ങള്‍ ഒഴിവാക്കി സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതാണു പദ്ധതി. ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച് നടത്തുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കില്ലെന്ന നിലപാടും പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."